വരുന്ന തിങ്കളാഴ്ചയാണ് ദീപാവലി. ഉത്തേരന്ത്യക്കാർ അഞ്ചുദിവസമാണ് ആഘോഷിക്കുന്നത്. എന്നാൽ കേരളത്തിലാകട്ടെ ഒറ്റദിസവം മാത്രം. തിന്മയ്ക്കുമേൽ നന്മ നേടിയ വിജയത്തിന്റെ ഓർമപുതുക്കലാണ് ദീപാവലി. രണ്ട് ഐതിഹ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ടുള്ളത്. പതിനാലുവർഷത്തെ വനവാസം പൂർത്തിയാക്കി സീതയോടും ലക്ഷ്മണനോടും നാട്ടിലേക്ക് മടങ്ങിയെത്തിയ ശ്രീരാമചന്ദ്രനെ അയോദ്ധ്യയിലുള്ളവർ സ്വീകരിച്ചാനയിച്ചതിന്റെ ഓർമപുതുക്കലാണെന്നാണ് ഒരുവിശ്വാസം. വീടുകളിലും വഴികളിലും വിളക്കുകൾ തെളിയിക്കുകയും സന്തോഷസൂചകമായി അയോദ്ധ്യാവാസികൾ മധുരം നൽകുകയും ചെയ്തു.
ക്രൂരനായ നരകാസുരനെ ലക്ഷ്മീ സമേതനായ ഭഗവാൻ മഹാവിഷ്ണു വധിച്ചു. ഇതിൽ സന്തോഷംപൂണ്ട ദേവന്മാർ നടത്തിയ ആഘോഷത്തിന്റെ ഓർമപുതുക്കലാണ് ദീപാവലി എന്നാണ് മറ്റൊരു ഐതിഹ്യം. തിന്മയ്ക്കുമേൽ നന്മ വിജയിച്ച ദിനമായതിനാൽ ലക്ഷ്മീ ദേവിയെ പ്രാർത്ഥിക്കുന്നത് ഏറെ നല്ലതാണ്. ദേവിയെ വീടുകളിലേക്ക് ക്ഷണിക്കുന്നതിനാണ് ദീപങ്ങൾ കൊളുത്തുന്നത്. ദീപാവലി ദിവസം ജലാശയങ്ങളിൽ ഗംഗാദേവിയുടെയും എണ്ണയിൽ ലക്ഷ്മീദേവിയുടെയും സാന്നിദ്ധ്യം ഉണ്ടാവും. അതിനാലാണ് അന്നേദിവസം സൂര്യോദയത്തിനുമുൻപ് ശരീരമാസകലം എണ്ണതേച്ച് മുങ്ങിക്കുളിക്കണമെന്ന് പറയുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ ഐശ്വര്യം പടികടന്ന് വീട്ടിലെത്തും. ലക്ഷ്മീപൂജയ്ക്കും ഏറ്റവും നല്ല ദിവസമാണ് അന്ന്.
ദീപാവലിയുടെ തലേദിവസം വീടും ജോലിസ്ഥലവും അടിച്ചുവാരി വൃത്തിയാക്കി തുളസീജലം തളിച്ച് ശുദ്ധിയാക്കണം. വീട്ടിലേക്ക് ലക്ഷ്‌മീദേവിയെ വരവേൽക്കുന്ന പ്രധാനവാതിൽ പൂർണമായും വൃത്തിയാക്കിയിരിക്കണം. ചിലർ ലക്ഷ്‌മീദേവിയുടെ കാൽപാടുകളുടെ കോലം വരച്ചിടാറുമുണ്ട്. ഇത്തരത്തിൽ ചെയ്യുന്നത് ഐശ്വര്യദായകവും രോഗങ്ങളകലാൻ സഹായിക്കുകയും ചെയ്യുമെന്നാണ് വിശ്വാസം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |