തിരുവനന്തപുരം: അയ്യപ്പന്റെ സ്വർണം അപഹരിച്ചതിന്റെ കൂടുതൽ തെളിവുകൾ പുറത്തുവരുന്നതിനിടെ, ഷാഫി പറമ്പിൽ എം.പിക്ക് ലാത്തിച്ചാർജിൽ സാരമായി പരിക്കേറ്റ സംഭവം പ്രതിപക്ഷത്തിന് സർക്കാരിനെ അടിക്കാനുള്ള അടുത്ത വടിയായി.
കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൂടിയായ ഷാഫിക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിനെതിര വെള്ളിയാഴ്ച രാത്രി ആളിക്കത്തിയ പ്രക്ഷോഭം ഇന്നലെയും പലയിടത്തും സംഘർഷത്തിനും പൊലീസുമായി ഏറ്റുമുട്ടലിനും കലാശിച്ചു. തൂശൂരിൽ മുഖ്യമന്ത്രിയെ വഴി തടയുന്നതിൽ വരെ കാര്യങ്ങളെത്തി. ശബരിമല വിഷയത്തിൽ പ്രക്ഷോഭംതെരുവിലേക്ക് വ്യാപിപ്പിക്കാൻ പ്രതിപക്ഷം ഒരുങ്ങുന്നതിനിടെയാണ് മൂർച്ചയേറിയ മറ്റൊരു ആയുധം കൂടി വീണുകിട്ടിയത്.
തദ്ദേശ തിരഞ്ഞെടുപ്പ് ഡിസംബർ ആദ്യം നടക്കാനിരിക്കെ, ശരിക്കും ചക്രവ്യൂഹത്തിൽ അകപ്പെട്ടിരിക്കുകയാണ് ഭരണമുന്നണി. വലിയ സമരങ്ങൾക്കാണ് യു.ഡി.എഫും ബി.ജെ.പിയും ഒരുങ്ങുന്നത്. ഷാഫി പറമ്പിലിന്റെ ചോരയ്ക്ക് പകരം വീട്ടുമെന്നാണ് വി.ഡി.സതീശന്റെ പ്രഖ്യാപനം. ഇതിനെയൊക്ക പ്രതിരോധിച്ച് തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ എൽ.ഡി.എഫ് ഏറെ വിയർപ്പൊഴുക്കേണ്ടിവരും.
ശബരിമലയിൽ നടന്ന തട്ടിപ്പിൽ ദേവസ്വം വിജിലൻസിന്റെ കണ്ടെത്തലുകളെയും ഹൈക്കോടതി വിർശനങ്ങളെയും ഫലപ്രദമായി പ്രതിരോധിക്കാനാവാത്ത ദുരവസ്ഥയിലാണ് സർക്കാർ. യോഗദണ്ഡ് സ്വർണം ചുറ്റാൻ മുൻ ദേവസ്വം പ്രസിഡന്റും സി.പി.എം നേതാവുമായ പദ്മകുമാറിന്റെ മകനെ ചുമതലപ്പെടുത്തിയതും വിവാദമായി. 2019ൽ സ്വർണപ്പാളി അടിച്ചുമാറ്റിയ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ തന്നെ 2025ൽ നിലവിലെ ദേവസ്വം ബോർഡ് സ്വർണം പൂശലിന് ക്ഷണിച്ചുവരുത്തിയതും ദുരൂഹത ഉയർത്തുന്നു.
നിനച്ചതും
നടന്നതും
ആഗോള അയ്യപ്പ സംഗമത്തിന് എസ്.എൻ.ഡി.പിയോഗത്തിന് പുറമെ എൻ.എസ്.എസും, കെ.പി.എം.എസും ഉൾപ്പെടെ സംഘടനകളുടെ കൂടി പിന്തുണ ലഭിച്ചതുവഴി പിണറായി സർക്കാർ നേടിയ രാഷ്ട്രീയ വിജയം യു.ഡി.എഫിനെയും ബി.ജെ.പിയെയും അന്ധാളിപ്പിക്കുന്നതായിരുന്നു. സർക്കാരിന് മൂന്നാം തുടർഭരണം ഉറപ്പെന്ന അവകാശ വാദം വരെ ഇടതു നേതാക്കൾ ഉയർത്തി. പക്ഷേ, സർക്കാരിനുമേൽ അശനിപാതം പോലെയാണ് സ്വർണപ്പാളി പതിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |