വാഷിംഗ്ടൺ: ഇനി മണിക്കൂറുകൾ മാത്രം. സമാധാന നോബൽ ആർക്കാണെന്നറിയാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ലോകം. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമാധാന നോബൽ തനിക്ക് വേണമെന്ന് പരസ്യമായി നിരവധി തവണ പറഞ്ഞു കഴിഞ്ഞു.
ട്രംപിന്റെ സമാധാന പദ്ധതി ഹമാസും ഇസ്രയേലും അംഗീകരിച്ചതോടെ ട്രംപിന് സാദ്ധ്യത കാണുന്നുണ്ടെന്നും റിപ്പോർട്ടുകൾ വരുന്നു. 'ദ പീസ് പ്രസിഡന്റ്' എന്ന അടിക്കുറിപ്പോടെ ട്രംപിന്റെ ചിത്രം വൈറ്റ്‌ഹൗസ് സമൂഹ മാദ്ധ്യമത്തിൽ പങ്കിട്ടു. ട്രംപിനെ നോബൽ ജേതാവായി പരോക്ഷമായി അവതരിപ്പിക്കുന്ന പോസ്റ്റാണിത്.
ഏഴോളം യുദ്ധങ്ങൾ അവസാനിപ്പിച്ചെന്നാണ് ട്രംപിന്റെ വാദം. തനിക്ക് അല്ലെങ്കിൽ ആർക്കാണ് നോബൽ ലഭിക്കുകയെന്ന് ട്രംപ് ആവർത്തിക്കുന്നു. പാകിസ്ഥാൻ, തുർക്കി, അസർബൈജാൻ, അർമേനിയ, റുവാണ്ട തുടങ്ങിയ രാജ്യങ്ങൾ ട്രംപിനെ നോബലിനായി നാമനിർദ്ദേശം ചെയ്തിട്ടുണ്ട്.
നോബലിന് ശുപാർശ ചെയ്യണമെന്ന ട്രംപിന്റെ ആവശ്യം പ്രധാനമന്ത്രി നരേന്ദ്ര മോദി തള്ളിയതാണ് ഇന്ത്യയ്ക്കുമേൽ അധികതീരുവ ചുമത്താനുള്ള കാരണങ്ങളിലൊന്ന് എന്ന് പറയപ്പെടുന്നു. ഇന്ത്യ -പാക് സംഘർഷം അവസാനിപ്പിച്ചത് തന്റെ മദ്ധ്യസ്ഥതയിലാണെന്ന് ട്രംപ് പലതവണ അവകാശപ്പെടുകയും ഇന്ത്യ അത് തള്ളുകയും ചെയ്തു.
തിയഡോർ റൂസ്‌വെൽറ്റ് (1906), വുഡ്രൊ വിൽസൺ (1919), ജിമ്മി കാർട്ടർ (2002), ബറാക് ഒബാമ (2009) എന്നിവരാണ് സമാധാന നോബേൽ നേടിയിട്ടുള്ള യു.എസ് പ്രസിഡന്റുമാർ. അതേ സമയം, ട്രംപിന് ഇത്തവണ സമാധാന നോബൽ കിട്ടാനുള്ള സാദ്ധ്യത വിദൂരമാണെന്നും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ട്രംപിന്റെ നിലപാടുകളും യു.എൻ അടക്കം അന്താരാഷ്ട്ര ഏജൻസികളോടുള്ള താല്പര്യക്കുറവും രാജ്യങ്ങൾക്ക് മേൽ പ്രയോഗിക്കുന്ന സമ്മർദ്ദ തന്ത്രവും അദ്ദേഹത്തിന് എതിരായേക്കാം.
# 50 വർഷം രഹസ്യം
244 വ്യക്തികൾക്കും 94 സംഘടനകൾക്കുമാണ് ഇത്തവണ നാമനിർദ്ദേശമുള്ളത്. എന്നാൽ, നാമനിർദ്ദേശം ലഭിച്ചവരുടെ പേരുകൾ നോബൽ സമിതി പുറത്തുവിടില്ല. 50 വർഷം അവ രഹസ്യമായിരിക്കും. സ്വയം പ്രഖ്യാപിത നാമനിർദ്ദേശങ്ങളുടെയും അഭ്യൂഹങ്ങളുടെയും അടിസ്ഥാനത്തിലാണ് ട്രംപ് അടക്കമുള്ളവരുടെ പേര് ഉയരുന്നത്.
ഫ്രാൻസിസ് മാർപാപ്പ, ജയിലിൽ കഴിയുന്ന പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ, ടെസ്‌ലാ സ്ഥാപകനും ശതകോടീശ്വരനുമായ ഇലോൺ മസ്‌ക്, മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം, റഷ്യൻ മുൻ പ്രതിപക്ഷ നേതാവ് അലക്സി നവൽനിയുടെ ഭാര്യ യൂലിയ, യു.എൻ സെക്രട്ടറി ജനറൽ ആന്റണിയോ ഗുട്ടറെസ്, പാലസ്തീനികൾക്ക് വേണ്ടിയുള്ള യു.എൻ ഏജൻസി തുടങ്ങിയവരുടെ പേരും ഇത്തരത്തിൽ കേൾക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |