ഇന്നലെ വിലയില്‍ മൂന്ന് തവണ മാറ്റം
ചാഞ്ചാടി ആടി സ്വര്‍ണ വില
കൊച്ചി: അമേരിക്കയിലെ സാമ്പത്തിക അനിശ്ചിതത്വവും വ്യാപാര യുദ്ധവും പിന്തുണയായതോടെ നടപ്പുവര്‍ഷം ആദ്യ ഒന്‍പത് മാസത്തില്‍ കേരളത്തില്‍ പവന്‍ വിലയില്‍ 36,920 രൂപയുടെ വര്‍ദ്ധന. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ച് ഇന്നലെ കേരളത്തില്‍ പവന്‍ വില 94,120 രൂപയിലെത്തി. ചൈനയും അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങള്‍ വഷളാകുന്നതും ഡോളറിന്റെ ദൗര്‍ബല്യവുമാണ് സ്വര്‍ണത്തിന് കരുത്ത് പകരുന്നത്. തുടര്‍ച്ചയായ നാലാം ദിവസമാണ് സ്വര്‍ണ വില റെക്കാഡുകള്‍ പുതുക്കി കുതിക്കുന്നത്. ഇന്നലെ കനത്ത ചാഞ്ചാട്ടമാണ് സ്വര്‍ണ വിലയില്‍ ദൃശ്യമായത്. നടപ്പുവര്‍ഷം ജനുവരി ഒന്നിന് കേരളത്തില്‍ പവന്‍ വില 57,200 രൂപയായിരുന്നു. രാജ്യാന്തര വിപണിയില്‍ അന്ന് സ്വര്‍ണ വില ഔണ്‍സിന് 2,624 ഡോളറായിരുന്നു. ഇന്നലെ 4,180 ഡോളര്‍ വരെയിത് ഉയര്‍ന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടായ റെക്കാഡ് തകര്‍ച്ചയും കേരളത്തില്‍ സ്വര്‍ണ വില വര്‍ദ്ധനയുടെ തോത് ഉയര്‍ത്തി.
ഇന്നലെ വിലയില്‍ മൂന്ന് തവണ മാറ്റം
രാവിലെ 9.20ന് 2,400 രൂപ ഉയര്‍ന്ന് 94,360 രൂപയിലെത്തി റെക്കാഡിട്ട പവന്‍ വിലയില്‍ പിന്നീട് രണ്ട് തവണ മാറ്റം വരുത്തി. ഒരു ദിവസം പവന്‍ വിലയിലുണ്ടാകുന്ന ഏറ്റവും വലിയ വര്‍ദ്ധനയാണിത്. രാവിലെ ഗ്രാമിന് 300 രൂപ ഉയര്‍ന്നു. രാജ്യാന്തര വിപണിയില്‍ രാവിലെ സ്വര്‍ണ വില ഔണ്‍സിന്(31.1ഗ്രാം) 4,180 ഡോളറായിരുന്നു. പിന്നീട് വില 4,100 ഡോളറിലേക്ക് താഴ്ന്നു. ഇതോടെ കേരളത്തിലും വിലയില്‍ മാറ്റം വരുത്തി. ഉച്ചയ്ക്ക് 12.10ന് പവന്‍ വില 1,200 കുറഞ്ഞ് 93,120 രൂപയിലെത്തി. ഗ്രാമിന്റെ വില 150 രൂപ കുറച്ച് 11645 രൂപയായി നിശ്ചയിച്ചു. ഉച്ചയ്ക്ക് ശേഷം കേരളത്തിലെ സ്വര്‍ണ വില വീണ്ടും 960 രൂപ വര്‍ദ്ധനയോടെ 94,120 രൂപയിലാണ് അവസാനിച്ചത്. ഗ്രാമിന്റെ വില 120 രൂപ ഉയര്‍ന്ന് 11765 രൂപയിലെത്തി.
വിലക്കുതിപ്പിന് ആവേശമാകുന്നത്
1. രൂക്ഷമാകുന്ന ചൈന, അമേരിക്ക വ്യാപാര യുദ്ധം
2. അമേരിക്കയില്‍ പലിശ കുറയാനുള്ള സാദ്ധ്യത
3. സുരക്ഷിതത്വം തേടി കേന്ദ്ര ബാങ്കുകളുടെ വാങ്ങല്‍
4. ഡോളറിന് ബദല്‍ നാണയമായി സ്വര്‍ണം മാറുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |