മുംബയ്: വെള്ളിക്ക് ഇന്ത്യയിൽ കടുത്ത ക്ഷാമം നേരിടുകയാണ്. ഇതോടെ എസ്ബിഐ അടക്കമുള്ള ഒട്ടേറെ മ്യൂച്ചൽ ഫണ്ട് കമ്പനികൾ പുതിയ ഇടിഎഫ് സിൽവർ നിക്ഷേപം സ്വീകരിക്കുന്നത് അവസാനിപ്പിച്ചിരിക്കുകയാണ്. ഒരു കിലോ ഗ്രാം വെള്ളിയുടെ വില 1,80,000 രൂപയിൽ എത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ദീപാവലി അടക്കമുള്ള ഉത്സവ സീസൺ അനുബന്ധിച്ചള്ള ഷോപ്പിംഗ് വർദ്ധിക്കുന്നതിനിടെയാണ് വെള്ളിക്ക് കടുത്ത ക്ഷാമം നേരിടുന്നത്. കഴിഞ്ഞ നാലാഴ്ചയ്ക്കിടെയാണ് വെള്ളിയുടെ ഡിമാൻഡിൽ വൻ വർദ്ധനവുണ്ടായിരിക്കുന്നത്. എന്തുകൊണ്ടാവാം ഈ ഉത്സവ സീസണിൽ വെള്ളിയുടെ ലഭ്യതയ്ക്ക് ക്ഷാമം നേരിടുന്നത്. പരിശോധിക്കാം?
ലോകത്ത് ഏറ്റവും കൂടുതൽ വെള്ളി ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ. ദീപാവലിക്ക് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിതമായി ക്ഷാമം നേരിട്ടത്. ഇത് വിൽക്കുന്നവരെയും വാങ്ങുന്നവരെയും ആശങ്കാകുലരാക്കിയിട്ടുണ്ട്. റോയിട്ടേഴ്സ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ലോകമെമ്പാടും വെള്ളിയുടെ ആവശ്യം ക്രമാനുഗതമായി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ വിതരണം അതേപടി തുടരുന്നില്ല.
സോളാർ പാനലുകൾ, ഇലക്ട്രോണിക്സ്, ബാറ്ററികൾ എന്നിവയിൽ വെള്ളിയുടെ വർദ്ധിച്ചുവരുന്ന ഉപയോഗം സ്ഥിതി കൂടുതൽ വഷളാക്കുകയും ചെയ്തു. സെപ്തംബറിൽ, അമേരിക്ക അവശ്യ ധാതുക്കളുടെ പട്ടികയിൽ വെള്ളിയും ചേർത്തതോടെ വലിയ കയറ്റുമതി അവിടേക്ക് വഴിതിരിച്ചുവിടുന്നതിലേക്ക് നയിച്ചു. ഇതോടെ ആഗോള വിതരണത്തിന് കൂടുതൽ തടസങ്ങൾ നേരിടാൻ കാരണമാക്കി.
ഇറക്കുമതി കുറഞ്ഞു
ഇന്ത്യയുടെ വെള്ളി ആവശ്യകതയുടെ 80 ശതമാനം നിറവേറ്റുന്നത് ഇറക്കുമതിയിലൂടെ. എന്നാൽ 2025ലെ ആദ്യ എട്ട് മാസങ്ങളിൽ വെള്ളി ഇറക്കുമതി 42 ശതമാനം കുറഞ്ഞ് വെറും 3,302 ടണ്ണായി മാറിയിരുന്നു. സാധാരണയായി, ആവശ്യകത വർദ്ധിക്കുമ്പോൾ ബാങ്കുകൾ കൂടുതൽ വെള്ളി ഇറക്കുമതി ചെയ്യാൻ മുന്നിട്ടിറങ്ങുമായിരുന്നു. എന്നാൽ ഇത്തവണ, പ്രധാന ഉത്പാദക രാജ്യങ്ങളിൽ പോലും വലിയ ക്ഷാമം നേരിടുന്നു. കൂടാതെ ഷിപ്പിംഗ് കാലതാമസവും ശക്തമായ ആഗോള ആവശ്യകതയും കാര്യങ്ങൾ കൂടുതൽ വഷളാക്കുന്നതിന് കാരണമായി. അതേസമയം ലണ്ടനിൽ വെള്ളി കടമെടുക്കുന്നതിനുള്ള ചെലവ് 30 ശതമാനത്തിലധികം വർദ്ധിച്ചു.
വെള്ളി നിക്ഷേപം
ഇന്ത്യയിലെ വെള്ളി നിക്ഷേപ ഫണ്ടുകൾ ഈ വർഷം റെക്കോർഡ് നിക്ഷേപമാണ് നടത്തിയത്. സെപ്തംബറിൽ മാത്രം നിക്ഷേപകർ 53.42 ബില്യൺ രൂപയിലധികം നിക്ഷേപിച്ചു, ഒക്ടോബറിലും വാങ്ങൽ പ്രവാഹവും തുടർന്നു. എന്നാൽ ഇപ്പോൾ, പുതിയ വാങ്ങലുകൾ താൽക്കാലികമായി നിർത്തിവച്ചിട്ടുണ്ട്. ദീപാവലി അടുത്തിരിക്കുന്ന ഈ സമയത്ത് ആഭരണശാലകൾ മുതൽ ഗിഫ്റ്റ് ഷോപ്പുകൾ വരെ എല്ലായിടത്തും ക്ഷാമം അനുഭവപ്പെടുന്നുണ്ട്.
ദീപാവലി സമയത്ത് വെള്ളി പാത്രങ്ങൾ, നാണയങ്ങൾ എന്നിവയ്ക്ക് ആവശ്യക്കാർ ഉണ്ടാകാറുണ്ട്. അതുകൊണ്ട് ഈ സമയത്ത് വില ഉയരുമെന്ന് പ്രതീക്ഷിച്ച് പലരും പഴയ വെള്ളി വിൽക്കാതെ സൂക്ഷിക്കുകയാണ്. ഇത് പഴയ വെള്ളിയുടെ വിതരണം കുറച്ചു. തൽഫലമായി, ഉപഭോക്താക്കൾക്ക് കൂടുതൽ പണം നൽകേണ്ടിവരുമെന്നും ഡെലിവറികൾക്കായി കൂടുതൽ സമയം കാത്തിരിക്കേണ്ടിവരുമെന്നും ജ്വല്ലറികൾ മുന്നറിയിപ്പ് നൽകുന്നു. ഈ ദീപാവലിക്ക് വെള്ളിയുടെ വില സ്വർണത്തെപ്പോലെ ഉയരുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |