തിരുവനന്തപുരം:വില്പനയ്ക്കനുസരിച്ച് പ്ലാസ്റ്റിക് കാലിക്കുപ്പികൾ തിരിച്ചെത്താത്തതും ശേഖരിക്കുന്ന കുപ്പികൾ സൂക്ഷിക്കാനുള്ള സ്ഥലപരിമിതിയും കാരണം ബെവ്‌കോയുടെ കാലിക്കുപ്പി ശേഖരണ പദ്ധതി പാളുന്നു.സെപ്റ്റംബർ 10 മുതൽ ഒക്ടോബർ ഒമ്പതുവരെ വില്പന നടത്തിയ കുപ്പികളുടെ പകുതി മാത്രമാണ് തിരിച്ചെത്തിയത്.15,25,584 കുപ്പി മദ്യം വിറ്രപ്പോൾ തിരികെ എത്തിയത് 7,66,604 എണ്ണം.(50.25%).തുരുവനന്തപുരത്ത് ബാലരാമപുരം വെയർഹൗസിന് കീഴിലുള്ള മുക്കോല ഷോപ്പിലാണ് ഏറ്റവും കൂടുതൽ കുപ്പികൾ തിരികെയെത്തിയത്.91,794 കുപ്പി മദ്യം വിറ്റപ്പോൾ 59,067 എണ്ണം തിരികെ എത്തി.കണ്ണൂർ വെയർഹൗസിന് കീഴിലുള്ള പാണപ്പുഴ ഷോപ്പിലാണ് കുറവ്.67,896 കുപ്പികൾ വിറ്റപ്പോൾ തിരികെ വന്നത് 21,007(30.94 %)എണ്ണം.കുടിവെള്ള പ്ലാസ്റ്റിക് കുപ്പികൾ കൂടി ശേഖരിച്ച് പദ്ധതി കൂടുതൽ ഫലപ്രദമാക്കാനാണ് സർക്കാർ ആലോചന.
പ്ലാസ്റ്റിക് മദ്യക്കുപ്പികൾ തിരിച്ചെടുക്കാൻ കുടംബശ്രീ സഹായത്തോടെ തിരുവനന്തപുരം,കണ്ണൂർ ജില്ലകളിലെ 10 വീതം ചില്ലറ വില്പന ഷോപ്പുകളാണ് പരീക്ഷണാർത്ഥം ബെവ്‌കോ പദ്ധതി തുടങ്ങിയത്.ഒരു ഷോപ്പിൽ രണ്ട് താത്കാലിക ജീവനക്കാരെയും നിയോഗിച്ചു.എന്നാൽ ഭൂരിഭാഗം ഷോപ്പുകളിലും കുപ്പികൾ സൂക്ഷിക്കാൻ വേണ്ട സൗകര്യമില്ല.മദ്യം വിൽക്കുമ്പോൾ ഒരു കുപ്പിക്ക് 20 രൂപ അധികം ഈടാക്കും.സ്റ്റിക്കർ പതിച്ചു നൽകുന്ന കുപ്പി തിരിച്ചേൽപ്പിക്കുമ്പോൾ 20 രൂപ തിരികെ നൽകും.കാലിക്കുപ്പി ശേഖരിക്കുന്ന താത്കാലിക ജീവനക്കാരന് ദിവസം 710 രൂപയാണ് വേതനം.എട്ട് മണിക്കൂറിൽ കൂടുതൽ ജോലി ചെയ്താൽ 420 രൂപ അധികവും ലഭിക്കും.എന്നാൽ ഷോപ്പുകളിൽ കാലിക്കൂടുകൾ അടുക്കി കെട്ടിവയ്ക്കുന്ന സ്വീപ്പർമാർക്ക് മൂന്ന് മണിക്കൂർ ജോലിക്ക് പഞ്ചായത്ത് പരിധിയിൽ 185 രൂപയും നഗരസഭാ പരിധിയിൽ 215 രൂപയുമാണ് നാമമാത്ര വേതനം.270 ഓളം സ്വീപ്പർമാരാണ് ഇപ്പോഴുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |