തിരുവനന്തപുരം: രാജ്യം മുഴുവൻ സ്വകാര്യ സർവകലാശാലകളുണ്ടായിട്ടും കേരളത്തിൽ തുടങ്ങുന്നതിന് കേന്ദ്രത്തിന്റെ അനുമതി വൈകുന്നു. നിയമസഭ പാസാക്കിയ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചെങ്കിലും കേന്ദ്രത്തിന്റെയും യു.ജി.സിയുടെയും പരിശോധന നീളുകയാണ്. കേന്ദ്രനിയമത്തിന് വിരുദ്ധമായ എന്തെങ്കിലുമുണ്ടോയെന്നാണ് പരിശോധിക്കുന്നത്. യു.ജി.സിയുടെ കരട് ചട്ടക്കൂടനുസരിച്ചാണ് നിയമമുണ്ടാക്കിയതെന്നും മനഃപൂർവ്വം അനുമതി നൽകാത്തതാണെന്നും സർക്കാർ ചൂണ്ടിക്കാട്ടുന്നു. മാർച്ച് 25നാണ് ബിൽ നിയമസഭ പാസാക്കിയത്.
മറ്ര് സംസ്ഥാനങ്ങളിലില്ലാത്ത പട്ടികവിഭാഗ സംവരണവും ഫീസിളവും സ്കോളർഷിപ്പും കേരളത്തിലെ നിയമത്തിലുണ്ട്. 40ശതമാനം സീറ്റുകൾ സംസ്ഥാനത്തെ സ്ഥിരതാമസക്കാരായ വിദ്യാർത്ഥികൾക്ക് നീക്കിവച്ചതിന്റെ സാധുതയിൽ നിയമസഭയുടെ സബ്ജക്ട് കമ്മിറ്റി ആശങ്കയറിയിച്ചിരുന്നു. പ്രവേശനത്തിന് വാസസ്ഥലം ബാധകമാക്കരുതെന്ന് പി.ജി.മെഡിക്കൽ കേസിൽ സുപ്രീംകോടതി ഉത്തരവുള്ളതാണ്. ആസ്ഥാന ക്യാമ്പസിന് പുറത്ത് കേരളത്തിലെവിടെയുമുള്ള എത്ര കോളേജുകളെ വേണമെങ്കിലും ഉപക്യാമ്പസുകളായി കൂട്ടിച്ചേർക്കാൻ ആദ്യബില്ലിൽ വ്യവസ്ഥയുണ്ടായിരുന്നു.യു.ജി.സി ചട്ടത്തിന് വിരുദ്ധമായതിനാൽ ഒന്നിലധികം ക്യാമ്പസുകളാവാമെന്ന വ്യവസ്ഥ ഒഴിവാക്കിയിരുന്നു. അഞ്ചു വർഷം പ്രവർത്തിച്ചശേഷമേ ഉപക്യാമ്പസുകൾ തുറക്കാനാവൂ.
ബില്ലിൽ ഗവർണർ ഒപ്പിടുമെന്ന പ്രതീക്ഷയിൽ സർക്കാർ ചട്ടങ്ങൾ തയ്യാറാക്കിയിരുന്നു. മെഡിക്കൽ, എൻജിനിയറിംഗ്,നിയമം,ഫാർമസി,പാരാമെഡിക്കൽ എന്നിങ്ങനെ വിവിധ പഠനശാഖകളുള്ള മൾട്ടി ഡിസിപ്ലിനറി സർവകലാശാലകളാണ് തുടങ്ങാനിരുന്നത്. ട്രഷറിയിൽ 25കോടി നിക്ഷേപവും പത്തേക്കർ ഭൂമിയുമുള്ള ട്രസ്റ്റുകൾക്കും ഏജൻസികൾക്കും ഗ്രൂപ്പുകൾക്കും അപേക്ഷിക്കാം.
സർവകലാശാലയ്ക്കായി വമ്പന്മാർ
കോഴിക്കോട്ട് മർക്കസും മലപ്പുറത്ത് എം.ഇ.എസും.
500കോടി മുതൽമുടക്കിൽ തൃശൂരിൽ നെഹ്‌റുഗ്രൂപ്പ്
350കോടി മുടക്കിൽ കോഴിക്കോട്ട് ജെയിൻ ഗ്രൂപ്പ്.
കൊച്ചിയിൽ പഞ്ചാബിലെ ലവ്‌ലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി
തൃശൂരിൽ അവിടത്തെ രൂപതയും ഗുജറാത്തിൽ സർവകലാശാലയുള്ള അദാനിഗ്രൂപ്പും
കോഴിക്കോട്ടും പാലക്കാട്ടും മെഡിക്കൽകോളേജുകളുള്ള മലബാർഗ്രൂപ്പിനും താത്പര്യം
മലപ്പുറത്ത് സമസ്‌ത
തിരുവനന്തപുരത്ത് ഹൈദരാബാദിലെ മല്ല റെഡ്ഢി സർവകലാശാല
പിന്നാക്കസംവരണം വേണം
പ്രവേശനത്തിൽ പിന്നാക്കസംവരണം വേണമെന്ന് പാർലമെന്ററി സമിതി ശുപാർശ ചെയ്തിട്ടുണ്ട്. ഒബിസി-27%, എസ്.സി-15%, എസ്.ടി -7.5% വീതം സംവരണത്തിനാണ് ശുപാർശ. കേരളത്തിലെ ബില്ലിൽ പട്ടികസംവരണമുണ്ട്.
517
രാജ്യത്തെ സ്വകാര്യ സർവകലാശാലകൾ
44
കഴിഞ്ഞവർഷം തുറന്നവ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |