കൊച്ചി: മകൾ അഭിഭാഷകയായി എൻറോൾ ചെയ്യുന്നതിന് സാക്ഷിയാകാൻ തടവുകാരനായ പിതാവ് പരോളിൽ ഇറങ്ങി. വധശ്രമക്കേസിൽ ശിക്ഷിക്കപ്പെട്ട് തവനൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഹാജ്യറപ്പള്ളി കുന്നത്തൊടി അബ്ദുൾ മുനീറി(50)നാണ് ഹൈക്കോടതി നിർദ്ദേശപ്രകാരം 5 ദിവസത്തെ അടിയന്തര പരോൾ ലഭിച്ചത്.
ബാർ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഇന്നും നാളെയുമായി ഹൈക്കോടതി ഓഡിറ്റോറിയത്തിലാണ് എൻറോൾമെന്റ് ചടങ്ങ്. ഇതിലേക്കാണ് മുനീറിന്റെ മകൾ ഫാത്തിമ ഹെംന അപേക്ഷിച്ചിരിക്കുന്നത്. കണ്ണൂർ സർവകലാശാല സ്കൂൾ ഒഫ് ലീഗൽ സ്റ്റഡീസിലായിരുന്നു നിയമപഠനം.
അടിയന്തര പരോൾ അനുവദിക്കാൻ തക്ക കാരണമല്ലെന്ന് വിലയിരുത്തിയെങ്കിലും മകളുടെ ഭാഗത്തു നിന്ന് ചിന്തിച്ചാണ് മുനീറിന്റെ ഹർജി അനുവദിക്കുന്നതെന്ന് പരോൾ ഉത്തരവിൽ ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. അഭിഭാഷകയാവുകയെന്ന സ്വപ്നത്തിന് പിതാവ് സാക്ഷിയാകണമെന്ന് മകൾ അതിയായി ആഗ്രഹിക്കുന്നുണ്ടാവുമെന്ന് വ്യക്തമാക്കിയായിരുന്നു ഉത്തരവ്.
ഇന്നലെ മുതലാണ് മുനീറിന് കോടതി പരോൾ അനുവദിച്ചിട്ടുള്ളത്. സാധാരണക്കാരായതിനാൽ പരോളിന് കെട്ടിവയ്ക്കേണ്ട ഒരു ലക്ഷം രൂപ കണ്ടെത്താനും രണ്ട് ജാമ്യക്കാരെ തേടിപ്പിടിക്കാനും കുടുംബത്തിന് കുറച്ച് അലയേണ്ടിവന്നു. തുടർന്നാണ് മുനീർ പരോളിൽ ഇറങ്ങിയത്. 14ന് ജയിലിൽ തിരിച്ചെത്തുകയും വേണം.
കേസ് ഇങ്ങനെ
2001 ജനുവരി 16ന് മഞ്ചേരി ടൗണിൽ പാണ്ടിക്കാട് റോഡിലെ മാർജിൻഫ്രീ മാർക്കറ്റിൽ വച്ച് സി.ഐ.ടി.യു നേതാവ് ഷംസു പുന്നക്കലിനെ വധിക്കാൻ ശ്രമിച്ച കേസിലാണ് എൻ.ഡി.എഫ് പ്രവർത്തകനായിരുന്ന അബ്‌ദുൾ മുനീർ മറ്റ് മൂന്ന് പേർക്കൊപ്പം ശിക്ഷിക്കപ്പെട്ടത്. ആറു വർഷം തടവിന് ശിക്ഷിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ഒരു മാസം തടവുശിക്ഷയായി ഇളവു ചെയ്തെങ്കിലും, സർക്കാരിന്റെ അപ്പീലിൽ സുപ്രീം കോടതി ശിക്ഷ പുനഃസ്ഥാപിക്കുകയായിരുന്നു. സംഭവം നടന്ന് 24 വർഷത്തിന് ശേഷമാണ് സുപ്രീം കോടതി ഉത്തരവ്
വന്നത്. ദേഹമാസകലം വെട്ടേറ്റ ഷംസു മാസങ്ങൾ നീണ്ട ചികിത്സയ്ക്ക് ശേഷം പൊതു ജീവിതത്തിലേക്ക് തിരികെ വന്നിരുന്നു. എന്നാൽ അപ്പീൽ പരിഗണനയിലിരിക്കേ 2020ൽ ഹൃദയാഘാതം കാരണം മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |