തിരുവനന്തപുരം: സൂപ്പർ ലീഗ് കേരളയുടെ പുതിയ പ്രമോ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. നടന്മാരായ പൃഥ്വിരാജ് സുകുമാരനും കുഞ്ചാക്കോ ബോബനും തമ്മിലുള്ള ഫോൺ സംഭാഷണമാണ് വീഡിയോയിൽ ഉള്ളത്. തൃശൂരിന് വേണ്ടി കുഞ്ചാക്കോ ബോബനും കൊച്ചിക്ക് വേണ്ടി പൃഥ്വിരാജുമാണ് സംസാരിക്കുന്നത്.
പൃഥ്വിരാജിനെ വിളിച്ചശേഷം മുംബയിൽ കരൺ ജോഹറിന്റെ വീട് ഏത് ഭാഗത്തായി വരുമെന്ന് ചാക്കോച്ചൻ ചോദിക്കുന്നു. തുടർന്ന് ലോകേഷ് കനകരാജിന്റെ നമ്പർ തരുമോ? എന്നും ചോദിക്കുന്നുണ്ട്. ആരാടാ ഇതെന്ന് ദേഷ്യത്തോടെ പൃഥ്വിരാജ് ചോദിക്കുമ്പോൾ മോനേ രാജു പേടിപ്പിക്കല്ലേ? എന്ന് ചാക്കോച്ചൻ പറയുന്നു. ശേഷം പ്രഭാസിന്റെ പുതിയ ഇമെയിൽ ഐഡി തന്നാലും മതിയെന്നും ഞങ്ങൾ ജീവിച്ച് പോയിക്കോട്ടെയെന്നും ചാക്കോച്ചൻ പറയുന്നുണ്ട്. ആദ്യം ഒന്നുമനസിലാവാതെ നിൽക്കുന്ന പൃഥ്വിരാജിന് ഇത് ചാക്കോച്ചനാണെന്ന് മനസിലാകുന്നു. യൂത്ത് ഐക്കൺ കുഞ്ചാക്കോ ബോബൻ സാർ ഊതിയതാണെല്ലേ എന്ന് പൃഥ്വിരാജ് ചോദിക്കുന്നു.
'സൂപ്പർ ലീഗ് കേരളയുടെ കാര്യം പറയാൻ വിളിച്ചതാണെല്ലേ? മോനേ നിങ്ങളുടെ തൃശൂരിന്റെ മാജിക് ഒന്നും കൊച്ചിയുടെ അടുത്ത് നടക്കില്ല. കളത്തിലേക്ക് ഇറങ്ങ് കരൺ ജോഹറിന്റെ വീട് എവിടെയാണെന്ന് അവിടെ വച്ച് കാണിച്ചുതരാം'- പൃഥ്വിരാജ് പറയുന്നു. പിന്നാലെ പറ്റാത്ത കാര്യങ്ങൾ പറയരുതെന്ന് പറഞ്ഞ് കുഞ്ചാക്കോ ബോബൻ ഫോൺ ഓഫ് ചെയ്യുന്നുണ്ട്. എന്തായാലും വീഡിയോ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
സൂപ്പർ ലീഗ് കേരള രണ്ടാം സീസണിലെ മൂന്നാം റൗണ്ട് മത്സരങ്ങൾ ഒക്ടോബർ 17ന് തുടക്കമാകും. വെള്ളിയാഴ്ച തിരുവനന്തപുരം കൊമ്പൻസ് എഫ്സി, തൃശൂർ മാജിക് എഫ്‌സിയെ നേരിടും. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |