കൊച്ചി : പരസ്പര സ്നേഹവും കരുതലും പങ്കുവെയ്ക്കലും മനുഷ്യബന്ധങ്ങളെ ആഴത്തിൽ സ്പർശിക്കുമെന്ന സന്ദേശം നൽകി, സൗത്ത് ഇന്ത്യൻ ബാങ്ക് ദീപാവലിയോടനുബന്ധിച്ച് ഹൃദയഹാരിയായ പരസ്യചിത്ര ക്യാംപെയ്ൻ പുറത്തിറക്കി. മറ്റുള്ളവരോട് സ്നേഹവും സഹാനുഭൂതിയും പ്രകടിപ്പിക്കുമ്പോൾ അവയെല്ലാം പല രീതിയിൽ നമ്മിലേക്കുതന്നെ തിരിച്ചെത്തുമെന്ന പൊരുൾ വിളിച്ചോതുന്ന 'ഇസ് ദിവാലി, ഖുഷിയോം കേ ദീപ് ജലായേ (ഈ ദീപാവലിയിൽ സന്തോഷത്തിന്റെ പ്രകാശം തെളിയിക്കാം)' എന്ന പരസ്യചിത്രം ഒരുക്കിയിട്ടുള്ളത് പ്രശസ്ത സിനിമ സംവിധായകനായ മാർട്ടിൻ പ്രക്കാട്ടാണ്. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വിവിധ സാമൂഹികമാദ്ധ്യമ അക്കൗണ്ടുകളിലൂടെ പുറത്തിറക്കിയ പരസ്യചിത്രം 72 മണിക്കൂറിനുള്ളിൽ രണ്ട് കോടിയിലധികം കാഴ്ചക്കാരെ നേടി.
ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ഒരു കൊച്ചു ബാലിക തന്റെ വീടിന്റെ ബാൽക്കണിയിൽ വിളക്ക് തെളിയിക്കുന്നിടത്താണ് പരസ്യചിത്രം ആരംഭിക്കുന്നത്. താഴെ നിൽക്കുകയായിരുന്ന ഒരു ബാലനിൽനിന്നും അപ്രതീക്ഷിതമായി സമ്മാനപ്പൊതി ലഭിക്കുന്നതോടെ അവളുടെ മുഖം സന്തോഷത്താൽ പ്രകാശപൂരിതമാകുന്നു. ഏറെ നാളായി ഒരു ക്രിക്കറ്റ് ബാറ്റിന് ആഗ്രഹിച്ചിരുന്ന ആ ബാലന് സെക്യൂരിറ്റി ജീവനക്കാരനായ മുത്തശ്ശൻ ഒരു ക്രിക്കറ്റ് കിറ്റ് സമ്മാനമായി നൽകുന്നു.
ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരിയിൽനിന്നും ദീപാവലി സമ്മാനം അപ്രതീക്ഷിതമായി ലഭിക്കുന്ന മുത്തശ്ശനും, ടാക്സി കാത്തുനിൽക്കുന്ന ആ ജീവനക്കാരിയെ പുത്തൻ കാർ നൽകി അമ്പരപ്പിക്കുന്ന കുടുംബവുമെല്ലാം ഒരു മാലയിലെ മുത്തുകൾപോലെ പരസ്യചിത്രത്തിൽ അണിനിരക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി സമ്മാനങ്ങൾ കൈമാറുമ്പോഴെല്ലാം, തടസരഹിതമായ പേയ്‌മെന്റുകൾക്ക് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഓൺലൈൻ ആപ്ലിക്കേഷനും ഡെബിറ്റ് കാർഡും സഹായത്തിനായി എത്തുന്നുണ്ട്. ചെറിയ പ്രവൃത്തികൾ പോലും മറ്റുള്ളവരുടെ ജീവിതത്തിൽ എത്രമാത്രം സന്തോഷം പകരുമെന്നതിന് ഉദാഹരണമായിട്ടാണ് പരസ്യചിത്രം ഒരുക്കിയിട്ടുള്ളത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലാണ് പരസ്യം ഒരുക്കിയിട്ടുള്ളത്.
ബന്ധങ്ങളിൽ നിക്ഷേപിക്കുക എന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ വിശാലമായ കാഴ്ചപ്പാടിനെ ഉയർത്തുന്നതാണ് പുതിയ പരസ്യചിത്രമെന്ന് ബാങ്കിന്റെ സീനിയർ ജനറൽ മാനേജരും ചീഫ് ഇൻഫർമേഷൻ ഓഫീസറുമായ സോണി എ അഭിപ്രായപ്പെട്ടു. പങ്കുവെയ്ക്കുന്ന സമയങ്ങളിലെല്ലാം സന്തോഷം പതിന്മടങ്ങാകുന്നു എന്നതിന്റെ തെളിവാണ് ഈ ക്യാംപെയ്ൻ.
വേഗതയേറിയ വർത്തമാനകാലത്ത് ചെറിയ കാര്യങ്ങൾപോലും ആളുകളിൽ വലിയ സന്തോഷമുണ്ടാക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. ജനങ്ങളുമായുള്ള അഭേദ്യമായ ബന്ധമാണ് 96 വർഷത്തെ ബാങ്കിങ് പാരമ്പര്യമുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ കരുത്തെന്ന് ബാങ്കിന്റെ മാർക്കറ്റിംഗ് മേധാവി രമേഷ് കെ പി പറഞ്ഞു. ഉപഭോകതാക്കളോടുള്ള വൈകാരിക ബന്ധം ദൃഢമാക്കുന്നതിനുള്ള വലിയ അവസരമാണ് ദീപാവലിപോലെ ഓരോ ആഘോഷവും. പരസ്പര സ്നേഹവും സഹാനുഭൂതിയും ഉൾച്ചേരുന്ന ബന്ധങ്ങൾ എക്കാലവും ഉണ്ടാകണമെന്നതിന്റെ തെളിവാണ് 72 മണിക്കൂറിനുള്ളിൽ പരസ്യത്തിന് ലഭിച്ച രണ്ടുകോടിയിലധികം കാഴ്ചക്കാരെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |