ഇസ്ലാമാബാദ്: പാകിസ്ഥാന്റെ പൊലീസ് പരിശീലന കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഏഴ് പൊലീസുകാരും ആറ് ഭീകരരുമാണ് കൊല്ലപ്പെട്ടത്. 13 പേർക്ക് പരിക്കേറ്റു. വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിലെ പരിശീലന കേന്ദ്രത്തിലാണ് സംഭവം. കഴിഞ്ഞ ദിവസം പാകിസ്ഥാൻ താലിബാൻ മേധാവി നൂർ വാലി മെഹ്സൂദിനെ ലക്ഷ്യം വച്ച് അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയതിന്റെ പിന്നാലെയാണിത്. ആക്രമണങ്ങളുടെ ഉത്തരവാദിത്വം പാകിസ്താനി താലിബാൻ (തെഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ , ടി.ടി.പി) ഏറ്റെടുത്തു. വെള്ളിയാഴ്ച രാത്രി ദേര ഇസ്മായിൽ ഖാൻ ജില്ലയിലെ രട്ട കുലാച്ചി പരിശീലന കേന്ദ്രത്തിലാണ് ആക്രമണമുണ്ടായത്. പരിശീലന കേന്ദ്രത്തിന്റെ പ്രധാന ഗേറ്റിലേക്ക് സ്ഫോടകവസ്തുക്കൾ നിറച്ച ട്രക്ക് ഭീകരർ ഇടിച്ചുകയറ്റുകയായിരുന്നു. അതേസമയം പാകിസ്ഥാനിൽ 23 പേരെ കൊലപ്പെടുത്തിയെന്ന് ടി.ടി.പി അവകാശവാദം ഉന്നയിച്ചു.
താലിബാൻ വിദേശകാര്യ മന്ത്രി ആമിർ ഖാൻ മുത്തഖിയുടെ ഇന്ത്യാ സന്ദർശനത്തിനിടെയാണ് കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ പാകിസ്ഥാൻ വ്യോമാക്രമണം നടത്തിയത്. രണ്ട് ശക്തമായ സ്‌ഫോടനങ്ങളാണ് കിഴക്കൻ കാബൂളിലുണ്ടായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |