തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തോടനുബന്ധിച്ച് വ്യവസായ, അടിസ്ഥാനസൗകര്യ സംരംഭങ്ങൾക്കായി തോട്ടം ഭൂമിയേറ്റെടുത്താൽ വികസനം അതിവേഗം സാദ്ധ്യമാക്കാം. തത്പരരായ സംരംഭകരുണ്ടെങ്കിലും ഭൂമിയില്ലാത്തതാണ് വെല്ലുവിളി. തോട്ടംഭൂമി ഉപയോഗിക്കാനായാൽ വ്യവസായ ക്ലസ്റ്ററുകളും ലോജിസ്റ്റിക്സ് പാർക്കുകളും കയറ്റുമതി അധിഷ്ഠിത വ്യവസായങ്ങളുമടക്കം സ്ഥാപിക്കാം.
വൻകിടക്കാരുടെ രേഖകളില്ലാത്ത 5.25ലക്ഷം ഏക്കർ തോട്ടംഭൂമി സംസ്ഥാനത്തുണ്ട്. ഏറ്റെടുത്ത് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാമെന്ന് സർക്കാരിന് നേരത്തേ സെക്രട്ടിതല സമിതിയുടെ ശുപാർശ ലഭിച്ചിരുന്നു.
സംസ്‌കരണ ഹബ്ബുകൾ, ഗോഡൗണുകൾ, വമ്പൻസ്റ്റോറേജ്, കോൾഡ്-കൂൾചെയ്നുകൾ, കണ്ടെയ്നർ റിപ്പയറിംഗ് യാർഡുകൾ തുടങ്ങിയവ സജ്ജമാക്കാനുമാകും. ഇതിലൂടെ കൂടുതൽ തൊഴിലവസരങ്ങളുണ്ടാകും. തദ്ദേശീയർക്കും ജോലി ലഭിക്കും. തുറമുഖ, നഗരമേഖലയിൽ ഭൂമിക്ക് വൻവിലയാണ്. കിൻഫ്രയും തുറമുഖകമ്പനിയും ചേംബർ ഒഫ് കോമേഴ്സുമെല്ലാം ശ്രമിച്ചെങ്കിലും വൻതോതിൽ ഭൂമികണ്ടെത്താനായിട്ടില്ല.
തുറമുഖത്തിന് 50 കിലോമീറ്റർ ചുറ്റളവിൽ 10,000 ഏക്കർ സ്ഥലമേറ്റെടുത്ത് സ്വകാര്യസംരംഭകർക്ക് കൈമാറുമെന്നും അവിടെ സ്പെഷ്യൽ ഡെവലപ്മെന്റ് സോൺ രൂപീകരിക്കുമെന്നുമാണ് സർക്കാർ പ്രഖ്യാപനം. വിഴിഞ്ഞം-കൊല്ലം-പുനലൂർ വികസനത്രികോണ പദ്ധതിക്കും ഭൂമിയാവശ്യമാണ്. കിൻഫ്രയ്ക്ക് ഇതുവരെ 300ഏക്കറേ കണ്ടെത്താനായിട്ടുള്ളൂ. ലോജിസ്റ്റിക്സ്, ഹെൽത്ത് ടൂറിസം, ഗ്രീൻ ഇൻഡസ്ട്രി, ഫുഡ് പ്രോസസിംഗ്, അഗ്രോ പ്രോസസിംഗ് എന്നിവയാണ് മുൻഗണനയിലുള്ള സംരംഭങ്ങൾ.
നിയമഭേദഗതി
വേണ്ടിവരും
ഭൂപരിഷ്കരണ നിയമപ്രകാരം തോട്ടഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാനാവില്ല. വ്യവസായാവശ്യത്തിന് ഉപയോഗിക്കാൻ നിയമഭേദഗതി വേണ്ടിവരും.
പാട്ടം 90വർഷത്തേക്ക്
1.വിഴിഞ്ഞത്തെ വ്യവസായസംരംഭകർക്ക് 90വർഷത്തെ പാട്ടക്കാലാവധിയാണ്. വൻകിട നിക്ഷേപകർ ആദ്യവർഷം പാട്ടത്തുകയുടെ 10% അടച്ചാൽമതി. രണ്ടുവർഷം മൊറോട്ടോറിയവുമുണ്ട്
2. വൻകിടേതര നിക്ഷേപകർക്ക് 60വർഷത്തേക്കും 100കോടിക്കു മുകളിലെ നിക്ഷേപമാണെങ്കിൽ 90വർഷം വരെയും ഭൂമി അനുവദിക്കും. കുറഞ്ഞത്10ഏക്കർ ഭൂമിയാണ് അനുവദിക്കുക
3ലക്ഷം കോടി
പ്രതീക്ഷിക്കുന്ന
നിക്ഷേപം
''വിഴിഞ്ഞത്തിന് അനുബന്ധമായി രൂപപ്പെടുന്ന വ്യാവസായിക വാണിജ്യ വളർച്ച വലുതാണ്. വിഴിഞ്ഞത്തിന്റെ വികസനം കേരളം മുഴുവൻ വ്യാപിക്കാൻ കരുത്തുള്ളതാണ്
-കെ.എൻ.ബാലഗോപാൽ, ധനമന്ത്രി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |