SignIn
Kerala Kaumudi Online
Monday, 20 October 2025 6.31 AM IST

കേരളം പച്ചപിടിക്കാൻ  കോൺഗ്രസ് കഷായക്കൂട്ട്!

Increase Font Size Decrease Font Size Print Page
sa

14 ജില്ലകൾ മാത്രമുള്ള കൊച്ചുകേരളത്തിന് 58 കെ.പി.സി.സി ജനറൽ സെക്രട്ടറിമാരെ കിട്ടിയത് മഹാഭാഗ്യമാണ്. അതായത്, ഒരു ജില്ലയ്ക്ക് 4.1 ജനറൽ സെക്രട്ടറിമാർ. കഷായക്കൂട്ട് പോലെ കൃത്യമായ അളവിൽ ചേരുംപടി ചേർത്താണ് ഈ കണക്കൊപ്പിച്ചത്. ലവലേശം അങ്ങോട്ടുമില്ല, ഇങ്ങോട്ടുമില്ല! 28ൽ നിന്ന് ഒറ്റയടിക്ക് 58ൽ എത്തിയതോടെ കേരളത്തിൽ വലിയ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്ന് ഉറപ്പാണ്. വൈസ് പ്രസിഡന്റുമാരുടെ എണ്ണം അഞ്ചിൽ നിന്ന് 13 ആയതും ചില്ലറ കാര്യമല്ല. 14 ആയിരുന്നെങ്കിൽ ഒരു ജില്ലയ്ക്ക് ഒരാൾ എന്ന കണക്ക് ഒക്കുമായിരുന്നു. ഒന്നും കാണാതെ ഹൈക്കമാൻഡ് ഒരു കാര്യവും ചെയ്യില്ല. പാവയ്ക്ക പോലെ നീണ്ട, പച്ചപ്പിന് നല്ല വേരോട്ടമുള്ള കേരളത്തെ എന്നും ഉത്തരേന്ത്യക്കാർക്ക് ഭയമാണ്. ബുദ്ധിയും, വിവേകവും, എളിമയും, മതനിരപേക്ഷതയും സമാസമം ചേർന്ന സ്ഥലം ഈ ദുനിയാവിൽ വേറെയുണ്ടാവില്ല. പക്ഷേ, എന്തുചെയ്യാം! ഇന്ത്യയുടെ നന്മകൾ തെക്കേ മൂലയ്ക്കുള്ള കേരളത്തിൽ ഒതുങ്ങിപ്പോയി.

2026-ൽ തെക്കേ അറ്റത്തുനിന്ന് വടക്കോട്ട് പടയോട്ടം നടത്താനാണ് കോൺഗ്രസ് തീരുമാനം. 2029-ൽ അത് ഡൽഹിയിലെത്തും. പിന്നെയുള്ള കാഴ്ചകൾ ലോകം കാണാനിരിക്കുന്നതേയുള്ളൂ. അതിന്റെ തുടക്കമായാണ് പുപ്പുലികളായ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും രംഗപ്രവേശം. കെ.പി.സി.സി ലിസ്റ്റിൽ അഭയാർത്ഥിയായ ഒരു 'പടയാളിക്കും" ഇടം നൽകി ഗാന്ധിയൻ സംസ്‌കാരത്തിന്റെ എളിമ കാത്തുസൂക്ഷിച്ചു. ഇതൊക്കെയാണെങ്കിലും പാർട്ടിയിലെ ആസ്ഥാന ചന്തുവായ കെ. മുരളീധരനും,​ എളിമയുടെ നിറകുടമായ ചാണ്ടി ഉമ്മനും ചെറിയ പരിഭവങ്ങൾ നിരത്തി കോൺഗ്രസ് പാരമ്പര്യം കാത്തു. താൻ നിർദ്ദേശിച്ചവരെ പട്ടികയിൽ നിന്നൊഴിവാക്കി തൃശൂരിൽ തനിക്കിട്ടു പാരവച്ചവരെ ഉൾപ്പെടുത്തിയെന്നാണ് മുരളീധരന്റെ പരാതി. എല്ലാവരും നിർബന്ധിച്ചിരുന്നെങ്കിൽ, ഏതെങ്കിലും പദവി ഏറ്റെടുക്കുന്നതിൽ വിരോധമില്ലായിരുന്നു എന്ന് വ്യംഗ്യമായി സൂചിപ്പിച്ച്, എതിർപ്പിലും ചാണ്ടി ഉമ്മൻ ലാളിത്യം കാത്തുസൂക്ഷിച്ചു. കൊച്ചു പിള്ളേർ വലിയ വായിൽ വർത്തമാനം പറഞ്ഞുതുടങ്ങിയെന്ന് പല്ലുപോയ ചില നേതാക്കൾ പ്രതികരിച്ചെങ്കിലും കോട്ടയം കോട്ടയിൽ കൊച്ചൂഞ്ഞ് ‍ഞാഞ്ഞൂലല്ല എന്നറിയാവുന്നവർ സമാധാനവുമായി പാഞ്ഞെത്തി എല്ലാം കോപ്ലിമെന്റ്സ് ആക്കി.

സെക്രട്ടറിമാർ, നിർവാഹക സമിതി അംഗങ്ങൾ എന്നിവരുടെ പട്ടിക ഉടൻ പ്രഖ്യാപിക്കും. സെക്രട്ടറി പട്ടികയിൽ ചുരുങ്ങിയത് 150 പേർ വരുമെന്നാണ് വിവരം. സകല ഗ്രൂപ്പുകൾക്കും പങ്കിട്ടുകൊടുക്കാൻ ഇത്രയും തികയില്ലെന്ന സത്യം വിമർശിക്കുന്നവർ അറിയുന്നില്ല. ജനങ്ങളുടെ ബോറടി മാറ്റാൻ ഓരോ വർഷവും പുതിയ മുഖ്യമന്ത്രി എന്ന ആശയവും കോൺഗ്രസിൽ ബലപ്പെടുകയാണെന്നാണ് സൂചന. അങ്ങനെ വരുമ്പോൾ പ്രമുഖ ഘടകകക്ഷികൾക്കും അവസരം കിട്ടും. കുഞ്ഞാലിക്കുട്ടി സാഹിബോ,​ ഇ.ടി. മുഹമ്മദ് ബഷീർ സാഹിബോ,​ ജനാബ് കെ.എം. ഷാജിയോ മുഖ്യമന്ത്രിയായാൽ നാനാത്വത്തിൽ ഏകത്വം എന്ന ചാച്ചാജിയുടെ താത്വിക വചനം യാഥാർത്ഥ്യമാകും. ലീഗിലെ വിപ്ലവകാരി എന്നറിയപ്പെട്ടിരുന്ന ഷാജി സഖാവ് വലിയ മാറ്റങ്ങൾക്ക് ആഹ്വാനം ചെയ്തിട്ടുണ്ട്.

ഓർമ്മകൾ

ഉണ്ടായിരിക്കണം!

കോൺഗ്രസിന് ഇത്രയും ജനറൽ സെക്രട്ടറിമാർ എന്തിനാണെന്നാണ് പഴയ തലമുറയിലെ ശുദ്ധന്മാരായ ചില പ്രവർത്തകർ ചോദിക്കുന്നത്. കെ.കെ. വിശ്വനാഥൻ കെ.പി.സി.സി പ്രസിഡന്റായിരുന്ന കാലത്ത് എ.കെ.ആന്റണി എന്ന ഒരേയൊരു ജനറൽ സെക്രട്ടറിയാണ് ഉണ്ടായിരുന്നത്. ഒരാളുടെ സ്ഥാനത്ത് 58 പേരായത് പാർട്ടിയുടെ വളർച്ചയാണ്. ചുരുങ്ങിയത് നൂറുപേരാണ് ലക്ഷ്യം. മതനിരപേക്ഷ പാർട്ടിയായ ലീഗിനെതിരെ വ്യംഗ്യമായി എന്തോ പറഞ്ഞതിന്റെ പേരിൽ കസേര തെറിച്ച ഏക മുഖ്യനാണ് എ.കെ. ആന്റണി. രാഹു വിഴുങ്ങിയെങ്കിലും ശുക്രൻ കരകയറ്റി. ഹൈക്കമാൻഡിന്റെ വിശ്വസ്തനായ പ്രതിരോധമന്ത്രിയുമായി. രാഷ്ട്രപതി ആകേണ്ടതായിരുന്നെങ്കിലും കണ്ടകശനി പണി കൊടുത്തു. കവടിപ്പലകയിലെ കണക്കുപ്രകാരം 2029-ൽ യോഗമുണ്ടായേക്കും. ദേഷ്യം വന്നാൽ കരയുമെന്നല്ലാതെ മറ്റൊരു കുഴപ്പവും ആന്റൺജിക്ക് അന്നും ഇന്നുമില്ല.
വളരുന്ന പാർട്ടിക്കൊപ്പം ഭാരവാഹികളുടെ എണ്ണവും കൂടണമെന്ന് ഹൈക്കമാൻഡ് മേധാവി രാഹുൽജി നിർദ്ദേശിച്ചിട്ടുണ്ട്. എല്ലാ പ്രവർത്തകർക്കും ഓരോ പദവി എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതോടെ നിരാശരില്ലാത്ത ഒരു പ്രസ്ഥാനമായി കോൺഗ്രസ് മാറും. സബ്കാ സാഥ്, സബ്കാ വികാസ് എന്ന നരേന്ദ്ര മോദിയുടെ മുദ്രാവാക്യം യഥാർത്ഥത്തിൽ പ്രാവർത്തികമാക്കുന്നത് രാഹുൽജിയാണ്.

'ഏണി" കയറുന്ന

ലിബറൽ പ്രതീക്ഷകൾ

അടുത്തവർഷം ആരാകും മുഖ്യമന്ത്രി എന്ന കാര്യത്തിൽ കെ.പി.സി.സി ഭാരവാഹികൾ വൈകാതെ തീരുമാനത്തിലെത്തുമെന്നാണ് സൂചന. ഉപമുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും പട്ടിക മുസ്ലിം ലീഗ് തയ്യാറാക്കിയിട്ടുണ്ട്. ലീഗിന്റെ ചിഹ്നമായ 'ഏണി"യിലൂടെ കയറിവരുന്ന പ്രതീക്ഷകൾ ഇതിലുമേറെയാണ്. സി.എച്ച്. മുഹമ്മദ് കോയയ്ക്കു ശേഷം നല്ലൊരു മുഖ്യമന്ത്രി കേരളത്തിൽ ഉണ്ടായിട്ടില്ലെന്ന സൂചനയും ലീഗ് നേതാക്കൾ നൽകിയിട്ടുണ്ട്. പത്തുകൊല്ലം കാത്തിരുന്നശേഷം കിട്ടുന്ന ഭരണം എങ്ങനെ ഉപയോഗപ്പെടുത്തുമെന്ന് ലീഗ് നേതാവ് കെ.എം.ഷാജി കഴിഞ്ഞദിവസം വ്യക്തമാക്കി. ശരിയാണ്, നല്ല പാലങ്ങളുടെയും റോഡുകളുടെയും കുറവ് കേരളത്തിലുണ്ട്. പഴയ പ്രതാപകാലം പലിശസഹിതം വീണ്ടെടുത്ത് പ്രസ്ഥാനത്തെ പരിപോഷിപ്പിക്കും. തെക്കൻ കേരളത്തിൽ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന പരാതി ലീഗിന് കുറേക്കാലമായുണ്ട്. യു.ഡി.എഫിനെ കൂടുതൽ ശക്തിപ്പെടുത്താൻ ജോസ് കെ. മാണിയെ എത്തിക്കാനുള്ള ശ്രമങ്ങളും പുരോഗമിക്കുന്നു. താങ്ങി നിൽക്കാൻ കരുത്തുള്ള രണ്ടു തോളുകൾ ഉള്ളത് നല്ലതാണ്. 'ലീഗ് വന്നുമില്ല,​ കേരള കോൺഗ്രസ് പോവുകയും ചെയ്തു" എന്ന സ്ഥിതി ഉണ്ടാകാതിരിക്കാൻ കമ്മ്യൂണിസ്റ്റുകാർ മാലയും കറുപ്പും ധരിച്ച് പമ്പയിലെത്തിയെങ്കിലും അയ്യപ്പൻ പണിതന്നു. ശബരിമലയിൽ കോൺഗ്രസുകാർ നടത്തിയ ഇടപാടുകളുടെ ഉൾപ്പെടെ പാപഭാരം തലയിലായി.

TAGS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.