
തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിന്റെ അടുത്ത ഘട്ടങ്ങൾ പൂർത്തിയാവുമ്പോൾ തലസ്ഥാനം കപ്പൽ നഗരമാകും. നിലവിലെ 800 മീറ്റർ ബർത്ത് 2000 മീറ്ററാക്കുന്നതോടെ നിരവധി കൂറ്റൻ കപ്പലുകൾക്ക് ഒരേ സമയം ചരക്കിറക്കാനാവും. തുറമുഖത്തിന്റെ പ്രതിവർഷ ശേഷി 50ലക്ഷം കണ്ടെയ്നറാവും.. 24ന് മുഖ്യമന്ത്രി പിണറായിവിജയൻ അടുത്ത ഘട്ട നിർമ്മാണ പ്രവൃത്തികളുടെ ഉദ്ഘാടനം നിർവഹിക്കും.
2028 ഡിസംബറിനകം പൂർത്തിയാവുന്ന രണ്ടു മുതൽ നാലു വരെ ഘട്ടങ്ങൾക്കായി 15,000 കോടി വരെ അദാനി മുടക്കും. സർക്കാർ പണം മുടക്കേണ്ടതില്ല. സ്വകാര്യ ഭൂമിയും ഏറ്റെടുക്കേണ്ട. ഇറക്കുമതിയും കയറ്റുമതിയും സാദ്ധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങൾ ആരംഭിക്കുന്നതോടെ, കേരളത്തിന്റെ സമ്പദ്‌ഘടനയിൽ കുതിച്ചുചാട്ടമുണ്ടാവും. ലോജിസ്റ്റിക്സ്,വെയർഹൗസിംഗ്, കോൾഡ്- കൂൾചെയ്നുകൾ, കണ്ടെയ്നർ റിപ്പയറിംഗ് എന്നിങ്ങനെ പല മേഖലകളിൽ തൊഴിലവസരങ്ങളുണ്ടാവും. റെയിൽവേ യാർഡ്, മൾട്ടിപർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക്ഫാം വരും.
250 മീറ്ററിലെ ലിക്വിഡ് കാർഗോ ബെർത്തിൽ കപ്പലുകൾക്ക് ഇന്ധനം നിറയ്ക്കാനുള്ള ബങ്കറിംഗ് സൗകര്യവുമുണ്ട്. മൾട്ടി പർപ്പസ് ബെർത്തുകളിൽ അരി,കൽക്കരി, യന്ത്രഭാഗങ്ങളടക്കം ഇറക്കാം. തോട്ടണ്ടിയടക്കം ഇറക്കുമതിചെയ്യാം. സംസ്കരിച്ച മത്സ്യം, പച്ചക്കറി,പഴങ്ങൾ, തേൻ,പൂക്കൾ, കാർഷികോത്പന്നങ്ങൾ, സുഗന്ധ വ്യഞ്ജനങ്ങൾ, കുടുംബശ്രീ ഉത്പന്നങ്ങൾ എന്നിവ കയറ്റുമതി ചെയ്യാം.
കൊച്ചിവഴി അമേരിക്കയിലേക്കുള്ള കയറ്റുമതിക്ക് 60- 65ദിവസവും യൂറോപ്പിലേക്ക് 40 ദിവസവുമെടുക്കുമെങ്കിൽ വിഴിഞ്ഞത്തെ നേരിട്ടുള്ള സർവീസിൽ അമേരിക്കയിലേക്ക്
35, യൂറോപ്പിലേക്ക് 22 ദിവസം മതി.ആഡംബര കപ്പലുകളെത്തുന്നതോടെ ആലപ്പുഴ
വരെ ടൂറിസം വികസനമുണ്ടാവും.
കപ്പലുകൾ ഊഴം
കാത്തുകിടക്കും
വിഴിഞ്ഞത്ത് നങ്കൂരമിടാൻ ഊഴം തേടി കൂറ്റൻ കപ്പലുകൾ കാത്തു
കിടക്കും. ചരക്കുനീക്കം വേഗത്തിലാവും.
നിലവിൽ ഒരു മദർഷിപ്പിനും ഒരു ഫീഡർ കപ്പലിനും അല്ലെങ്കിൽ 3ഫീഡർ കപ്പലുകൾക്കാണ് അടുക്കാനാവുക.
അടുത്ത ഘട്ടത്തോടെ തുറമുഖം ഇന്റഗ്രേറ്റഡ് ലോജിസ്റ്റിക് ഹബാവും.
ബർത്ത് 2000മീറ്ററാവുന്നതോടെ യാർഡിലെ കണ്ടെയ്നർ ശേഷി രണ്ടിരട്ടിയാവും. നിലവിൽ 32ക്രെയിനുകളുള്ളത് അറുപതാവും. മൾട്ടിപർപ്പസ് ബർത്തുകളിൽ ക്രൂഡ്ഓയിലോ ഇന്ധനങ്ങളോ എൽ.എൻ.ജിയോ കൊണ്ടു വരാം.
ഒരു വർഷത്തിനിടെയെത്തിയ കണ്ടെയ്നറുകൾ
11.66ലക്ഷം
542
കപ്പലുകളുമെത്തി. ഇതിൽ23 അൾട്രാലാർജ് വെസലുകളും
"ദക്ഷിണേന്ത്യയുടെ ഭൂരിഭാഗം കയറ്റുമതിയും ഇറക്കുമതിയും വിഴിഞ്ഞം വഴിയാവും.''
-വി.എൻ.വാസവൻ,
തുറമുഖ മന്ത്രി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |