ന്യൂഡൽഹി: ബീഹാറിൽ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സ്‌ത്രീകൾ അടക്കമുള്ള വോട്ടർമാരെ ലക്ഷ്യമിട്ട് രാഷ്‌ട്രീയ പാർട്ടികൾ നിരത്തുന്നത് ആനുകൂല്യ പെരുമഴ. സാമ്പത്തിക സ്ഥിതിക്ക് താങ്ങാൻ പറ്റുന്നതിലും മേലെയുള്ള വാഗ്‌ദാനങ്ങൾ പാർട്ടികൾ എങ്ങനെ നടപ്പാക്കുമെന്ന ചോദ്യവും ഉയരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്‌ത വനിതകൾക്ക് പ്രതിമാസം 10,000 രൂപ വീതം നൽകുന്ന മുഖ്യമന്ത്രി മഹിളാ റോസ്ഗർ യോജന അടക്കം മാതൃകാ പെരുമാറ്റച്ചട്ടം ആരംഭിക്കുന്നതിന് മുമ്പ് വരെ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എൻ.ഡി.എ സർക്കാർ വാരിക്കോരി പദ്ധതികൾ പ്രഖ്യാപിക്കുകയും നടപ്പാക്കുകയും ചെയ്‌തു. 1.21 കോടി ഉപഭോക്താക്കളെ ലക്ഷ്യമിടുന്നമഹിളാ റോസ്ഗർ യോജന സ്‌ത്രീ വോട്ടർമാരെ അടുപ്പിക്കുമെന്നാണ് എൻ.ഡി.എ പ്രതീക്ഷ. ഇതിനു ബദലായാണ് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ് ബീഹാറിലെ ഓരോ കുടുംബത്തിനും സർക്കാർ ജോലി വാഗ്‌ദാനം ചെയ്തത്.
അതേസമയം, ഒരു കുടുംബത്തിന് ഒരു സർക്കാർ ജോലി എന്ന ആർ.ജെ.ഡി വാഗ്ദാനം നടപ്പാക്കാൻ 20 ദശലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കേണ്ടതുണ്ട്. ശരാശരി 30,000 രൂപ പ്രതിമാസ ശമ്പളം വച്ച് പ്രതിവർഷം 90,000 കോടി അധികമായി കണ്ടെത്തേണ്ടി വരും. ഇത് സംസ്ഥാനത്തിന്റെ ബഡ്‌ജറ്റിനെ താളം തെറ്റിക്കുമെന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം.
നിതീഷ് സർക്കാരിന്റെ
പദ്ധതികൾ
ആഗസ്റ്റ് മുതൽ 1.89 ലക്ഷം ഉപഭോക്താക്കൾക്ക് 125 മെഗാവാട്ട് സൗജന്യ വൈദ്യുതി. സാമൂഹിക സുരക്ഷാ പെൻഷൻ 400 രൂപയിൽ നിന്ന് 1,100 രൂപയായി ഉയർത്തി,12-ാം ക്ലാസ് വരെ പഠിച്ച 18-25 പ്രായമുള്ള ഏകദേശം 12 ലക്ഷം തൊഴിൽരഹിതർക്ക് 1,000 രൂപ പ്രതിമാസ അലവൻസ്,16 ലക്ഷം നിർമ്മാണ തൊഴിലാളികൾക്ക് 5,000 രൂപ വസ്ത്ര അലവൻസ്,ജീവിക, അംങ്കണവാടി,ആശാ വർക്കർമാരുടെ പ്രതിമാസ ഓണറേറിയം വർദ്ധിപ്പിച്ചു.
അതേസമയം,2025-2026 വർഷത്തെ ബീഹാർ ബഡ്‌ജറ്റ് 3.17 ലക്ഷം കോടിയാണ്. ഇതിൽ 1.12 ലക്ഷം കോടി ശമ്പളത്തിനും പെൻഷനും വേണ്ടി ചെലവാകും. ഇതുവരെ പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ 1.3 ലക്ഷം കോടിയുണ്ട്. മുഖ്യമന്ത്രി മഹിളാ റോസ്ഗാർ യോജന പ്രകാരം 1.21 കോടി സ്ത്രീകൾക്ക് 10,000 രൂപ വീതം നൽകാൻ 12,100 കോടി വേണം. സാമ്പത്തിക വർഷം ഈ വകയിൽ ഏകദേശം 40,000 കോടി ചെലവാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |