തിരുവനന്തപുരം: പ്ലാസ്റ്റിക് കുപ്പിയിലെ മദ്യത്തിന് 20 രൂപ അധികം വാങ്ങാനുള്ള നടപടിയിലൂടെ ബെവ്കോ സ്വന്തമാക്കിയത് വൻലാഭം. വിലയിൽ മാറ്റം വരുത്തി കൊണ്ടുള്ള നടപടിക്ക് പിന്നാലെ ഒരു മാസത്തിനുള്ളിൽ ഒന്നരക്കോടി രൂപയുടെ ലാഭം കിട്ടി. രണ്ട് ജില്ലകളിലെ മാത്രം കണക്കാണിത്. തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലാണ് ആദ്യ ഘട്ടമായി വിലയിൽ മാറ്റം വരുത്തിയത്.
പരീക്ഷണാടിസ്ഥാനത്തിൽ രണ്ടു ജില്ലകളിലെയും 20 ബെവ്കോ ഔട്ട്ലെറ്റുകളിലാണ് വിലയിൽ മാറ്റം വരുത്തിയത്. പ്ളാസ്റ്റിക് കുപ്പികളിലെ മദ്യത്തിന് 20 രൂപ അധികം വാങ്ങുകയും കുപ്പി തിരികെ എത്തിച്ചാൽ 20 രൂപ തിരികെ നൽകുന്നതുമായിരുന്നു പദ്ധതി. പ്ലാസ്റ്രിക് നിർമാർജനത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പാക്കിയത്. എന്നാൽ 20 രൂപ അധികം നൽകി വാങ്ങിയ മദ്യകുപ്പികളിൽ ഏറിയഭാഗവും തിരികെ എത്താതെ വന്നതോടെ ബെവ്കോയ്ക്ക്ഒന്നരക്കോടി രൂപ അധിക ലാഭമായി. ഈ പദ്ധതി സംസ്ഥാനത്തൊട്ടാകെ നടപ്പിലാക്കിയാൽ ബെവ്കോയ്ക്കിത് വൻനേട്ടമാകും.
സെപ്റ്റംബർ 10 മുതൽ ഒക്ടോബർ 9 വരെ 20 ഔട്ട്ലെറ്റുകളിലൂടെ 15,25,584 പ്ളാസ്റ്രിക് ബോട്ടിലുകൾ വിറ്റഴിച്ചു. ഇതിൽ തിരികെയെത്തിയത് വെറും 7,66,604 ബോട്ടിലുകൾ. തിരികെയെത്താത്ത 7,58,980 ബോട്ടിലുകൾക്ക് അധികം ഈടാക്കിയ 20 രൂപ ബെവകോയുടെ ലാഭമായി. എന്നാൽ കുറച്ച് കുപ്പികൾ കൂടി തിരികെ എത്തിക്കാനാണ് അധികൃതർ ശ്രമിക്കുന്നത്.
ബാലരാമപുരം മുക്കോല ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ കുപ്പികൾ തിരിച്ചെത്തിയത്. 91794 കുപ്പികൾ വിറ്റതിൽ 59067 എണ്ണം തിരിച്ചെത്തി. കണ്ണൂർ പണപ്പുഴയിൽ 67,896 കുപ്പികൾ വിറ്റതിൽ 21,007 എണ്ണം മാത്രമാണ് തിരിച്ചെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |