അര ലക്ഷം പേര്‍ക്ക് നടപ്പു വര്‍ഷം ജോലി നഷ്ടമായേക്കും
കൊച്ചി: അമേരിക്കയിലെ എച്ച്1. ബി വിസ ഫീസ് വര്‍ദ്ധനയും പുറംജോലി കരാറുകളിലെ നിയന്ത്രണങ്ങളും ഇന്ത്യന്‍ ഐ.ടി മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടം സൃഷ്ടിക്കുന്നു. രാജ്യത്തെ മുന്‍നിര കമ്പനികളെല്ലാം പുതിയ റിക്രൂട്ട്മെന്റ് മന്ദഗതിയിലാക്കിയതിനൊപ്പം നിലവിലുള്ള ജീവനക്കാരെ പിരിച്ചുവിടാനുള്ള നടപടികളും ശക്തമാക്കി. നിശബ്ദ ലേ ഓഫിലൂടെ നടപ്പുവര്‍ഷം ഐ.ടി മേഖലയില്‍ 50,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് വിലയിരുത്തുന്നത്.
കമ്പനികളുടെ ബിസിനസ് വളര്‍ച്ച മന്ദഗതിയിലാകുന്നതും നിര്‍മ്മിത ബുദ്ധിയുടെ വിപുലമായ ഉപയോഗവും പിരിച്ചുവിടലിന് വേഗത കൂട്ടുന്നുവെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. രാജ്യത്തെ ഏറ്റവും വലിയ ഐ.ടി കമ്പനിയായ ടി.സി.എസിന്റെ രണ്ടാം ത്രൈമാസക്കാലയളവിലെ പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ അടുത്ത വര്‍ഷം മാര്‍ച്ചിനുള്ളില്‍ 12,000 ജീവനക്കാരെ ഒഴിവാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ജൂലായ് മുതല്‍ സെപ്തംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ കമ്പനി 19,755 ജീവനക്കാരെ പിരിച്ചുവിട്ടു. ഇതോടെ ജീവനക്കാരുടെ എണ്ണം ആറ് ലക്ഷത്തിന് താഴെയെത്തി. വൈദഗ്ദ്ധ്യ, കാര്യക്ഷമത പൊരുത്തക്കേട് കണക്കിലെടുത്ത് മദ്ധ്യ, സീനിയര്‍ ലെവലിലുള്ള ജീവനക്കാരെ ഒഴിവാക്കാനാണ് ആലോചിക്കുന്നതെന്ന് ടി.സി.എസിന്റെ എച്ച്. ആര്‍ മേധാവി പറഞ്ഞു.
ജീവനക്കാരില്‍ സമ്മര്‍ദ്ദമേറുന്നു
അമേരിക്കയില്‍ നിന്നും പുതിയ കരാറുകള്‍ ലഭിക്കുന്നതില്‍ കുറവ് വന്നതോടെ രാജ്യത്തെ ചെറുകിട, ഇടത്തരം ഐ.ടി സ്ഥാപനങ്ങള്‍ പലതും ജീവനക്കാരുടെ രാജിക്ക് സമ്മര്‍ദ്ദം ചെലത്തുകയാണ്. പുതിയ അവസരങ്ങള്‍ കണ്ടെത്തണമെന്നും അനൗദ്യോഗികമായി കമ്പനികള്‍ ജീവനക്കാരോട് നിര്‍ദേശിക്കുന്നുണ്ട്. പ്രമുഖ ഐ.ടി സ്ഥാപനമായ അക്‌സഞ്ചര്‍ ആഗോള തലത്തില്‍ 11,000 ജീവനക്കാരെയാണ് കഴിഞ്ഞ ദിവസങ്ങളില്‍ പിരിച്ചുവിട്ടത്.
കമ്പനികള്‍ പ്രവര്‍ത്തന രീതികള്‍ മാറ്റുന്നു
നിര്‍മ്മിത ബുദ്ധിയുടെയും(എ.ഐ) ഓട്ടോമേഷന്റെയും പശ്ചാത്തലത്തില്‍ ഐ.ടി കമ്പനികള്‍ സാങ്കേതികവിദ്യയിലും പ്രവര്‍ത്തന രീതികളിലും വിപുലമായ മാറ്റങ്ങള്‍ വരുത്തുകയാണ്. ടി.സി.എസ്, വിപ്രോ, ഇന്‍ഫോസിസ്, ടെക്ക് മഹീന്ദ്ര തുടങ്ങിയവ ജീവനക്കാരെ പുനസംഘടിപ്പിക്കാന്‍ നടപടികള്‍ തുടങ്ങി.
ഐ.ടി രംഗത്തെ വെല്ലുവിളികള്‍
1. എ.ഐ സാദ്ധ്യതകള്‍ വിപുലമായി ഉപയോഗപ്പെടുത്തുന്നതിനാല്‍ നിലവിലുള്ള ജീവനക്കാരുടെ വൈദഗ്ദ്ധ്യ കുറവ് ബാദ്ധ്യതയാകുന്നു.
2. ഡൊണാള്‍ഡ് ട്രംപിന്റെ വ്യാപാര യുദ്ധവും വീസ ഫീസ് വര്‍ദ്ധനയും കമ്പനികളുടെ ബിസിനസ് വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്നു.
3. സാങ്കേതികവിദ്യയിലുണ്ടാകുന്ന അതിവേഗ മാറ്റങ്ങള്‍ മൂലം ആഗോള ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ള ജീവനക്കാര്‍ക്ക് പരിജ്ഞാനമില്ല.
4. അമേരിക്കയിലും യൂറോപ്പിലും സാമ്പത്തിക മാന്ദ്യ ഭീഷണി ശക്തമായതിനാല്‍ ആഗോള ടെക്നോളജി കമ്പനികള്‍ ഐ.ടി രംഗത്തെ നിക്ഷേപം ചുരുക്കുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |