ന്യൂഡൽഹി: ശബരിമലയിലെ ദ്വാരപാലക വിഗ്രഹങ്ങളിലെ സ്വർണം കാണാതായതിൽ ഹൈക്കോടതിയുടെ അന്വേഷണത്തിനൊപ്പമാണ് സർക്കാരെന്നും കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും മുഖ്യമന്ത്രി പിണറായ വിജയൻ.
ദേവസ്വം ബോർഡിന് വീഴ്‌ചയുണ്ടോ എന്നത് ഇപ്പോൾ പറയാനാകില്ല. അന്വേഷണം നടക്കുകയാണ്. നിലവിൽ ബോർഡിനെതിരെ ആരോപണമില്ല.
എൽ.ഡി.എഫ് സർക്കാർ നടത്തിയ അയ്യപ്പ സംഗമം തകർക്കാൻ ലക്ഷ്യമിട്ടുള്ള രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതായും മുഖ്യമന്ത്രി ഡൽഹിയിൽ പറഞ്ഞു.
ഹൈക്കോടതി നിശ്ചയിച്ച പ്രത്യേക അന്വേഷണ സംഘം അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുറ്റവാളികൾക്കെതിരെ നടപടിയെടുക്കണമെന്ന കാര്യത്തിൽ സർക്കാരിനും കോടതിക്കും ഒരേ കാഴ്‌ചപ്പാടാണ്.
ചിലത് കാണാനില്ലെന്ന ഉണ്ണികൃഷ്‌ണൻ പോറ്റിയുടെ വെളിപ്പെടുത്തലോടെയാണ് ആരോപണം ശ്രദ്ധയിൽപ്പെടുന്നത്. പീഠം നഷ്ടപ്പെട്ടതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. ക്ഷേത്രവുമായി ബന്ധമുള്ള ആളാണ് പോറ്റി. പീഠം പോറ്റിയുടെ ബന്ധുവിന്റെ വീട്ടിൽ കണ്ടെത്തിയതോടെ ഗൂഢാലോചന പുറത്തുവന്നു. അന്വേഷണം കഴിയുമ്പോൾ ഗൂഢാലോചനയിൽ പുറത്തുനിന്നുള്ളവർ അടക്കം ആരൊക്കെ ഉൾപ്പെട്ടെന്ന് അറിയാനാകും. ഉണ്ണികൃഷ്‌ണൻ പോറ്റിയെപ്പോലുള്ള ചില അവതാരങ്ങൾ ക്ഷേത്രങ്ങളിൽ പതിവാണെന്നും അവർക്കെതിരെ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി
പറഞ്ഞു.
ശ്രദ്ധ തിരിക്കാനാണ് സിനിമാ താരങ്ങൾക്കെതിരായ ഇ.ഡി അന്വേഷണമെന്ന് പറഞ്ഞ കേന്ദ്ര മന്ത്രി സുരേഷ് ഗോപി ശബരിമല വിഷയത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട ആളാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കോൺഗ്രസുമായുള്ള ഒത്തുകളിയുടെ ഭാഗമാണ് മലക്കം മറിച്ചിലെന്നും അദ്ദേഹം ആരോപിച്ചു. അയ്യപ്പ ബദൽ സംഗമത്തിന് ശ്രമിച്ചവരുടെ പങ്ക് പുറത്തു വരേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |