കൊച്ചി: ദ്വാരപാലക ശില്പങ്ങളും ശബരിമല ശ്രീകോവിലിന്റെ കട്ടിളപ്പടിയിലെ പാളികളും 2019ൽ അറ്റകുറ്റപ്പണിക്ക് കൊണ്ടുപോയ ഉണ്ണികൃഷ്ണൻ പോറ്റി 474.9 ഗ്രാം സ്വർണം അപഹരിച്ചു. രണ്ട് ഇടപാടുകളിലും കേസെടുത്ത് അന്വേഷണം നടത്താൻ ഹൈക്കോടതി പ്രത്യേക സംഘത്തിന് (എസ്.ഐ.ടി) ഉത്തരവുനൽകി.
മോഷണവും ക്രമക്കേടും വിശ്വാസ വഞ്ചനയും നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് നിർദ്ദേശം. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്കും വീഴ്ചയുണ്ടെന്ന് കോടതി പറഞ്ഞു. ഇതോടെ, ഉദ്യോഗസ്ഥർ അടക്കം അറസ്റ്റിലാവുമെന്ന് ഉറപ്പായി.
ഉണ്ണികൃഷ്ണൻ പാേറ്റി മൂന്ന് ഗ്രാം സ്വർണം മുടക്കി 474.9 ഗ്രാം സ്വർണ്ണം തട്ടിയെടുത്തെന്ന സൂചനയാണ് ദേവസ്വം ചീഫ് വിജിലൻസ് ആൻഡ് സെക്യൂരിറ്റി ഓഫിസറും എസ്.പിയുമായ വി.സുനിൽകുമാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ നൽകിയിരിക്കുന്നത്.
ഇതിന് അരക്കോടിയിലധികം വിലമതിക്കും.
വാതിൽപ്പടികളിൽ നേരത്തേ ഉണ്ടായിരുന്നത് 409 ഗ്രാം സ്വർണമാണ്. ദ്വാരപാലകരിൽ 577 ഗ്രാമും ഉണ്ടായിരുന്നു. ആകെ സ്വർണം 989 ഗ്രാം. ദ്വാരപാലകരിൽ ഇപ്പോഴുള്ളത് 394.9 ഗ്രാമാണ്. വാതിൽപ്പടികളിൽ 184 ഗ്രാമും.
ആറാഴ്ചയ്‌ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകണം. തൽസ്ഥിതി റിപ്പോർട്ട് രണ്ടാഴ്ചകൂടുമ്പോൾ കോടതിയിൽ നൽകണം. അന്വേഷണം പൂർത്തിയാകുന്നതുവരെ പൊതുജനങ്ങൾക്കും മാദ്ധ്യമങ്ങൾക്കും വിവരം നൽകരുത്. ഹർജിയിൽ സംസ്ഥാന പൊലീസ് മേധാവിയെ കക്ഷിചേർത്തു.
ചെമ്പാക്കിയ മഹസറിൽ
തന്ത്രിയും ഒപ്പിട്ടു
ദ്വാരപാലക സ്വർണപ്പാളികൾ കൊണ്ടുപോയതിന് മാസങ്ങൾക്ക് മുമ്പായിരുന്നു വാതിൽപ്പടിയിലെ മോഷണം. ഈ പശ്ചാത്തലത്തിൽ ലിന്റലുകൾ സംബന്ധിച്ചും അന്വേഷിക്കാൻ കോടതി നിർദേശിച്ചു.
കട്ടിള സ്വർണവും ചെമ്പുപാളികൾ എന്ന് രേഖപ്പെടുത്തിയാണ് പോറ്റിക്ക് അനുമതി നൽകിയതെന്ന് വിജിലൻസ് റിപ്പോർട്ട് പ്രകാരം ജസ്റ്റിസ് വി. രാജ വിജയരാഘവൻ, ജസ്റ്റിസ് കെ.വി. ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ച് കണ്ടെത്തി. 2019 മേയ് 18ന് തയാറാക്കിയ മഹസറിൽ തന്ത്രി കണ്ഠരര് രാജീവര്, അന്നത്തെ മേൽശാന്തി വി.എൻ. വാസുദേവൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ബി. മുരാരി ബാബു തുടങ്ങിവർ ഒപ്പുവച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |