കനകവതിയുടെ തിളക്കം രുക്മിണി വസന്തിന്റെ മുഖത്ത് പറ്റികിടക്കുന്നു.കാന്താരയുടെ ആദ്യ ഭാഗം തിയേറ്രറിൽ കാണുമ്പോൾ അതിന്റെ തുടർച്ചയായി എത്തുന്ന സിനിമയിൽ അഭിനയിക്കുമെന്ന് തെന്നിന്ത്യൻ നായിക രുക്മിണി വസന്ത് കരുതിയില്ല. ആദ്യ ചിത്രം ' ബിർബൽ ട്രൈലോജി"ക്കു പിന്നാലെ എത്തിയ ' സപ്ത സാഗരദാച്ചേ എല്ലോ" എന്ന സിനിമയിലൂടെ കന്നട വെള്ളിത്തിര രുക്മിണിയെ ശ്രദ്ധിച്ചു.പിന്നീട് തെലുങ്കിലും തമിഴിലും സിനിമകൾ. ഋഷഭ് ഷെട്ടി നായകനും സംവിധായകനുമായി എത്തിയ കാന്താര :എ ലെജൻഡ് ചാപ്ടർ - 1 ബോക്സോഫീസിൽ 500 കോടി പിന്നിടുമ്പോൾ കനകവതി എന്ന രാജകുമാരിയായി പ്രേക്ഷക മനം കീഴടക്കാൻ കഴിഞ്ഞതിന്റെ ആഹ്ളാദത്തിൽ രുക്മിണി വസന്ത് സംസാരിച്ചു.
അഭിനയ ജീവിതത്തിൽ കനകവതി എന്ന കഥാപാത്രത്തിന് എത്രമാത്രം പുതുമയും പ്രാധാന്യവുമുണ്ട് ?
പല കാരണം കൊണ്ട് കനകവതി വളരെ പ്രധാനപ്പെട്ടതാണ്. ഒരു പാൻഇന്ത്യൻ സിനിമയിലെ എന്റെ ആദ്യ അവസരം മാത്രമല്ല, കന്നട സിനിമാലോകത്ത് വളരെ ആഘോഷിക്കപ്പെട്ട ഫ്രാഞ്ചൈസിയിൽ നിന്ന് ഇത് വരുന്നു എന്നതാണ് ഏറ്റവും വലിയ സവിശേഷത. കന്നഡ സിനിമയിൽ നിന്നാണ് ഞാൻ വരുന്നത്. ഇത്രയും വലിയ ഒരു ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയെ പ്രതിനിധീകരിക്കാൻ കഴിയുന്നത് അഭിമാനകരമാണ്. കനകവതി ആകാൻ നടത്തിയ തയ്യാറെടുപ്പും ഏറെ പ്രാധാന്യം അർഹിക്കുന്നു. വളരെ വെല്ലുവിളി നിറഞ്ഞതും സമഗ്രവുമായ വേഷമാണിത്. അത് എന്നെ പല ദിശകളിലേക്കും നയിച്ചു. പ്രകടനത്തിന്റെയും ഭാവങ്ങളുടെയും കാര്യത്തിൽ മാത്രമല്ല, പുതിയ ശാരീരിക കഴിവുകൾ പഠിക്കുന്നതിലും എത്തിച്ചു. കുതിരസവാരി, വാൾപ്പയറ്റ്, ഫൈറ്റ് സീക്വൻസുകൾ എന്നിവയിൽ പരിശീലനം നേടി. അതിനുപുറമെ, ശരീരഭാഷയിലും സംഭാഷണ പ്രകടനത്തിലും വളരെയധികം പരിശ്രമം ആവശ്യമായി വന്നു. കർണാടകയിലെ കരാവലി മേഖലയിലെ വ്യത്യസ്തമായ ഭാഷയിലാണ് ഡയലോഗ്. അതിനാൽ അതിനോട് പൊരുത്തപ്പെടുക എന്നത് എന്റെ തയ്യാറെടുപ്പിന്റെ ഒരു നിർണായക ഭാഗമായിരുന്നു. മൊത്തത്തിൽ, ഇത് ശരിക്കും സന്തോഷകരമായ ഒരു അനുഭവമായിരുന്നു.ഏറെ വെല്ലുവിളികൾ ഉയർത്തുന്ന കഥാപാത്രമാണ് കനകവതി.
കാന്താരയ്ക്ക് മുമ്പും ശേഷവുമായി കരിയർ മാറും എന്ന് കരുതുന്നുണ്ടോ?
ഒരു അഭിനേത്രി എന്ന നിലയിൽ മാത്രമല്ല, വ്യക്തി എന്ന നിലയിലും കാന്താരയുടെ ഭാഗമായി മാറിയത് കരിയറിൽ വലിയ മാറ്രം വരുത്തും എന്ന് വിശ്വസിക്കുന്നു. കരിയറിനപ്പുറം പല വിധത്തിലും അത് എന്നെ രൂപപ്പെടുത്തി . സിനിമയോടുള്ള സമീപനം, പെർഫോമർ എന്ന നിലയിൽ എങ്ങനെ കാണുന്നു, കഥകൾ കേൾക്കുന്നതിൽ പോലും സ്വാധീനം ചെലുത്തി. തീർച്ചയായും, ഇത് പുതിയ അവസരങ്ങൾ തുറന്നു തരുന്നു. വ്യക്തിപരവും കലാപരവുമായ വലിയ മാറ്റം ആഴത്തിൽ സംഭവിച്ചു. അതിന്റെ വില തിരിച്ചറിയാൻ കഴിയുന്നുണ്ട്.
കരിയറായി സിനിമ തിരഞ്ഞെടുക്കാൻ ഉണ്ടായ തീരുമാനം ?
സ്കൂളിൽ ഭരതനാട്യത്തിലും ബാലെയിലും പങ്കെടുത്ത് തുടക്കം. നാടകത്തിലും അഭിനയിച്ചു .ആ സമയത്ത് നാടക റിഹേഴ്സൽ കൂട്ടുകാർക്ക് ബുദ്ധിമുട്ടിയായി തോന്നി. എന്നാൽ മാതാപിതാക്കൾക്കും അദ്ധ്യാപകർക്കും കൂട്ടുകാർക്കും മുന്നിൽ അവതരിപ്പിക്കുമ്പോൾ ലഭിക്കുന്ന സന്തോഷവും ആവേശവും എനിക്ക് വളരെ ഇഷ്ടപ്പെട്ടു.ആ സന്തോഷവും നാടകത്തിലെ പ്രകടനവും കൂടുതൽ ഗൗരവമായി പിന്തുടരാൻ ആഗ്രഹിക്കുന്ന ഒന്നാണെന്ന് തിരിച്ചറിഞ്ഞു. സ്കൂൾ പഠനം കഴിഞ്ഞ്, നാടകം ഒരു ജോലിയായി മാറ്റാൻ കഴിയുമോ എന്ന് ആലോചിച്ചു. യു.കെയിലെ റോയൽ അക്കാഡമി ഒഫ് ഡ്രമാറ്റിക് ആർട്സിൽ പ്രവേശം നേടാൻ ഭാഗ്യം ലഭിച്ചു. നാടക പ്രവർത്തക എന്ന നിലയിൽ പരിശീലനം ലഭിച്ചത് അവിടെ നിന്നാണ്. ഈ ജോലി തരുന്ന സന്തോഷം തിരിച്ചറിഞ്ഞു. മടങ്ങിയെത്തിയപ്പോൾ, സിനിമയിൽ അവസരങ്ങൾ അന്വേഷിക്കാൻ തുടങ്ങി . അവിടെ നിന്നാണ് ഈ യാത്രയുടെ ആരംഭം.
കാന്താര, ടോക്സിക്, ഡ്രാഗൺ. കരിയറിലെ ഏറ്റവും മികച്ച സമയം എന്ന് വിശേഷിപ്പിക്കാം അല്ലേ ?
കരിയറിലെ വളരെ സന്തോഷകരമായ ഘട്ടം. ഇത്രയും വൈവിദ്ധ്യമാർന്ന സിനിമയുടെ ഭാഗമാകാനും ഒപ്പം പ്രവർത്തിക്കുമെന്ന് ഒരിക്കൽ പോലും പ്രതീക്ഷിക്കാത്ത പ്രതിഭാധനരോടൊപ്പം സഹകരിക്കാനും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. അവരോടൊപ്പം സിനിമകളുടെ ഭാഗമായപ്പോൾ ഓരോ അനുഭവവും ആവേശം തന്നു. പുതിയ കാര്യങ്ങൾ പഠിക്കാനും വളരാനും സംഭാവന നൽകാനും അവസരം ഒരുക്കി.ഇപ്പോൾ നോക്കുമ്പോൾ സിനിമയിലെ എന്റെ ഏറ്റവും മികച്ച സമയം എന്ന് ഞാൻ പറയും. ഇനിയും വലുതും സംതൃപ്തി തരുന്നതുമായ അവസരങ്ങൾ മുന്നിലുണ്ടെന്ന് പ്രതീക്ഷിക്കുന്നു.
തമിഴിൽ അഭിനയച്ചപ്പോൾ ഭാഷ ബുദ്ധിമുട്ടായി തോന്നിയോ ?
അങ്ങനെ തോന്നിയില്ല. അഭിനയം എല്ലായിടത്തും ഒരേ പോലെ തന്നെയാണല്ലോ. കഥാപാത്രത്തിന്റെ വികാര വിചാരങ്ങളും. എന്നാൽ ഡയലോഗ് പറയുമ്പോൾ ബുദ്ധിമുട്ട് തോന്നി. കൂടുതൽ തയ്യാറെടുപ്പും പരിശീലനവും സമയവും ആവശ്യമായി വന്നു. അറിയാത്ത ഭാഷയിൽ സംസാരിക്കുന്നതിന്റെ ബുദ്ധിമുട്ട്. ' ഏയ്സ് " എന്ന ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചപ്പോൾ നന്നായി കഷ്ടപ്പെട്ടു . എന്നാൽ രണ്ടാമത്തെ ചിത്രം 'മദ്രാസി"യിൽ അഭിനയിക്കുമ്പോൾ കൂടുതൽ സുഖം തോന്നി. കഥാപാത്രമായി മാറാനും കുറച്ചുകൂടി നന്നായി അഭിനയിക്കാനും മെച്ചപ്പെടുത്താനും കഴിഞ്ഞു. തമിഴിൽ അടുത്ത സിനിമ ചെയ്യുമ്പോൾ ഇതിലും എളുപ്പമായി മാറുമെന്ന് കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |