തിരുവനന്തപുരം : പഞ്ഞമാസങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ കൈത്താങ്ങായി നടപ്പിലാക്കിവരുന്ന സമ്പാദ്യ സമാശ്വാസ പദ്ധതിയിൽ കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും വിതരണം ചെയ്യുന്നതിന് അനുമതി നൽകി ഉത്തരവായതായി മന്ത്രി സജി ചെറിയാൻ അറിയിച്ചു.
മത്സ്യത്തൊഴിലാളികളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിനും പഞ്ഞമാസങ്ങളിൽ അവരുടെ വരുമാനം നിലനിർത്തുന്നതിനും വേണ്ടിയാണ് സമ്പാദ്യ സമാശ്വാസ പദ്ധതി നടപ്പിലാക്കുന്നത്. ആകെ 41.90 കോടി രൂപ ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യുന്നതിനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്. കേന്ദ്ര വിഹിതമായ 1500 രൂപയും സംസ്ഥാന വിഹിതമായ 1500 രൂപയും ഉൾപ്പെടെ ആകെ 3000 രൂപ വീതം ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. പദ്ധതിയിൽ അംഗങ്ങളായ 1,49,755 മത്സ്യത്തൊഴിലാളികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക.
നേരത്തെ, കേന്ദ്രാനുമതി ലഭിക്കാത്തതിനാൽ വിഹിതം വിതരണം ചെയ്യാൻ കഴിയാത്ത സാഹചര്യം നിലനിന്നിരുന്നു. കേന്ദ്ര ഭരണാനുമതിയും വിഹിതവും അടിയന്തരമായി അനുവദിച്ചുനൽകണമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ കേന്ദ്ര സർക്കാരിനോട് ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു. ഇപ്പോൾ ഭരണാനുമതി ലഭിക്കുകയും വിഹിതം അനുവദിക്കുകയും ചെയ്തതോടെയാണ് ധനസഹായം വിതരണം ചെയ്ത് തുടങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |