പരശുരാമൻ പ്ര,തിഷ്ഠിച്ച 108 ദുർഗാക്ഷേത്രങ്ങളിഷ ഒന്നാണ് കണ്ണൂർ ജില്ലയിലെ മുഴക്കുന്ന് ഗ്രാമത്തിലെ മൃദംഗ ശൈലേശ്വരീ ക്ഷേത്രം. ദുർഗാ രൂപത്തിലാണ് പ്രതിഷ്ഠ. വാദ്യങ്ങളുടെ മാതാവായും,ദേവവാദ്യമായും അറിയപ്പെടുന്ന മൃദംഗം അഥവാ മിഴാവ് ദേവലോകത്തുനിന്നും പിറന്നു വീണ ശൈലമാണ് മൃദംഗ ശൈലം. മൃദംഗരൂപത്തിൽ മഹാദേവി സ്വയംഭൂവായ് ഉയർന്നുവന്നെന്നും,ആ ചൈതന്യത്തെ ആവാഹിച്ച് പരശുരാമൻ പ്രതിഷ്ഠ നടത്തിയെന്നുമാണ് വിശ്വാസം. ശ്രീകോവിലിന്റെ തെക്കുഭാഗത്തായി ദേവി മിഴാവ് രൂപത്തിിൽ സ്വയംഭൂവായ സ്ഥാനമുണ്ട്. പുറ്റുമൂടി കാണാനാവില്ലെങ്കിലും മിഴാവിൽ ഭഗവതിയുടെ പൂജകൾ നടക്കാറുണ്ട്. ഈ ഭഗവതിയെ പിന്നീട് ക്ഷേത്ര സങ്കല്പനുസരിച്ച് പിന്നീട് ശ്രീകോവിലിലേക്ക് പ്രതിഷ്ഠിക്കുകയായിരുന്നു.
ക്ഷേത്രത്തിൽ മുഴക്കുന്ന് ഭഗവതിയുടെ സങ്കല്‌പത്തിലും ദേവിയെ ആരാധിച്ചുവരുന്നുണ്ട്. വീരകേരളവർമ്മ പഴശിരാജാവിന്റെ കുലപരദേവതാ സ്ഥാനമായ മൃദംഗശൈലേശ്വരി ക്ഷേത്രം കോട്ടയം രാജവംശത്തിന്റെ ആരൂഢ സങ്കേതമാണ്. ക്ഷേത്രത്തിന്റെ പശ്ചിമഗോപുരം കടന്നാൽ ഒരു ഗുഹാക്ഷേത്രത്തിന്റെ ശിഷ്ടഭാഗങ്ങൾ കാണാം. ഇവിടെയായിരുന്നുവത്രെ പോർക്കലി (പോർ കാളി) ക്ഷേത്രം. ഈ ശക്തിയെ തൊഴുതുനമിച്ച് തർപ്പണം ചെയ്തു മാത്രമേ കോട്ടയം രാജാക്കന്മാർ അക്കാലത്ത് പോർക്കളത്തിലേക്ക് യാത്രയാകാറുള്ളൂവത്രെ. സമീപത്ത് പാർത്ഥസാരഥിയായി ശ്രീകൃഷ്ണന്റെ നവീകരിച്ച കോവിലുമുണ്ട്. നാഗാരാധനാകേന്ദ്രത്തിൽ നാഗകന്യകയേയും വാസുകിയേയും പൂജിക്കുന്നുണ്ട്. ആ പരിസര വീഥിയിലാണ് തമ്പുരാക്കന്മാർ പരിശീലനം നടത്തിയിരുന്ന പിണ്ടാരിക്കളരിയുള്ളത്.
കഥകളിയുടെ ഉപജ്ഞാതാക്കൾ കോട്ടയം രാജാക്കന്മാരായിരുന്നു. 'മാതംഗാനന... മബ്‌ജ വാസര മണീം...." എന്നു തുടങ്ങുന്ന കഥകളിയുടെ വന്ദന ശ്ളോകം രചിക്കപ്പെട്ടത് മൃദംഗ ശൈലേശ്വരി ക്ഷേത്രത്തിൽ വച്ചാണെന്ന് ചരിത്രം വെളിവാക്കുന്നു. കഥകളിയരങ്ങിലെ സ്‌ത്രീവേഷം സൃഷ്ടിക്കപ്പെട്ടത് ഈ ക്ഷേത്രസവിധത്തിലെ ജലവിതാനത്തിൽ ദേവി പ്രത്യക്ഷപ്പെട്ട അതേ രൂപത്തിലാണെന്ന് വിശ്വസിക്കപ്പെടുന്നു.
മൃദംഗത്തിൽ കുടികൊണ്ട ദേവി മൃദംഗശൈലേശ്വരിയായെന്നും സ്വർലോകത്ത് നിന്ന് ഒരു മിഴാവ് (മൃദംഗം) വന്നു പതിച്ച കുന്ന് (ശൈലം) 'മിഴാക്കുന്നും" അത് പരിണമിച്ച് മുഴക്കുന്നുമായെന്നും പറയപ്പെടുന്നു. സരസ്വതി, മഹാലക്ഷ്മി, ഭദ്രകാളി എന്നീ ഭാവങ്ങളിലാണ് സംഗീതസ്വരൂപിണിയായ മൃദംഗശൈലേശ്വരി വാഴുന്നതെന്ന് വിശ്വസിച്ചുവരുന്നു.
ക്ഷേത്രത്തിന്റെ സമീപത്ത് പഴശ്ശിരാജാവിന്റെ പൂർണകായ പ്രതിമ പ്രൗഢമായി ഉയർന്നുനിൽക്കുന്നുണ്ട്. ദർശന സമയം മീനപ്പൂരവും നവരാത്രിയും തൃക്കാർത്തികയുമാണ് പ്രധാന ഉത്സവങ്ങൾ. കാലത്ത് അഞ്ച് മണിമുതൽ ഒരു മണിവരെയും വൈകിട്ട് അഞ്ച് മുതൽ എട്ടു മണിവരെയുമാണ് ദർശന സമയം.
കണ്ണൂർ -മട്ടന്നൂർ തില്ലങ്കേരി വഴിയും, തളിപ്പറമ്പ് - ഇരിട്ടി - കാക്കയങ്ങാട് വഴിയും, തലശേരി കൂത്തുപറമ്പ് ഉരുവച്ചാൽ വഴിയും, കൊട്ടിയൂർ - പേരാവൂർ - കാക്കയങ്ങാട് വഴിയും ബസിൽ മുഴക്കുന്നിലെത്താം. തലശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് 36 കി.മീ, കണ്ണൂരിൽ നിന്ന് 44 കി.മീ, കണ്ണൂർ എയർപോർട്ടിൽ നിന്ന് 22 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |