കൊച്ചി: വിദ്യാർത്ഥിനി ഹിജാബ് ധരിച്ചു സ്‌കൂളിലെത്തിയതുമായി ബന്ധപ്പെട്ട തർക്കത്തിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ നിലപാട് തള്ളി പള്ളുരുത്തി സെന്റ് റീത്താസ് അധികൃതർ. എറണാകുളം വിദ്യാഭ്യാസ ഉപഡയറക്ടർ നൽകിയ റിപ്പോർട്ട് സത്യവിരുദ്ധമാണെന്നും എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതിരുന്നിട്ടില്ലെന്നും പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന വ്യക്തമാക്കി.
രണ്ടു ദിവസത്തെ അവധിക്കു ശേഷം സ്‌കൂൾ ഇന്നലെ തുറന്നു.സ്‌കൂളിന് രാവിലെ ഒൻപതേ കാലോടെയാണ് ഇ-മെയിലിൽ നോട്ടിസ് ലഭിച്ചത്. 11 മണിക്കു മുമ്പ് മറുപടി നൽകി. ഡി.ഡി.ഇ സ്‌കൂളിൽ വന്നപ്പോൾ എല്ലാ തെളിവുകളുമടക്കം നൽകി. സത്യവിരുദ്ധമായ റിപ്പോർട്ടാണ് ഡി.ഡി. നൽകിയത്.സ്‌കൂളിലെ യൂണിഫോം തീരുമാനിക്കാൻ സ്‌കൂൾ അധികൃതർക്ക് അധികാരമുണ്ട്. ഇക്കാര്യം 2018ലെ കോടതി വിധിയിൽ പറയുന്നുണ്ട്. തങ്ങൾക്ക് എല്ലാ കുട്ടികളും ഒരു പോലെയാണ്. വിദ്യാർത്ഥിനിയുടെ മാതാപിതാക്കളുമായി സംസാരിക്കുമെന്നും പ്രിൻസിപ്പൽ പറഞ്ഞു.വിഷയത്തിൽ എം.പിയുടെ നേതൃത്വത്തിൽ സമവായത്തിലെത്തിയെന്ന വാദം പി.ടി.എ തള്ളി. പി.ടി.എയുമായോ മാനേജ്മെന്റുമായോ എം.പി സംസാരിച്ചിട്ടില്ല. രക്ഷിതാക്കളോട് മാത്രമായിരിക്കും സംസാരിച്ചിട്ടുണ്ടാവുക.
വിവാദം
ഒഴിവാക്കണം
സ്കൂളിന് സംരക്ഷണം ഉറപ്പാക്കണമെന്ന് ലത്തീൻ കത്തോലിക്കാ സംഘടനകൾ ആവശ്യപ്പെട്ടു. യൂണിഫോം വിവാദത്തിൽ വിദ്യാഭ്യാസ മന്ത്രിയുടെയും വകുപ്പിന്റെയും ഇടപെടലിൽ സംഘടനകൾ പ്രതിഷേധിച്ചു. വിവാദങ്ങൾ ഒഴിവാക്കണമെന്ന് കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ), കേരള റീജിയൻ ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.ആർ.എൽ.സി.സി.) എന്നിവ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |