പ്രധാന തീരുമാനമെടുക്കുന്ന സമിതികളിൽ ഈഴവരില്ല നാടാർ,പട്ടിക വിഭാഗത്തിനും കടുത്ത അവഗണന
തിരുവനന്തപുരം: ഡൽഹിയിലും തിരുവനന്തപുരത്തും മാസങ്ങൾ നീണ്ട ചർച്ചകൾക്കുശേഷം എ.ഐ.സി.സി പ്രഖ്യാപിച്ച കെ.പി.സി.സി ഭാരവാഹികളുടെ ജംബോ പട്ടികയിലും ഈഴവർ ഉൾപ്പെടെയുള്ള പിന്നാക്ക,പട്ടിക വിഭാഗങ്ങളെ വെട്ടിനിരത്തിയതായി ആക്ഷേപം. തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽക്കണ്ട് തയ്യാറാക്കിയ പട്ടികയിൽ എല്ലാ വിഭാഗങ്ങൾക്കും പരമാവധി പരിഗണന നൽകിയിട്ടുണ്ടെന്നാണ് നേതൃത്വത്തിന്റെ അവകാശവാദം.
എന്നാൽ സംഘടനാ തലത്തിൽ ഇത്ര കടുത്ത അവഗണന നേരിടേണ്ടി വന്നിട്ടില്ലെന്നാണ് ഈ വിഭാഗങ്ങളുടെ പൊതുവികാരം. തിരഞ്ഞെടുപ്പുകളിലെ സ്ഥാനാർത്ഥി നിർണയം ഉൾപ്പെടെ സുപ്രധാന കെ.പി.സി.സി സമിതികളിൽ പ്രാതിനിദ്ധ്യമില്ലാത്തതിലുള്ള അവരുടെ അതൃപ്തി പുകയുന്നു.
ആറ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങൾ ഉൾപ്പെടെ 77 ഭാരവാഹികളുടെ പട്ടികയാണ് പുറത്തിറക്കിയത്. കെ.പി.സി.സി വൈസ് പ്രസിഡന്റുമാരുടെ എണ്ണം 5ൽ നിന്ന് 13 ആയും ജനറൽ സെക്രട്ടറിമാരുടെ എണ്ണം 28ൽ നിന്ന് 58 ആയും ഉയർത്തി. ആറ് പുതിയ രാഷ്ട്രീയകാര്യ സമിതി അംഗങ്ങളിൽ ഈഴവ സമുദായത്തിൽ നിന്ന് ഒരാളുമില്ല. 13 വൈസ് പ്രസിഡന്റുമാരിൽ 3 പേരും 58 ജനറൽ സെക്രട്ടറിമാരിൽ 5 പേരും മാത്രം. നാടാർ സമുദായത്തിൽ നിന്ന് ഒരു ജനറൽ സെക്രട്ടറി.
തിരുവനന്തപുരം ഡി.സി.സി പ്രസിഡന്റിന്റെ ചുമതല കൂടി വഹിക്കുന്ന മുൻമന്ത്രി എൻ.ശക്തനെ കെ.പി.സി.സി വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് തെറിപ്പിച്ചു. ശബ്ദരേഖ ചോർന്നതിന്റെ പേരിൽ ഡി.സി.സി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റിയ പാലോട് രവിക്ക് കെ.പി.സി.സി വൈസ് പ്രസിഡന്റായി പ്രൊമോഷൻ. ഐ.എൻ.ടി.യു.സി നേതൃത്വത്തിലുള്ള നിരവധി തൊഴിലാളി സംഘടനകളുടെ പ്രസിഡന്റായ ജി. സുബോധനെ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കി.
എം. ലിജുവിന്റെ ചിറകരിഞ്ഞു
കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമായിരിക്കെയാണ് എം.ലിജുവിനെ സംഘടനാ ജനറൽ സെക്രട്ടറിയാക്കിയത്. അതിന് മുമ്പുള്ളവർ രണ്ട് സ്ഥാനവും വഹിച്ചിരുന്നെങ്കിലും ലിജുവിനെ കൈയോടെ രാഷ്ട്രീയകാര്യ സമിതിയിൽ നിന്ന് മാറ്റി.
ഇപ്പോഴത്തെ പുനഃസംഘടനയുടെ ഭാഗമായി 13 വൈസ് പ്രസിഡന്റുമാരിൽ ഒരാളായി ഒതുക്കിയതോടെ,സംഘടനാ ജനറൽ സെക്രട്ടറിയെന്ന നിലയിൽ ഉന്നതതല യോഗങ്ങളിൽ പങ്കെടുക്കാൻ കഴിയാതായി. അതേസമയം ലിജുവിന് ശേഷം കെ.എസ്.യു
പ്രസിഡന്റുമാരായ ഷാഫി പറമ്പിലും പി.സി.വിഷ്ണുനാഥും കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റുമാരാണ്. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശ് എം.പി കെ.പി.സി.സി ഭാരവാഹിയല്ല.
ചാണ്ടി ഉമ്മനെയും തഴഞ്ഞു
എ.ഐ.സി.സി ഔട്ട് റീച്ച് സെൽ കൺവീനർ സ്ഥാനത്ത് നിന്ന് തന്നെ അറിയിക്കുക പോലും ചെയ്യാതെ മാറ്റിയത് തന്റെ പിതാവ് ഉമ്മൻചാണ്ടിയുടെ ഓർമ്മ ദിനത്തിലാണെന്ന് ചാണ്ടി ഉമ്മൻ പരസ്യമായി പ്രതികരിച്ചിരുന്നു. പിന്നാലെ, കെ.പി.സി.സി ഭാരവാഹിപ്പട്ടികയിലും ചാണ്ടി ഉമ്മന് ഇടമില്ല. മുൻ കെ.പി.സി.സി പ്രസിഡന്റ് കെ.മുരളീധരന്റെ ഏക നോമിനിയായ ന്യൂനപക്ഷ സെൽ കൺവീനർ കെ.പി.ഹാരീസും ഭാരവാഹി പട്ടികയിലില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |