മുൻ പഞ്ചാബ് ഡി.ജി.പി എം.എസ് ഭുള്ളറുടെ മകനാണ് അറസ്റ്റിലായത്
ന്യൂഡൽഹി: അഞ്ച് കോടി രൂപ, ഒന്നര കിലോ സ്വർണാഭരണം, രണ്ട് ആഡംബര കാറുകൾ, 22 ആഡംബര വാച്ചുകൾ, 40 ലിറ്റർ വിദേശമദ്യം, ഡബിൾ ബാരൽ തോക്ക്, പിസ്റ്റൾ, റിവോൾവർ, എയർഗൺ .. കഴിഞ്ഞ ദിവസം കൈക്കൂലി കേസിൽ അറസ്റ്റിലായ പഞ്ചാബ് ഡി.ഐ.ജി ഹർചരൺ സിംഗ് ഭുള്ളറുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തവയാണിവ. എട്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ട പരാതിയിലാണ് ഭുള്ളർ അറസ്റ്റിലായത്. തുടർന്ന് സി.ബി.ഐ ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ അനധികൃത സ്വത്ത് കണ്ടെത്തിയത്.
ഫത്തേഗഡ് സാഹിബിലെ മാണ്ഡി ഗോബിന്ദ്ഗഡിലെ ആക്രി വ്യാപാരിയുടെ പരാതിയിലാണ് ഭുള്ളറെ അറസ്റ്റ് ചെയ്തത്. വ്യാജ ബിൽ നൽകിയെന്ന് ആരോപിച്ച് 2023ൽ വ്യാപാരിക്കെതിരെയെടുത്ത കേസ് തീർപ്പാക്കാൻ എല്ലാ മാസവും പണം ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കിൽ കച്ചവടം നടത്താൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
കിർഷനു ഷർദ എന്ന ഇടനിലക്കാരനും കേസിൽ പിടിയിലായിട്ടുണ്ട്. ഇയാളിൽ നിന്ന് 21 ലക്ഷം രൂപ കണ്ടെടുത്തു. ഭുള്ളറെ കോടതി കഴിഞ്ഞ ദിവസം ജുഡിഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. മുൻ പഞ്ചാബ് ഡി.ജി.പി എം.എസ് ഭുള്ളറുടെ മകനാണ് ഹർചരൺ സിംഗ് ഭുള്ളർ. 2024 നവംബറിലാണ് ഹർചരൺ സിംഗ് ഭുള്ളർ ഡി.ഐ.ജി (റോപ്പർ റേഞ്ച്) ആയി നിയമിക്കപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |