തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ മഹിളാ മോർച്ച നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ പ്രവർത്തകർക്ക് ബിരിയാണി വിളമ്പി സംഘാടകർ. ഇന്ന് നടന്ന മാർച്ചിലാണ് പ്രവർത്തകർക്ക് വേണ്ടി ബിരിയാണി വിളമ്പിയത്. മാർച്ച് സംഘർഷത്തിൽ കലാശിച്ചതിനെത്തുടർന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചിരുന്നു. സമരത്തിന് ശേഷം ഒന്നരയോടെ വിവിധ ജില്ലകളിൽ നിന്നെത്തിയ പ്രവർത്തകർക്ക് പാഴ്സൽ ബിരിയാണിയും ഒരു കുപ്പിവെള്ളവും നൽകിയത്.
പ്രവർത്തകർക്ക് വേണ്ടി വെജിറ്റേറിയൻ ബിരിയാണിയാണ് ഒരുക്കിയതെന്ന് സംഘാകരിൽ ഒരാൾ പറഞ്ഞു. സമരം കഴിഞ്ഞ് ബിരിയാണിയും വെള്ളവും ലഭിക്കുന്നത് പുതിയ അനുഭവമാണെന്ന് മാർച്ചിൽ പങ്കെടുത്ത പ്രവർത്തകർ സ്വകാര്യ ചാനലിനോട് പറഞ്ഞു. കഴിക്കുന്നതൊന്നും ഞങ്ങൾക്ക് ഒരു പ്രശ്നമല്ലെന്നും അയ്യപ്പൻ ഞങ്ങൾക്ക് ഊർജം തരുമെന്നും മഹിളാ പ്രവത്തകർ പറഞ്ഞു.
ശബരിമല വിവാദത്തിൽ മഹിളാ മോർച്ചയുടെ നേതൃത്വത്തിൽ നടന്ന സെക്രട്ടേറിയേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തത് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറായിരുന്നു. ശബരിമല ഒരു ഒറ്റപ്പെട്ട സംഭവമായിരുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ നിന്ന് 60 പവൻ സ്വർണം മോഷ്ടിക്കപ്പെട്ടതിനെയും മുഖ്യമന്ത്രി പിണറായി വിജയൻ മറ്റൊരു ചെറിയ വീഴ്ചയായി ചിത്രീകരിച്ച് നിസ്സാരവൽക്കരിക്കമോ? ദേവസ്വം ബോർഡ് മന്ത്രി രാജിവയ്ക്കാൻ ഇനിയുമെത്ര അഴിമതികൾ കൂടി പുറത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |