നിരവധി ആരാധകരുള്ള താരസുന്ദരിയാണ് രശ്മിക മന്ദാന. അടുത്തിടെ രശ്മികയുടെയും നടൻ വിജയ് ദേവരകൊണ്ടയുടെയും വിവാഹനിശ്ചയം കഴിഞ്ഞെന്ന് തരത്തിൽ വാർത്തകൾ വന്നിരുന്നു. ഒക്ടോബർ ആദ്യമായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
അടുത്തിടെ കെെവിരലിൽ വജ്രമോതിരം കാണുന്ന തരത്തിലുള്ള വീഡിയോ രശ്മിക പങ്കുവച്ചിരുന്നു. ഇപ്പോഴിതാ വിവാഹനിശ്ചയവാർത്തയ്ക്ക് പരോക്ഷമായ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി. തന്റെ പുതിയ ചിത്രമായ തമ്മയുടെ പ്രെമോഷനിടെയാണ് സംഭവം നടക്കുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്. അവതാരകൻ ആശംസകൾ പറയുപ്പോൾ എന്തിനാണ് ആശംസകൾ പറയുന്നതെന്ന് നടി ഒരു നിമിഷം ചിന്തിക്കുന്നു. സ്വന്തമായി പെർഫ്യൂം ബ്രാൻഡ് പുറത്തിറക്കിയതല്ലാതെ ഇപ്പോൾ ആഘോഷിക്കാൻ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് ചോദ്യത്തിന് ഒരു ചിരിയാണ് രശ്മിക നൽകുന്നത്.
'ഇല്ല, ഇല്ല' എന്നാണ് ആദ്യം രശ്മിക പറയുന്നത്. 'യഥാർത്ഥത്തിൽ ആഘോഷിക്കാൻ ഒരുപാട് കാര്യങ്ങളുണ്ട്. കാരണം ഒരുപാട് കാര്യങ്ങൾ സംഭവിക്കുകയാണ്. അതിനെല്ലാമായി നിങ്ങളുടെ ഈ ആശംസകൾ ഞാൻ സ്വീകരിക്കുന്നുതാണ്' നാണം നിറഞ്ഞ ചിരിയോടെ രശ്മിക പറയുന്നു. ഇതെല്ലാം വിവാഹനിശ്ചയ വാർത്തകളെ പരോക്ഷമായി സ്ഥിരീകരിക്കുന്നതാണെന്ന് ആരാധകർ പറയുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് കമന്റുമായി രംഗത്തെത്തുന്നത്. 'രശ്മികയുടെ മുഖം നോക്കൂ, അതിൽ എല്ലാം എഴുതിവച്ചിട്ടുണ്ട്', 'ആശംസകൾ കേട്ട് ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നാലെ നല്ലരീതിയിൽ അത് കെെകാര്യം ചെയ്തു', 'വിവാഹ നിശ്ചയവാർത്തകൾ സത്യം തന്നെ'- ഇങ്ങനെ പോകുന്നു കമന്റുകൾ.
വിജയ് ദേവരകൊണ്ടയും രശ്‌മിക മന്ദാനയും തമ്മിൽ പ്രണയത്തിലാണെന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഇരുവരും ഒരുമിച്ച് അവധി ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റിൽ ന്യൂയോർക്കിൽ നടന്ന ഒരു ആഘോഷ പരിപാടിയിൽ ഇരുവരും ഒരുമിച്ച് പങ്കെടുത്തിരുന്നു. സിംഗിൾ അല്ലെന്ന് അന്ന് രണ്ടുപേരും വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ആരാണ് പങ്കാളി എന്ന് വെളിപ്പെടുത്താൻ ഇരുവരും തയാറായില്ല. 2018ൽ ഗീതാഗോവിന്ദം എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും പ്രണയത്തിലാവുന്നത്. ഡിയർ കോമ്രേഡ് എന്ന ചിത്രത്തിലും ഒരുമിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |