ആലപ്പുഴ : കുടുംബശ്രീയിൽ പുരുഷന്മാർക്കും അംഗത്വം നൽകാനായി നിയമാവലിയിൽ ഭേദഗതി വരുത്തി സംസ്ഥാന കുടുംബശ്രീ മിഷൻ. പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുമ്പോൾ അതിൽ 40 ശതമാനം പുരുഷന്മാരെയും ഉൾപ്പെടുത്താം. അവശത അനുഭവിക്കുന്ന വിഭാഗങ്ങളായ ഭിന്നശേഷിക്കാർ, മാനസിക വെല്ലുവിളി നേരിടുന്നവർ, എയ്ഡ്‌സ് രോഗികൾ, ട്രാൻസ്‌ജെൻഡർ, വയോജനങ്ങൾ തുടങ്ങിയവർക്കായാണ് പ്രത്യേക അയൽക്കൂട്ടങ്ങൾ രൂപീകരിക്കുന്നത്. ഇത്തരത്തിൽ ഒന്നിൽക്കൂടുതൽ സംഘങ്ങളുണ്ടെങ്കിൽ പ്രത്യേക എ.ഡി.എസും രൂപീകരിക്കും. ഇതുസംബന്ധിച്ചുള്ള കുടുംബശ്രീ കമ്മ്യൂണിറ്റി ഡെവല്പമെന്റ് സൊസൈറ്റിയുടെ (സി.ഡി.എസ്) ബൈലോ ഭേദദതി ചെയ്ത് തദ്ദേശ വകുപ്പ് ഉത്തരവിറക്കി.
ദാരിദ്ര്യനിർമാർജ്ജന പദ്ധതിയായാണ് കുടുംബശ്രീ ആരംഭിച്ചത്. ദരിദ്രകുടുംബത്തിൽ നിന്നുള്ളവരാണ് ഭൂരിഭാഗം അംഗങ്ങളും.
അയൽക്കൂട്ടങ്ങളിൽ എസ്.സി/എസ്.ടി, തീരദേശ മേഖലയിലെ കുടുംബങ്ങളെ നിർബന്ധമായി ചേർക്കണം. അയൽക്കൂട്ട അംഗമല്ലാത്ത 10 മുതൽ 20 പേരടങ്ങളുന്ന യുവതികളുടെ കൂട്ടായ്മയായ ഓക്‌സിലറി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളും നിയമാവലിയിൽ ഉൾപ്പെടുത്തി.അംഗങ്ങളിൽ മാനസികോല്ലാസം ഉറപ്പുവരുത്തുന്നതിനൊപ്പം സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കാനുള്ള ഇടമാക്കി കുടുംബശ്രീയെ മാറ്റുക, വൈജ്ഞാനിക സമ്പദ് ഘടന പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ദൗത്യങ്ങൾ. കുടുംബശ്രീ വിലയിരുത്തൽ സമിതിയെ സി.ഡി.എസ് സംയോജന വികസന സമിതി എന്ന് പുനർനാമകരണംചെയ്തു.
അംഗത്വം മാറ്റാനും അവസരം
അയൽക്കൂട്ടാംഗമായ ഒരു കുടുംബം മറ്റൊരു സ്ഥലത്തേക്ക് മാറുകയാണെങ്കിൽ പുതിയ സ്ഥലത്തെ 20ൽ താഴെ അംഗങ്ങളുള്ള അയൽക്കൂട്ടത്തിലേക്ക് അംഗത്വം മാറ്റി നൽകാം.
ഒരംഗത്തിന് തുടർച്ചയായി മൂന്നുതവണയിൽ കൂടുതൽ സി.ഡി.എസ് അംഗമായി തിരഞ്ഞെടുക്കപ്പെടുന്നതിന് അർഹതയില്ല.
കുടുംബശ്രീ ത്രിതല സംഘടനാ ഭാരവാഹികൾ സേവന സന്നദ്ധരും ലാഭേച്ഛയില്ലാതെ പ്രവർത്തിക്കാൻ തയ്യാറുള്ളവരും യോഗങ്ങളിൽ കൃത്യമായി പങ്കെടുക്കുന്നവരുമായിരിക്കണം.
കുടുംബശ്രീ സംവിധാനത്തിൽനിന്നും പ്രതിമാസ ശമ്പളമോ ഓണറേറിയമോ കൈപ്പറ്റുന്നവർക്കും , ലിങ്കേജ് വായ്പ ഉള്ളവർക്കും മത്സരിക്കാൻ കഴിയില്ല.
സി.ഡി.എസ് ചെയർപേഴ്‌സൺമാർക്ക് ഓണറേറിയത്തോടെ ആറുമാസം പ്രസവാവധി അനുവദിക്കാം. പകരം ചുമതലയുള്ള വ്യക്തിക്ക് സി.ഡി.എസ് തനതു ഫണ്ടിൽ നിന്നും ഓണറേറിയം അനുവദിക്കും.
വാർഡ് അടിസ്ഥാനത്തിൽ പ്രവർത്തനം കാര്യക്ഷമമാക്കാൻ എ.ഡി.എസ് സംയോജന വികസന സമിതിയും സാമ്പത്തിക കാര്യങ്ങൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാൻ ഓഡിറ്റ് സമിതിയും രൂപീകരിക്കും
- സംസ്ഥാന കുടുംബശ്രീ മിഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |