കൊച്ചി: കുടിവെള്ളക്കുപ്പികൾ ബസിന്റെ മുൻവശത്ത് സൂക്ഷിച്ചതിന് ഡ്രൈവറെ സ്ഥലംമാറ്റിയ കെഎസ്ആർടിസിയുടെ നടപടി ഹൈക്കോടതി റദ്ദാക്കി. മതിയായ കാരണമില്ലാതെയാണ് സ്ഥലംമാറ്റിയത് എന്ന് നിരീക്ഷിച്ചാണ് കേടതി ഉത്തരവ് തടഞ്ഞത്. ഗതാഗതമന്ത്രി കെബി ഗണേശ് കുമാറിന്റെ നിർദേശപ്രകാരമാണ് പൊൻകുന്നം ഡിപ്പോയിലെ ഡ്രൈവർ ജയ്‌മോൻ ജോസഫിനെ സ്ഥലംമാറ്റിയത്.
സ്ഥലംമാറ്റ നടപടിയെ രൂക്ഷമായ ഭാഷയിലാണ് ഹൈക്കോടതി വിമർശിച്ചത്. ന്യായമായ കാരണമില്ലാത്ത സ്ഥലംമാറ്റം ശിക്ഷാനടപടിയായി കണക്കാക്കേണ്ടിവരുമെന്നും അമിതാധികാരപ്രയോഗം ആണെന്നും കോടതി വിമർശിച്ചു. അച്ചടക്കവിഷയം വന്നാൽ സ്ഥലംമാറ്റുകയാണോ എപ്പോഴും പരിഹാരം എന്നും വാദത്തിനിടെ കെഎസ്ആർടിസിയോട് ഹൈക്കോടതി ചോദിച്ചു. ബസിൽ വെള്ളക്കുപ്പികൾ സൂക്ഷിച്ചതിന് ദൂരേക്കുള്ള സ്ഥലംമാറ്റം എങ്ങനെ ആനുപാതികമാകുമെന്നും കോടതി ചോദിച്ചു.
നടപടി ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധമാണെന്നും മന്ത്രിയുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മാത്രമാണ് സ്ഥലംമാറ്റമെന്നുമാണ് ഡ്രൈവർ ജയ്‌മോൻ ജോസഫ് നൽകിയ ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഉപയോഗിക്കാനായി സൂക്ഷിച്ച വെള്ളക്കുപ്പികൾ ഡ്രൈവർ ക്യാബിനിൽ വേറെ സ്ഥലമില്ലാത്തതിനാലാണ് ഗ്ളാസിനടുത്ത് വച്ചതെന്നും മന്ത്രി മാദ്ധ്യമങ്ങൾക്കുമുന്നിൽ തന്നെ അപമാനിക്കുകയായിരുന്നുവെന്നും ഹർജിൽ വ്യക്തമാക്കിയിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബർ ഒന്നിനാണ് പൊകുന്നം ഡിപ്പോയിലെ മൂന്നുജീവനക്കാർക്കെതിരെ മന്ത്രിയുടെ നിർദ്ദേശപ്രകാരം നടപടിയെടുത്തത്. ബസിന്റെ മുൻവശത്ത് കുടിവെള്ളക്കുപ്പികൾ ഇട്ടതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. ഇതുകണ്ട് മന്ത്രി ആയൂരിൽ ബസ് തടയുകയും ജീവനക്കാരെ പുറത്തിറക്കി ശകാരിക്കുകയും ചെയ്തിരുന്നു. ഇതിനുപിന്നാലെയായിരുന്നു നടപടിയുണ്ടായത്. മന്ത്രിയുടെ നടപടിക്കെതിരെ ജീവനക്കാരുടെ സംഘടനകൾ എതിർപ്പുയർത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |