തിരുവനന്തപുരം: ശബരിമല ശ്രീകോവിലെ യോഗദണ്ഡും രുദ്രാക്ഷവും സ്വർണം കെട്ടാൻ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന്റെ മകനെ ഏൽപ്പിച്ചതിന്റെ മാനദണ്ഡം വ്യക്തമാക്കണമെന്ന് മുൻകേന്ദ്രമന്ത്രി വി.മുരളീധരൻ ആവശ്യപ്പെട്ടു. ശബരിമല ആരുടെയും കുടുംബ സ്വത്തല്ലെന്നും ദേവസ്വത്തിന്റെ മുതൽ വ്യക്തി താൽപര്യങ്ങൾക്കനുസരിച്ച് ഉപയോഗിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
പത്മകുമാർ പറയുന്ന, മോഷണത്തിന് കൂട്ടുനിന്ന ''ദൈവതുല്യനായ ''ഒരാൾ ആരാണെന്ന് മുരളീധരൻ ചോദിച്ചു. ഇത് കടകംപള്ളി സുരേന്ദ്രൻ ആണോ എന്ന് വ്യക്തമാക്കണം. ക്രിമിനൽ കേസ് എടുത്ത് അന്വേഷിക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്ന സാഹചര്യം ഗുരുതരമാണ്. കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിൽ മാത്രമേ മുഴുവൻ കാര്യങ്ങളും പുറത്തു വരുകയുള്ളു എന്നും വി.മുരളീധരൻ ആവർത്തിച്ചു.
അതേസമയം ശബരിമലയിലെ സ്വർണപ്പാളിയിൽ നിന്ന് 475 ഗ്രാമോളം സ്വർണം കാണാതായിട്ടുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. കേസെടുത്ത് അന്വേഷിക്കാനും കോടതി നിർദ്ദേശിച്ചു. വിജിലൻസ് കണ്ടെത്തലുകളിൽ നിഷ്‌പക്ഷ അന്വേഷണം വേണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. കേസിൽ സംസ്ഥാനപൊലീസ് മേധാവിയെ കക്ഷിചേർക്കുകയും ചെയ്തു. സ്വർണപ്പാളി വിവാദത്തെക്കുറിച്ച് അന്വേഷിച്ച ദേവസ്വം വിജിലൻസ് സമർപ്പിച്ച അന്തിമ റിപ്പോർട്ട് പരിഗണിച്ചശേഷമായിരുന്നു കോടതി നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |