പേരാമ്പ്രയിൽ യു.ഡി.എഫ് - എൽ.ഡി.എഫ് പ്രകടനത്തെത്തുടർന്ന് പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ ഷാഫി പറമ്പിൽ എം.പിയുടെ മൂക്കിന് ഗുരുതര പരിക്കേറ്റതിൽ വെല്ലുവിളിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയുമെന്നാണ് രാഹുലിന്റെ പ്രതികരണം. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം പറഞ്ഞത്.
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
അയ്യപ്പന്റെ സ്വർണ്ണം കട്ടത്ത് മറക്കാനാണ് വിജയന്റെ പൊലീസും വിജയന്റെ പാർട്ടിക്കാരും ഈ ചോര വീഴ്ത്തിയതെങ്കിൽ, പേരാമ്പ്ര മാത്രമല്ല കേരളത്തിൽ തന്നെ വീഴും ഈ കമ്മ്യൂണിസ്റ്റ് സർക്കാർ. ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് ഈ നാട് മറുപടി പറയും. ഷാഫി പറമ്പിലിനെ രാത്രിയിൽ തന്നെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും എന്നാണ് കോഴിക്കോട് ആശുപത്രി അധികൃതർ അറിയിച്ചത്. നിങ്ങൾ ശബരിമലയിൽ നടത്തിയ സ്വർണ്ണ മോഷണം മറയ്ക്കാൻ നിങ്ങൾ പൊടിച്ച ഓരോ തുള്ളി ചോരയ്ക്കും നിങ്ങൾ മറുപടി പറയേണ്ടി വരും ശ്രീ വിജയൻ, പറയിപ്പിക്കും ഈ നാട്.
ലാത്തിച്ചാർജിൽ ഷാഫിയുടെ മൂക്കിലെ രണ്ട് എല്ലുകൾ തകർന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഷാഫിയ്‌ക്ക് ഇന്ന് ശസ്ത്രക്രിയ നടത്തുമെന്നാണ് വിവരം. ഡി.സി.സി പ്രസിഡന്റ് കെ. പ്രവീൺകുമാർ, കെ.എസ്.യു മുൻ സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്ത് എന്നിവരടക്കം 10 യു.ഡി.എഫ് പ്രവർത്തകർക്കും പരിക്കേറ്റിരുന്നു. സംഘർഷത്തിനിടെ ചില പൊലീസുകാർക്കും പരിക്കേറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |