ടെൽ അവീവ്: വെടിനിറുത്തൽ പ്രാബല്യത്തിൽ വരികയും നിശ്ചിത പ്രദേശങ്ങളിൽ നിന്ന് ഇസ്രയേൽ സൈന്യം പിൻമാറുകയും ചെയ്തതോടെ,ഗാസയിൽ ശക്തിപ്രാപിക്കാനുള്ള ശ്രമവുമായി ഹമാസ്. പ്രാദേശിക ഏറ്റുമുട്ടലുകളും തുടങ്ങി. തെരുവുകളിൽ സുരക്ഷാ പരിശോധന ആരംഭിച്ച ഹമാസ്,ഗാസ സിറ്റിയിൽ നടത്തിയ ഏറ്റുമുട്ടലിനിടെ പ്രാദേശിക സായുധ സംഘത്തിലെ 32 അംഗങ്ങളെ വധിച്ചു.
ആറ് ഹമാസ് അംഗങ്ങളും കൊല്ലപ്പെട്ടു. 24 പേരെ അറസ്റ്റ് ചെയ്തെന്നും 30 പേർക്ക് പരിക്കേറ്റെന്നും ഹമാസ് ആഭ്യന്തര മന്ത്രാലയം പ്രതികരിച്ചു.
ഗാസയിൽ ഹമാസിനെ എതിർക്കുന്ന നിരവധി ചെറു പ്രാദേശിക സംഘങ്ങളുണ്ട്. അതേസമയം,ഹമാസ് സജീവമാകുന്നതിനെ ഇസ്രയേൽ ഗൗരവത്തോടെയാണ് കാണുന്നത്. യു.എസിന്റെ സമാധാന പദ്ധതി പ്രകാരം യുദ്ധം പൂർണമായും അവസാനിക്കണമെങ്കിൽ ഹമാസ് നിരായുധീകരിക്കപ്പെടണം. പാലസ്തീൻ രാഷ്ട്രമുണ്ടാകാതെ അതിന് തയ്യാറാകില്ലെന്നാണ് ഹമാസിന്റെ പക്ഷം. സ്വതന്ത്ര പാലസ്തീനെ അനുവദിക്കില്ലെന്ന് ഇസ്രയേലും. ഹമാസിനെ ഇല്ലാതാക്കിയില്ലെങ്കിൽ സർക്കാരിനെ വീഴ്ത്തുമെന്ന് ഇസ്രയേലിലെ തീവ്ര വലതുപക്ഷ പാർട്ടികൾ ഭീഷണി മുഴക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |