തൊടുപുഴ: കോലാനിയിൽ നിന്ന് രണ്ടര ലക്ഷം രൂപയോളം വില വരുന്ന ക്യാമറാ ലെൻസുകൾ മോഷണം പോയ സംഭവത്തിൽ മുഖ്യപ്രതി പിടിയിൽ. മൂവാറ്റുപുഴ മുളവൂർ സ്വദേശി പാലോപാലത്തിൽ വീട്ടിൽ ഷാഹുൽ ഹമീദാണ് (26) അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് തൊടുപുഴ പൊലീസ് പിടിച്ചത്. ബംഗളൂരുവിലെത്തിയ പ്രതിയെ തെരഞ്ഞ് അന്വേഷണ സംഘമെത്തിയെങ്കിലും ഇയാൾ അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിലാണ് പാലക്കാട് പിടിയിലാകുന്നത്. കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ പതിനഞ്ചോളം ക്രിമിനൽ കേസുകളുണ്ട്.
കേസിലെ രണ്ടാം പ്രതി എറണാകുളം പാനിപ്പുറം സ്വദേശി മറ്റത്തിൽ വീട്ടിൽ ജോബിൻ ജോർജ് (29), ഭാര്യ വൈക്കം കൊച്ചുതുറ സ്വദേശി അജീഷ (23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മോഷ്ടിച്ച രണ്ട് ലെൻസുകളിൽ ഒരെണ്ണം ജോബിനാണ് ആലുവയിൽ വിറ്റത്. വാങ്ങിയ കടക്കാരൻ ഇത് വിൽപ്പനയ്ക്കായി ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഇട്ടപ്പോൾ വെഡ്ഡിംഗ് സ്റ്റുഡിയോ ഉടമയായ കോലാനി സ്വദേശി പാലത്തിങ്കൽ വീട്ടിൽ ശ്രീജിത്തിന്റെ ശ്രദ്ധയിൽപ്പെടുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു.
കഴിഞ്ഞ മാസം 21നാണ് സ്റ്റുഡിയോയിൽ നിന്ന് ഒന്നാം പ്രതി ലെൻസ് മോഷ്ടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |