തിരുവനന്തപുരം: രണ്ടുകിലോ സ്വർണം (250പവൻ) ഉണ്ണികൃഷ്ണൻ പോറ്റി (52) തട്ടിയെടുത്തതായി പ്രത്യേക അന്വേഷണസംഘം. 24 കാരറ്റ് ഒരു പവന് 1,02,232രൂപ വിലയുണ്ട്. ഇതുപ്രകാരം 2.56കോടിയാണ് വില. ശ്രീകോവിലിൽ പതിച്ചിരുന്ന സ്വർണമായതിനാൽ മൂല്യം (ഡിവൈൻ വാല്യു) യഥാർത്ഥ വിലയുടെ പലമടങ്ങായിരിക്കും. ശ്രീകോവിലിലെ പാളികൾ മുറിച്ച് സമ്പന്നരായ ഭക്തർക്ക് വിറ്റതാണെന്നും സംശയമുണ്ട്. ദ്വാരപാലക ശിൽപ്പങ്ങളിലും ഇവയിലെ തെക്കും വടക്കും ഭാഗങ്ങളിലെ പില്ലറുകളിലും പൊതിഞ്ഞിട്ടുള്ള രണ്ടുകിലോ സ്വർണമാണ് തട്ടിയെടുത്തത്.
ദേവസ്വം സ്വത്തുക്കൾ സംരക്ഷിക്കാൻ ബാദ്ധ്യതയുള്ള ദേവസ്വം ബോർഡിന്റെയും ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ പോറ്റി ചതിയും വിശ്വാസവഞ്ചനയും കാട്ടി സ്വർണം തട്ടിയെടുത്തെന്നാണ് കോടതിയിൽ അന്വേഷണസംഘം നൽകിയ റിപ്പോർട്ടിലുള്ളത്. പാളികളിലെസ്വർണം ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ വേർതിരിച്ച് അത് കൈക്കലാക്കിയ ശേഷം, ഇത് മറച്ചുവയ്ക്കാൻ 394.9ഗ്രാം സ്വർണം പൂശി. ഇതിനായി വിവിധ സ്പോൺസർമാരിൽ നിന്ന് വൻതോതിൽ സ്വർണം വാങ്ങി. ഇതും മുഴുവനായി ഉപയോഗിക്കാതെ കൈവശപ്പെടുത്തി. തട്ടിച്ചെടുത്ത സ്വർണവും ആരിൽ നിന്നൊക്കെ സംഭാവനകൾ വാങ്ങിയെന്നും കണ്ടെത്തേണ്ടതുണ്ട്. ശ്രീകോവിലിൽ നിന്നുതന്നെ ക്ഷേത്രമുതൽ ദുരുപയോഗം ചെയ്ത് ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്. അന്വേഷണ സംഘത്തലവൻ എസ്. പി ശശിധരനും കോടതിയിൽ ഹാജരായിരുന്നു.
സന്നിധാനത്ത് ഗൂഢാലോചന
പത്തനംതിട്ട: സ്പോൺസർഷിപ്പ് ഏറ്റെടുത്ത് സന്നിധാനത്ത് വന്നപ്പോൾ മുതൽ സ്വർണക്കൊള്ളയ്ക്ക് ആസൂത്രണം തുടങ്ങിയെന്നും ഉദ്യോഗസ്ഥർ അടക്കം പങ്കെടുത്തെന്നും ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി ക്രൈംബ്രാഞ്ചിനോട് വെളിപ്പെടുത്തിയെന്ന് സൂചന.
ഇന്നലെ പുലർച്ചെ 2.45ന് അറസ്റ്രുചെയ്ത പോറ്റിയെ രാവിലെ പത്തരയോടെ റാന്നി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഓഫീസിലേക്ക് കൊണ്ടുപോകവേ, '' എന്നെ കുടുക്കിയവർ നിയമത്തിന് മുന്നിൽ വരും" എന്ന് മാദ്ധ്യമങ്ങളോട് പോറ്റി പ്രതികരിച്ചതും ഈ പശ്ചാത്തലത്തിലാണ്.
ബി.ജെ.പിക്കാർ ചെരുപ്പെറിഞ്ഞു
റാന്നി കോടതിയിലെത്തിച്ച ഉണ്ണികൃഷ്ണൻ പോറ്റിക്കുനേരെ ബി.ജ.പി നേതാക്കൾ ചെരുപ്പെറിഞ്ഞു. കോടതി നടപടികൾ പൂർത്തിയാക്കി ജീപ്പിലേക്ക് കയറ്റുമ്പോഴായിരുന്നു ജനക്കൂട്ടത്തിന് ഇടയിൽ നിന്നിരുന്ന ബി.ജെ.പി അയിരൂർ മണ്ഡലം പ്രസിഡന്റ് സിനു എസ്. പണിക്കർ, ജനറൽ സെക്രട്ടറി അരുൺ നായർ, റാന്നി മണ്ഡലം പ്രസിഡന്റ് അരുൺ പി. നായർ എന്നിവർ ചേർന്ന് ചെരുപ്പെറിഞ്ഞത്.
കേസ് പരിഗണിച്ചത് അടച്ചിട്ട കോടതി മുറിയിൽ
റാന്നി: ഉണ്ണികൃഷ്ണൻ പോറ്റിയെ ഹാജരാക്കിയ റാന്നി ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ അടിച്ചിട്ട മുറിക്കുള്ളിലാണ് കേസ് പരിഗണിച്ചത്. ജഡ്ജി അരുൺ കുമാറിന്റെ ചേംബറിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ കൂടാതെ പ്രതിഭാഗം അഭിഭാഷകൻ, പബ്ളിക് പ്രോസിക്യൂട്ടർ, അന്വേഷണ സംഘത്തലവൻ, ബെഞ്ച് ക്ലാർക്ക് എന്നിവർ മാത്രമാണുണ്ടായിരുന്നത്. മറ്റ് കേസുകളിലെ അഭിഭാഷകരെയും കക്ഷികളെയും ഈ സമയം കോടതി വരാന്തയിലേക്ക് മാറ്റി നിർത്തി.
പരികർമ്മിയായി വന്നു,
തട്ടിപ്പുകാരനായി വിലസി
തിരുവനന്തപുരം: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയെക്കുറിച്ച് കൃത്യമായ അറിവുണ്ടെന്ന് അന്വേഷണ സംഘം ചൂണ്ടിക്കാട്ടി. 2004മുതൽ 2008വരെ ശബരിമലയിലെ കീഴ്ശാന്തിയുടെ പരികർമ്മിയായിരുന്നു.
ശ്രീകോവിൽ മേൽക്കൂരയിലും ചുറ്റിലും 1998ൽ സ്വർണം പതിച്ചതായും അറിയാമായിരുന്നു. 2019ജൂൺ17ന് പാളികൾ പുതുക്കി നൽകാമെന്ന് പോറ്റി ബോർഡിന് അപേക്ഷ നൽകി. പാളികൾ 2019 ജൂലായ് 19, 20 തീയതികളിൽ പാളികൾ ബംഗളുരുവിലും ഹൈദരാബാദിലുമെത്തിച്ച് വഞ്ചനാപരമായി ഉപയോഗിച്ച ശേഷം 2019 ആഗസ്റ്റ് 29നാണ് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ചത്. 394.9ഗ്രാം സ്വർണം മാത്രം പൂശിയശേഷം ബാക്കി സ്വർണം പോറ്റി കൈക്കലാക്കി. 42.8കിലോഗ്രാം ഭാരമുള്ള തകിടുകൾ സ്വർണം പൂശിയെത്തിച്ചപ്പോൾ 32.26കിലോയായി കുറഞ്ഞു. ബംഗളുരുവിലും ചെന്നൈയിലും കേരളത്തിലും വിവിധ വീടുകളിലും ക്ഷേത്രങ്ങളിലുമെത്തിച്ച് പൂജനടത്തിയും ലാഭമുണ്ടാക്കി. പോറ്റിയെ ചെന്നൈ, ബംഗളുരു, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ച് തെളിവെടുക്കും. മറ്റ് പ്രതികളുടെ പങ്കും ഇനികണ്ടെത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |