'കേരം തിങ്ങും കേരളനാട്" എന്നാണ് നമ്മുടെ സംസ്ഥാനം അറിയപ്പെടുന്നത്. എന്നാൽ ഇന്ന് കേരം തിങ്ങിയിരുന്ന കേരളനാട് എന്ന് പറയുന്നതാണ് ശരി. 1956ൽ ഇന്ത്യയിലെ ആകെ നാളികേര ഉത്പാദനത്തിന്റെ 73ശതമാനവും സംഭാവന ചെയ്ത കേരളത്തിൽ ഇന്ന്, വെറും 33ശതമാനം മാത്രമാണ് ഉത്പാദനം. തേങ്ങയ്ക്കും വെളിച്ചെണ്ണയ്ക്കും വില കുതിച്ചുയരുമ്പോഴും അതിന്റെ സത്ഫലം നുകരാനാകാതെ പെടാപ്പാട് പെടുകയാണ് ഇവിടത്തെ കേരകർഷകർ.
കാലാവസ്ഥാ വ്യതിയാനം, രോഗ- കീടബാധകൾ, കാർഷികമേഖലയുടെ നിർജീവാവസ്ഥ എന്നിവയാണ് സംസ്ഥാനത്ത് തെങ്ങു കൃഷി നേരിടുന്ന തിരിച്ചടികൾ. എന്നാൽ, ഏറ്റവും പ്രധാനം കാർഷികമേഖലയോടുള്ള അധികൃതരുടെ അവഗണനയും കാർഷിക സംസ്കാരത്തിലുണ്ടായ വ്യതിയാനവുമാണ്. പരമ്പരാഗത കർഷകർ നഷ്ടക്കണക്ക് നിരത്തി കൃഷി ഉപേക്ഷിക്കുമ്പോൾ, പുതുതലമുറ കാർഷിക വൃത്തിയെ പാടെ അവഗണിക്കുന്നു.
തെങ്ങു കയറ്റത്തൊഴിലാളികളുടെ ലഭ്യതക്കുറവ്, ഉയർന്ന കൂലി, കീടരോഗ ബാധകൾ മൂലമുള്ള വിളനഷ്ടം, വളരെ കുറഞ്ഞ തോതിലുള്ള ഉത്പന്ന വൈവിദ്ധ്യവത്കരണം, ശാസ്ത്രീയ വിള പരിപാലനത്തിലെ പോരായ്മകൾ, ഗുണമേന്മയുള്ള തൈകൾ ലഭിക്കാത്ത സ്ഥിതി തുടങ്ങി ഒട്ടേറെ പ്രശ്‌നങ്ങൾ കേരളത്തിലെ തെങ്ങുകൃഷിയെ പ്രതികൂലമായി ബാധിച്ചു.
കേടുവന്നതും കായ്ഫലമില്ലാത്തതുമായ തെങ്ങുകൾ വെട്ടിമാറ്രി, പകരം അത്യുത്പാദനശേഷിയുള്ള പുതിയ ഇനങ്ങൾ നട്ടുപിടിപ്പിച്ചാലേ കാലാകാലം സുസ്ഥിരമായി നിലനിൽക്കൂ. സംസ്ഥാനത്ത് പ്രവർഷം ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് തെങ്ങിൻ തൈകൾ മാത്രമാണ് കൃഷിവകുപ്പും മറ്ര് സർക്കാർ ഏജൻസികളും വിതരണം ചെയ്യുന്നത്. ആഗോളതലത്തിൽ നാളികേരത്തിനും വെളിച്ചെണ്ണയ്ക്കും പുറമേ, തേങ്ങയുടെ മൂല്യവർദ്ധിത ഉത്പന്നങ്ങൾക്ക് പ്രചാരം വർദ്ധിച്ചതും വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് നന്നല്ലെന്ന ദുഷ്പ്രചാരണത്തെ ഗവേഷകർ ശാസ്ത്രീയമായി ഖണ്ഡിച്ചതുമാണ് സമീപകാലത്തെ വിലക്കയറ്റത്തിന് പ്രധാന കാരണം. അതിനനുസരിച്ച് ഉത്പാദനമില്ലാതെ വന്നതോടെ ഡിമാൻഡ് ആൻഡ് സപ്ലൈ തിയറിയും പ്രാവർത്തികമായി.
റെക്കോഡ് കുതിപ്പിൽ വെളിച്ചെണ്ണ
2024 സെപ്തംബർ മുതലാണ് നാളികേരവും വെളിച്ചെണ്ണയും ഇത്രമേൽ താരത്തിളക്കത്തിലായത്. 24 ഒക്ടോബർ അവസാനം ക്വിന്റലിന് ശരാശരി 15,600രൂപ ഉണ്ടായിരുന്ന വെളിച്ചെണ്ണയ്ക്ക് ഡിസംബർ ആയപ്പോഴേക്കും വില 21,000 കടന്നു. 2025 ജനുവരി- മാർച്ച് കാലയളവിൽ ക്വിന്റലിന് 23,500 ആയിരുന്നുവെങ്കിൽ ഓണക്കാലമായപ്പോഴേക്കും ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കായ 38,500വരെയെത്തി. അതിനൊപ്പം പച്ചതേങ്ങയും കുതിപ്പിന്റെ ട്രാക്കിലായി. കിലോഗ്രാമിന് 12 മാസത്തിനിടെ 100രൂപ വരെ ഉയർന്നു.
പ്രതിസന്ധികൾ അനവധി
തെങ്ങ് കൃഷിയെ തകർക്കുന്ന പ്രധാന വില്ലൻ കൊമ്പൻചെല്ലിയാണ്. തെങ്ങിന്റെ കൂമ്പിനകത്ത് കയറി ഉൾഭാഗം തിന്നുതീർക്കുന്നതാണ് ഇവയുടെ രീതി. മച്ചിങ്ങ പൊഴിച്ചിലും മണ്ഡരിയും കേര കർഷകർ നേരിടുന്ന പ്രധാന പ്രശ്‌നങ്ങൾ. മച്ചിങ്ങയുടെ മുകൾഭാഗത്ത് ത്രികോണ ആകൃതിയിൽ വെള്ളപ്പാടുകൾ കാണപ്പെടുന്നുതാണ് മണ്ഡരിയുടെ ലക്ഷണം. ഇവ ക്രമേണ കറുത്ത പാടുകളായി മാറുകയും വിള്ളലുകൾ ഉണ്ടാവുകയും ചെയ്യുന്നു. ഇത് നാളികേരത്തിന്റെ വളർച്ച മുരടിപ്പിച്ച് കർഷർക്ക് കനത്തനഷ്ടം ഉണ്ടാക്കും. മണ്ഡരി പടർന്നതിനെ തുടർന്ന് തെങ്ങ് കൃഷി ഉപേക്ഷിച്ചവർ പോലുമുണ്ട്. ഓലചീയൽ, കുലകരിച്ചിൽ, മച്ചിങ്ങ കൊഴിച്ചിൽ, മണ്ടചീയൽ (കുമിൾരോഗം), ചെന്നീരൊലിപ്പ്, തഞ്ചാവൂർ വാട്ടം, വെള്ളീച്ച തുടങ്ങി ഒട്ടേറെ രോഗ- കീട ബാധകളെ അതിജീവിച്ചാലേ തെങ്ങുകൃഷിയിൽ ശോഭിക്കാനാവൂ.
മണ്ണിൽ നിന്ന് തുടങ്ങണം
കൃഷിവൈവിദ്ധ്യത്തിലൂടെയും മണ്ണിന്റെ പുഷ്ടി, തെങ്ങുകളുടെ ആരോഗ്യം, സൂക്ഷ്മ കാലാവസ്ഥ എന്നിവ മെച്ചപ്പെടുത്താനുള്ള നടപടികളിലൂടെയും നാളികേര കൃഷിയിൽ കാലാവസ്ഥാ അനുരൂപണം സാദ്ധ്യമാക്കാമെന്നാണ് നാളികേര വികസന ബോർഡ് ശുപാർശ ചെയ്യുന്നത്. ജാതി, കൊക്കോ, ഫലവർഗവിളകൾ, കാലിത്തീറ്റ വിളകൾ, വാഴ, പൈനാപ്പിൾ, പപ്പായ, ഹെലിക്കോണിയ പോലുള്ള ദ്വിവത്സര പുഷ്പവിളകളുമായും പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ തുടങ്ങിയ വാർഷിക വിളകളുമായും തെങ്ങ് പൊരുത്തപ്പെടും. ജൈവ ഭേദഗതികൾ, സംരക്ഷണ നടപടികൾ, വിള അവശിഷ്ടങ്ങൾ എന്നിവ ഉപയോഗിച്ച് മണ്ണിനെ പോഷിപ്പിക്കുന്നതിലൂടെ, മണ്ണിന്റെ ജൈവ, രാസ, ഭൗതിക ഗുണങ്ങൾ മെച്ചപ്പെടുത്താനാകും. ഇത് മണ്ണിന്റെ ആരോഗ്യം വർദ്ധിപ്പിക്കും. ആവരണ വിള, പുതയിടൽ, മണ്ണിര കമ്പോസ്റ്റിംഗിലൂടെയുള്ള വിള അവശിഷ്ട ചംക്രമണം, സംയോജിത പോഷക പരിപാലനം, സൂക്ഷ്മ ജലസേചനം, വളപ്രയോഗം തുടങ്ങി ചെലവു കുറഞ്ഞ് സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് തെങ്ങുകളുടെ മികച്ച ആരോഗ്യത്തിനും നാളികേര ഉത്പാദനത്തിന് അനുകൂലമായ സൂക്ഷ്മ കാലാവസ്ഥ സൃഷ്ടിക്കുന്നതിനും ഉപകരിക്കും.
പ്രതിവർഷം 10ലക്ഷം തൈകൾ
നാളികേരത്തിന് കുതിപ്പുണ്ടായത് കഴിഞ്ഞവർഷം പകുതിമുതൽ ആണെങ്കിലും സംസ്ഥാന കൃഷിവകുപ്പ് ഈ കാര്യങ്ങൾ കാലേക്കൂട്ടി കണ്ടിരുന്നെന്നുവേണം കരുതാൻ. 2017മുതൽ കോക്കനട്ട് കൗൺസിലന്റെ നേതൃത്വത്തിൽ പ്രതിവർഷം 10ലക്ഷം തൈകൾ വീതം ഉത്പാദിപ്പിച്ച് 50ശതമാനം സബ്സിഡി നിരക്കിൽ കൃഷിഭവൻ വഴി വിതരണം ചെയ്യുന്നുണ്ട്. നിലവിൽ ഈ ഇനത്തിൽ മാത്രം 70ലക്ഷം തൈകൾ ഇതുവരെ വിതരണം ചെയ്തു. എന്നാൽ അതിന്റെ ഗുണഫലം കർഷകർക്കും നാടിനും ലഭിക്കുന്നുണ്ടോയെന്ന് വ്യക്തമായി പറയാനാകില്ല. തൈകൾ കൃത്യമായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയാലേ പദ്ധതി ഫലവത്താകൂ.
പുതിയ വളപ്രയോഗം
നാളികേര വിലവർദ്ധനവിനൊപ്പം തെങ്ങുകൃഷിയിലേക്ക് കൂടുതൽ ശ്രദ്ധ വന്നതോടെ ഉത്പാദനവർദ്ധനവ് ലക്ഷ്യമിട്ട് സംസ്ഥാന കൃഷിവകുപ്പ് കേന്ദ്രസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് 'പെർ ട്രോപ്പ് മോർ ക്രോപ്പ്- മൈക്രോ ഇറിഗേഷൻ (പി.ഡി.എം.സി)". കുറഞ്ഞത് 50 സെന്റെങ്കിലും തെങ്ങ് കൃഷിയുള്ള കർഷകർക്ക് പദ്ധതിയിൽ ചേരാം. പദ്ധതി ചെലവിന്റെ 40 മുതൽ 55 ശതമാനംവരെ കേന്ദ്ര സബ്സിഡിയാണ്. കൃത്യമായ ഇടവേളകളിൽ വെള്ളവും വളവും ഒരുമിച്ച് നൽകുന്ന കൃഷിരീതിയാണിത്. പി.ഡി.എം.സി ഇതിനായി വെള്ളത്തിൽ അലിയുന്നതും തെങ്ങിന് കൂടുതൽ ആരോഗ്യവും കായ്ഫലവും നൽകുന്നതുമായ വളങ്ങളാണ് ഉപയോഗിക്കുന്നത്.
നാളികേര വില (കിലോയ്ക്ക്)
2024ൽ 40-48 രൂപ
2025ൽ 65-75 രൂപ
പൊതിച്ചതേങ്ങയുടെ വില (ക്വിന്റലിന്)
2024ൽ- 3,100
2025ൽ- 6,400
പച്ചതേങ്ങയുടെ വില (ക്വിന്റലിന്)
2024ൽ- 3,000
2025ൽ- 6,000
കരിക്ക്
2024ൽ- 40- 45
2025ൽ- 60- 65
ഒരോമാസവും ഓരോ ഓല ഉണ്ടാവുക എന്നതാണ് ആരോഗ്യമുള്ള തെങ്ങിന്റെ ലക്ഷണം. രോഗ കീട ബാധകളെ പ്രതിരോധിക്കുന്നതിനൊപ്പം തെങ്ങിന്റെ ആരോഗ്യം നന്നായി പരിപാലിക്കണം. പരിപാലനമാണ് തെങ്ങുകൃഷിയുടെ ആരോഗ്യം.
- പ്രമോദ് മാധവൻ,
അസി. ഡയറക്ടർ,
കൃഷിവകുപ്പ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |