ഇന്ത്യയിലെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ലോകത്തെ ഏറ്റവും വലിയ ബാങ്കുകളുടെ പട്ടികയിൽ ഉൾപ്പെട്ടത് അസോസിയറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കും എസ്.ബി.ഐയിൽ ലയിപ്പിച്ച ശേഷമാണ്. ആഗോള റാങ്കിംഗിൽ 43-ാം സ്ഥാനത്തുള്ള സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ആസ്‌തി 66.8 ലക്ഷം കോടിയാണ്. ലയനം ഒരു വലിയ വിജയമായി മാറി എന്നതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ 12 പൊതുമേഖലാ ബാങ്കുകൾ മൂന്നെണ്ണമായി ചുരുക്കാനുള്ള നീക്കത്തിന് കേന്ദ്ര ധനകാര്യ മന്ത്രാലയം നടപടി തുടങ്ങിയതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നടപ്പു സാമ്പത്തിക വർഷം അവസാനത്തോടെ പൊതുമേഖലാ ബാങ്കുകളുടെ ലയന നടപടിയിലേക്ക് കേന്ദ്ര സർക്കാർ കടന്നേക്കും. എസ്.ബി.ഐ, കനറാ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയിലേക്ക് മറ്റ് പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനാണ് നീക്കം. ആഗോള തലത്തിലെ ടോപ്പ് 20 ബാങ്കുകളിൽ ഇന്ത്യയിൽ നിന്നുള്ള രണ്ടെണ്ണമെങ്കിലും കൊണ്ടുവരാനാണ് സർക്കാർ പദ്ധതി. വമ്പൻ പദ്ധതികൾക്ക് സാമ്പത്തിക സഹായം നൽകാൻ ഇന്ത്യൻ ബാങ്കുകളെ പ്രാപ്തമാക്കാക്കുയാണ് ലക്ഷ്യം.
നേരത്തേ, 2017-ലും 2019-ലുമാണ് ബാങ്കുകളുടെ ലയനം നടന്നത്. 2017-ൽ രാജ്യത്ത് 27 പൊതുമേഖലാ ബാങ്കുകളാണ് ഉണ്ടായിരുന്നത്. എസ്.ബി.ടി അടക്കം അഞ്ച് അസോസിയേറ്റ് ബാങ്കുകളെയും ഭാരതീയ മഹിളാ ബാങ്കിനെയും 2017-ൽ എസ്.ബി.ഐയിൽ ലയിപ്പിച്ചു. 2019-ൽ വീണ്ടും ലയനം നടത്തി പൊതുമേഖലാ ബാങ്കുകളുടെ എണ്ണം 12 ആയി കുറച്ചു. ഇത് ഇനി മൂന്നെണ്ണമാക്കാനാണ് സർക്കാർ തുനിയുന്നത്. പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം എസ്.ബി.ഐ ഗ്രൂപ്പിൽ ബാങ്ക് ഒഫ് മഹാരാഷ്ട്ര, യൂക്കോ ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയാണ് ഉൾപ്പെടുക. യൂണിയൻ ബാങ്ക്, ഇന്ത്യൻ ബാങ്ക്, ബാങ്ക് ഒഫ് ഇന്ത്യ എന്നിവയെ കനറാ ബാങ്കിന്റെ ഭാഗമാക്കും. പഞ്ചാബ് നാഷണൽ ബാങ്കിന്റെ നേതൃത്വത്തിലാണ് മൂന്നാമത്തെ ഗ്രൂപ്പ്. ബാങ്ക് ഒഫ് ബറോഡ, സെൻട്രൽ ബാങ്ക് ഒഫ് ഇന്ത്യ, ഇന്ത്യൻ ഓവർസീസ് ബാങ്ക് എന്നിവയാണ് ഇതിൽ ഉൾപ്പെടുക.
ബാങ്കുകളുടെ ലയനത്തെ ജീവനക്കാരുടെ സംഘടന എതിർക്കുന്നത് പ്രധാനമായും ജോലി നഷ്ടപ്പെടുമോ എന്നതിന്റെയും സ്ഥലം മാറ്റപ്പെടുമോ എന്നതിന്റെയും അടിസ്ഥാനത്തിലാണ്. എല്ലാ ലയന സമയത്തും ജീവനക്കാർക്ക് വി.ആർ.എസിന് അവസരം നൽകാറുണ്ട്. നിരവധി പേർ വി.ആർ.എസ് എടുത്ത് പിരിയുകയും ചെയ്യും. എന്നാൽ ഇതിന് പകരമായി ബാങ്ക് മാനേജ്‌മെന്റ് കൂടുതൽ ജീവനക്കാരെ നിയമിക്കാറില്ല. ഇത് ജോലിഭാരം കൂട്ടുകയും ജീവനക്കാരെ കടുത്ത മാനസിക സംഘർഷത്തിലേക്ക് തള്ളിവിടുകയും ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങൾ കൂടി പരിഗണിച്ച് വേണം ലയനവുമായി സർക്കാർ മുന്നോട്ടു പോകേണ്ടത്. അതേസമയം ലോകത്തെ പ്രധാന സാമ്പത്തിക ശക്തികളിലൊന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുമ്പോൾ വമ്പൻ പദ്ധതികൾക്ക് ധനസഹായം നൽകാനും മറ്റും ബാങ്കുകളുടെ ലയനം സഹായിക്കും. അതുപോലെ ലോകത്തിലെ മറ്റ് വമ്പൻ ബാങ്കുകളുടെ പ്രവർത്തനരീതിയിലേക്ക് ഇന്ത്യയുടെ ബാങ്കുകളും മാറേണ്ടതുണ്ട്. ഇതിനായി പൊതുമേഖലാ ബാങ്കുകളുടെ ഉന്നത സ്ഥാനങ്ങളിലേക്ക് സ്വകാര്യ മേഖലയിലെ പ്രൊഫഷണലുകളെയും കേന്ദ്ര സർക്കാർ പരിഗണിക്കുന്നുണ്ട്. ബാങ്കുകളുടെ ലയനവും ഈ മേഖലയിലേക്ക് മികവുറ്റ പ്രൊഫഷണലുകൾ കടന്നുവരുന്നതും ബാങ്കിംഗ് മേഖലയുടെ സാദ്ധ്യതകൾ ഉയർത്താൻ ഇടയാക്കുമെന്ന് പ്രതീക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |