
തിരുവനന്തപുരം: തന്ത്രി കണ്‌ഠരര് രാജീവരെ തെളിവിന്റെ കണികപോലുമില്ലാതെ 41 ദിവസം അകത്തിട്ടെന്ന് കോടതി വിമർശനം. സ്വർണപ്പാളികളിൽ നിന്ന് കവർന്ന സ്വർണം എവിടെയെന്ന് ഇതുവരെ കണ്ടെത്തിയിട്ടുമില്ല. എസ്.ഐ.ടി അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണെങ്കിലും മറ്റാരോ നിയന്ത്രിക്കുന്നെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലാണ് കാര്യങ്ങളുടെ പോക്ക്.
സ്വർണക്കൊള്ളയെക്കുറിച്ച് അറിവുണ്ടായിരുന്നെന്നും ഗൂഢാലോചനയിൽ പങ്കാളിയാണെന്നും ആരോപിച്ച് മകരവിളക്ക് സമയത്താണ് തന്ത്രിയെ അറസ്റ്റുചെയ്തത്. എന്നാൽ ശക്തമായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തിയാണ് കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്.
ബെല്ലാരിയിലെ ഗോവർദ്ധന്റെ ജൂവലറിയിൽ നിന്ന് 470ഗ്രാം സ്വർണം പിടിച്ചെടുത്തെങ്കിലും ഇത് ശബരിമലയിൽ നിന്ന് നഷ്ടമായതല്ല. സ്വർണം കണ്ടെത്താനായില്ലെങ്കിൽ കേസ് ദുർബലമാവും. തൊണ്ടിമുതൽ കിട്ടാതെ കവർച്ചക്കേസ് നിലനിൽക്കില്ല. പ്രതികളെല്ലാം രക്ഷപെടാം. എത്രത്തോളം സ്വർണം കവർന്നെന്നും കണ്ടെത്താനായിട്ടില്ല.
90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാൽ ആറുപ്രതികൾക്ക് സ്വാഭാവികജാമ്യം കിട്ടി. ബോർഡ് മുൻപ്രസിഡന്റ് എ.പത്മകുമാറിന് കട്ടിളപ്പാളിക്കേസിൽ ജാമ്യമായി. ദ്വാരപാലകക്കേസിൽ കൂടി ജാമ്യംകിട്ടുന്നതോടെ പുറത്തിറങ്ങാം.
ലഭ്യമായ തെളിവുകൾ ഉൾപ്പെടുത്തി പ്രാഥമികകുറ്റപത്രം നൽകാനും എസ്.ഐ.ടിക്കായിട്ടില്ല. രാഷ്ട്രീയപ്രമുഖർ കുടുങ്ങുമെന്നായതോടെ അന്വേഷണം ഉഴപ്പുകയാണെന്നാണ് ആക്ഷേപം.
വാദങ്ങൾ പൊളിഞ്ഞു
1 ശ്രീകോവിലിലെ കവർച്ചയ്ക്ക് കൂട്ടുനിന്നെന്നും കോടിക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നും തന്ത്രിയുടെ റിമാൻഡ് റിപ്പോർട്ടിലെഴുതിയെങ്കിലും തെളിവുകൾ കണ്ടെത്താനായില്ല
2 രാജീവര് തന്ത്രിയായിരിക്കെ, ഉണ്ണികൃഷ്ണൻപോറ്റി 2004മുതൽ 2008വരെ കീഴ്‌ശാന്തിയുടെ പരികർമ്മിയായിരുന്നു. ഉറ്റബന്ധമുള്ള ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുണ്ടെന്നും തെളിയിക്കാനായില്ല
3 സ്വർണക്കൊള്ളയ്ക്ക് മൗനാനുവാദം നൽകി ഗൂഢാലോചനയിൽ പങ്കാളിയായെന്ന് പറഞ്ഞായിരുന്നു അറസ്റ്റ്. എന്നാൽ മഹസറുകളിൽ തന്ത്രിയുടെ ഒപ്പില്ലാത്തത് ഗൂഢാലോചനാ വാദം പൊളിച്ചു
യുവതീപ്രവേശനത്തെ എതിർത്ത് ശബരിമല നട അടച്ചതിലും മറ്റു ക്ഷേത്രങ്ങളെപ്പോലെ ദിവസവും നടതുറക്കണമെന്ന നിർദ്ദേശം അംഗീകരിക്കാത്തതിലും എന്നോട് സർക്കാർ പ്രതികാരം ചെയ്തതാണ്
- തന്ത്രി കണ്‌ഠരര് രാജീവര്
പൂജകളും താന്ത്രിക ചടങ്ങുകളും മാത്രമാണ് തന്ത്രിയുടെ ചുമതല. അറ്റകുറ്റപ്പണിയും തിരുവാഭരണം സൂക്ഷിക്കലുമൊക്കെ ദേവസ്വം ബോർഡിന്റെ ചുമതലയാണ്
- വിജിലൻസ് കോടതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |