തിരുവനന്തപുരം: പ്രവാസി മലയാളികളുടെ നിക്ഷേപം സ്വരൂപിക്കുന്നതിന് സർക്കാർ രൂപീകരിച്ച ഓവർസീസ് കേരളൈറ്റ്‌സ് ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഹോൾഡിംഗ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി എറണാകുളം കാക്കനാട് സ്വദേശി ഡോ. ബൈജു ജോർജിനെ നിയമിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു വർഷത്തേക്ക് കരാറടിസ്ഥാനത്തിലാണ് നിയമനം.
ലോക കേരള സഭയുടെ നിർദ്ദേത്തെ തുടർന്നാണാണ് രണ്ടാഴ്ച മുമ്പ് പ്രവാസി നിക്ഷേപ കമ്പനി രൂപീകരിച്ചത്. പ്രവാസി നിക്ഷേപം ഉപയോഗപ്പെടുത്തി പദ്ധതികൾ ആസൂത്രണം ചെയ്‌ത് നടപ്പാക്കുകയാണ് പ്രധാന ലക്ഷ്യം. കമ്പനിയിൽ 74 ശതമാനം ഓഹരി പ്രവാസികൾക്കും 26 ശതമാനം സർക്കാരിനുമാണ്.
അതിനിടെ, പ്രവാസി നിക്ഷേപം ആകർഷിക്കുന്നതിന്റെ ഭാഗമായി ദുബായിൽ നടക്കുന്ന സംഗമത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ അടുത്തദിവസം യു.എ.ഇയിലെത്തും. ഇന്നലെ ഡൽഹിക്ക് പോയ മുഖ്യമന്ത്രി ഇന്നും നാളെയുമായി വിവിധ പദ്ധതികളെക്കുറിച്ച് കേന്ദ്രമന്ത്രിമാരുമായി ചർച്ച നടത്തും. തുടർന്ന് സി.പി.എം പോളിറ്റ്ബ്യൂറോ, കേന്ദ്രകമ്മിറ്റി യോഗങ്ങളിൽ പങ്കെടുത്ത ശേഷം യു.എ.ഇയിലേക്ക് പോകും.
വിരമിച്ച ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ കെ.എ. മുഹമ്മദ് നൗഷാദിനെ കേരള സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ എം.ഡിയാക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. പുനർ നിയമന വ്യവസ്ഥയിലാണ് നിയമനം.
ക്ലീൻ കേരള കമ്പനിയിൽ കരാർനിയമനം
ക്ലീൻ കേരള കമ്പനിയെ ശക്തിപ്പെടുത്തി സംസ്ഥാനത്തെ അജൈവ മാലിന്യ സംസ്കരണം കൂടുതൽ ഫലപ്രദമാക്കും. ഇതിനായി 25 താത്കാലിക തസ്തികകൾ സൃഷ്ടിക്കും. തൃശൂർ പുല്ലൂറ്റ് കെ.കെ.ടി.എം ഗവൺമെന്റ് കോളേജിൽ ട്രാവൽ ആൻഡ് ടൂറിസം ബിരുദ കോഴ്‌സിലേക്കായി ട്രാവൽ ആൻഡ് ടൂറിസം വിഷയത്തിൽ നാല് അസിസ്റ്റന്റ് പ്രൊഫസർ തസ്തികകൾ സൃഷ്ടിക്കും.
ദേശീയ പിന്നാക്ക വിഭാഗ ധനകാര്യ വികസന കോർപറേഷനിൽ നിന്ന് വായ്പ ലഭിക്കുന്നതിന് സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപറേഷന് വേണ്ടി 300 കോടി രൂപയുടെ അധിക ഗ്യാരന്റി അനുവദിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |