തിരുവനന്തപുരം: മാവോയിസ്റ്റ് വേട്ടയ്ക്കുള്ള കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചതോടെ, സർക്കാരിലെയും പൊലീസിലെയും ഉന്നതർ സവാരി നടത്തുന്ന ഹെലികോപ്ടറിന്
മാസം 80ലക്ഷം വാടകനൽകാനുള്ള വഴിയടഞ്ഞു. മാവോയിസ്റ്റ് വേട്ടയുടെ പേരിലാണ് വാടയ്ക്ക് എടുത്തതെങ്കിലും, ഒരു തവണ കോഴിക്കോട് മേഖലയിലെ വനത്തിന് മുകളിലൂടെ പറന്നതാണ് അതുകൊണ്ട് നടത്തിയ ഏകദൗത്യം.അത് പരാജയപ്പെടുകയും ചെയ്തു.
വെട്ടിക്കുറച്ച തുക വീണ്ടും കിട്ടാൻ കണ്ണൂർ, വയനാട് ജില്ലകളെ മാവോയിസ്റ്റ് ബാധിത പട്ടികയിൽ നിലനിറുത്തണമെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞദിവസം ഡൽഹിയിൽ കേന്ദ്രആഭ്യന്തരമന്ത്രി അമിത്‌ഷായെ കണ്ടപ്പോൾ ആവശ്യപ്പെട്ടു. ഫെബ്രുവരിയിൽ മാവോയിസ്റ്റ് നേതാവ് സന്തോഷ് (രവി) അറസ്റ്റിലായതോടെ കേരളത്തിൽ പ്രവർത്തിച്ചിരുന്ന എല്ലാ മാവോയിസ്റ്രുകളെയും പിടികൂടാനായെന്ന് പൊലീസ് പ്രഖ്യാപിച്ചതോടെയാണ് കേന്ദ്രം തുക കുറച്ചത്. പ്രതിവർഷം 20കോടിയാണ് കേന്ദ്രം നൽകിയിരുന്നത്. വയനാട്, പാലക്കാട്, മലപ്പുറം ജില്ലകൾ മാവോയിസ്റ്റ് മുക്തമായെന്ന് പ്രഖ്യാപിച്ചതോടെ 75%വെട്ടിക്കുറച്ചു. ഇപ്പോൾ അഞ്ചുകോടിയിൽ താഴെയേ ലഭിക്കുന്നുള്ളൂ. വനത്തിലെ തിരച്ചിൽ, വാഹനങ്ങളും ആയുധങ്ങളും വാങ്ങൽ, തണ്ടർബോൾട്ടിന്റെ പരിശീലനം, കമ്മ്യൂണിറ്റി പൊലീസിംഗ്, വോളണ്ടിയർമാരുടെ ചെലവ് എന്നിവയ്ക്കെല്ലാമുള്ള പണമാണിത്. ഹെലികോപ്ടറിന് മാത്രം 9.6കോടി വേണം. മൂന്നുകോടിയിലേറെ രൂപ വാടകകുടിശികയുണ്ട്.
മാവോയിസ്റ്റ് ഭീഷണിയൊഴിഞ്ഞിട്ടില്ലെന്ന് അറിയിച്ച് കേന്ദ്രഫണ്ട് വീണ്ടും നേടിയെടുക്കാനാണ് ശ്രമം.
കേരളത്തിൽ പ്രവർത്തനം ശക്തിപ്പെടുത്താൻ മാവോയിസ്റ്റ് നേതൃത്വം തീരുമാനിച്ചതായി ഇന്റലിജൻസ്ബ്യൂറോ സംസ്ഥാന പൊലീസിന് നൽകിയ സൂചന ചൂണ്ടിക്കാട്ടിയാണ് രണ്ടു ജില്ലകളെ പട്ടികയിൽ നിലനിറുത്തണമെന്നും ഫണ്ട് വർദ്ധിപ്പിക്കണമെന്നും ആവശ്യപ്പെട്ടിരിക്കുന്നത്. യഥാർത്ഥത്തിൽ കേരളം,തമിഴ്നാട്,കർണാടക സംസ്ഥാനങ്ങളുടെ അതിർത്തിയായ ട്രൈജംഗ്ഷനിലെ സംയുക്ത പരിശോധനയല്ലാതെ തണ്ടർബോൾട്ടിന് കാര്യമായ പണിയില്ല.
മൂന്ന് വർഷത്തേക്ക് വാടക 28.8കോടി
കോപ്ടറിന് മൂന്നുവർഷത്തേക്ക് 28.8കോടിയാണ് വാടക. മൂന്നു വർഷത്തെ കരാറൊപ്പിട്ടതിനാൽ ഇത്രയുംകാലം വാടക കൊടുത്തേപറ്റൂ. കേന്ദ്രഫണ്ട് കിട്ടിയില്ലെങ്കിൽ വാടക സംസ്ഥാനം നൽകേണ്ടിവരും.
11സീറ്റുള്ള ഫ്രഞ്ച്നിർമ്മിത ഇരട്ടഎൻജിൻ കോപ്ടറിന്റെഇന്ധനം, അറ്റകുറ്റപ്പണി, സ്റ്റാഫിന്റെശമ്പളം, പാർക്കിംഗ്ഫീസ് സഹിതമാണ് വാടക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |