ന്യൂഡൽഹി: അവിഹിത ബന്ധത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൊലപാതകത്തിൽ. ഗർഭിണിയായ യുവതിയെ കാമുകൻ നടുറോഡിലിട്ട് പരസ്യമായിട്ടാണ് കുത്തിക്കൊന്നത്. പിന്നീട് യുവതിയുടെ ഭർത്താവ് കാമുകനെയും കുത്തിക്കൊന്നു. ഇന്നലെ രാത്രിയോടെ ഡൽഹിയിലെ കുത്തബ് റോഡിലാണ് സംഭവം. 22കാരിയായ ശാലിനി എന്ന വീട്ടമ്മയാണ് കൊല്ലപ്പെട്ടത്. ശാലിനിയുമായി അടുപ്പത്തിലായിരുന്ന 34കാരനായ ആഷു എന്ന ഷൈലേന്ദ്രനെയാണ് യുവതിയുടെ ഭർത്താവ് കുത്തി കൊന്നത്. 23കാരനായ ശാലിനിയുടെ പങ്കാളി ആകാശ് ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
ശാലിനി തന്റെ കുഞ്ഞിനെയാണ് ഗർഭം ധരിച്ചിരിക്കുന്നതെന്നും, ഭർത്താവിനൊപ്പം ജീവിക്കാനുള്ള ശാലിനിയുടെ തീരുമാനത്തിൽ തനിക്ക് ദേഷ്യമുണ്ടെന്നും ആഷു പൊലീസിനോട് പറഞ്ഞിരുന്നു. ശാലിനിയും ഭർത്താവ് ആകാശും ശാലിനിയുടെ അമ്മയെ കാണാനായി കുത്തബ് റോഡിൽ പോയതായിരുന്നു. ഈ സമയത്ത് അപ്രതീക്ഷിതമായി അവിടെയെത്തിയ ആഷു, ആകാശിനെ കത്തികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെങ്കിലും ആകാശ് ഒഴിഞ്ഞുമാറി. തുടർന്ന് റിക്ഷയിലുണ്ടായിരുന്ന ശാലിനിയുടെ നേർക്ക് ആഷു പലതവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
ഭാര്യയെ രക്ഷിക്കാൻ ആകാശ് ശ്രമിക്കുന്നതിനിടെ, ആഷു ഇയാളെയും കുത്തിപ്പരിക്കേൽപ്പിച്ചു. എന്നാൽ ആകാശ് ആഷുവിനെ കീഴ്പ്പെടുത്തി അയാളുടെ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് തിരികെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. ശാലിനിയുടെ സഹോദരൻ രോഹിത് ഉടൻ തന്നെ ശാലിനിയെയും ഭർത്താവിനെയും ആശുപത്രിയിലെത്തിച്ചു. പൊലീസ് ആഷുവിനെയും ഇതേ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ വച്ച് ശാലിനിയും ആഷുവും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. ഭാര്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ആകാശിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സംഭവത്തെ തുടർന്ന് പ്രദേശത്ത് വലിയ ആശങ്കയാണ് ഉണ്ടാക്കിയിരിക്കുന്നത്. ശാലിനിയുടെ അമ്മയായ ഷീലയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കൊലപാതകത്തിനും വധശ്രമത്തിനും കേസെടുത്തു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. വർഷങ്ങൾക്ക് മുമ്പ് ശാലിനിയും ആകാശും തമ്മിലുള്ള ബന്ധം വഷളായപ്പോഴാണ് ശാലിനി ആഷുവുമായി ബന്ധം ആരംഭിച്ചതെന്നും കുറച്ചുകാലം ഒരുമിച്ച് താമസിച്ചിരുന്നതായും ഷീല മൊഴി നൽകി. പിന്നീട് ശാലിനിയും ആകാശും തമ്മിൽ പിണക്കം മാറി തങ്ങളുടെ രണ്ട് കുട്ടികൾക്കൊപ്പം വീണ്ടും ഒരുമിച്ച് ജീവിക്കാൻ തുടങ്ങുകയുമായിരുന്നു. ഇതാണ് ആഷുവിനെ പ്രകോപിപ്പിച്ചത്. താനാണ് ശാലിനിയുടെ ഗർഭസ്ഥശിശുവിന്റെ പിതാവെന്ന് ആഷു അവകാശപ്പെട്ടു. എന്നാൽ കുഞ്ഞിന്റെ പിതാവ് ആകാശാണെന്ന് ശാലിനി വാദിക്കുകയായിരുന്നു. ഇതാണ് ആക്രമണം ആസൂത്രണം ചെയ്യാൻ ആഷുവിനെ പ്രേരിപ്പിച്ചതെന്നും പൊലീസ് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |