അയർക്കുന്നം:ഭാര്യയെ കൊന്ന് കുഴിച്ച്മൂടിയ ഇതരസംസ്ഥാന തൊഴിലാളി അറസ്റ്റിൽ.പശ്ചിമബംഗാൾ സ്വദേശിനി അൽപ്പന (24) നെയാണ് ഭർത്താവ് മുർഷിദാബാദ് ദാഹചര സ്വദേശി എസ്.സോണി (31) തല ഭിത്തിയിലിടിപ്പിച്ച് കൊലപ്പെടുത്തിയത്.ഇക്കഴിഞ്ഞ14 നായിരുന്നു സംഭവം. രാവിലെ വീട്ടുടമ വിളിച്ചെന്ന് പറഞ്ഞ് സോണി ഭാര്യയെയും കൂട്ടി അയർക്കുന്നം ഇളപ്പാനി ജംഗ്ഷന് സമീപം നിർമ്മാണത്തിലിരിക്കുന്ന മണ്ണനാൽ ഡിന്നി സെബാസ്റ്റ്യന്റെ വീടിലെത്തി.ഒരാഴ്ച മുൻപും സോണി ഇവിടെ ജോലിയ്ക്ക് വന്നിരുന്നു.ഇവിടെ വച്ച് അൽപനയുടെ ഫോണിലേക്ക് കാമുകൻ വിളിച്ചതിനെച്ചൊല്ലി വാക്ക് തർക്കമായി.തുടർന്നായിരുന്നു കൊലപാതകം.കമ്പിപ്പാരയ്ക്ക് അടിച്ചും, കഴുത്ത് ഞെരിച്ചും മരണം ഉറപ്പാക്കി. മൃതദേഹം വീടിന്റെ പിന്നിൽ ഒരടി താഴ്ചയുള്ള കുഴിയിൽ മറവ് ചെയ്യുകയായിരുന്നു.
ശേഷം 17ന് അയർക്കുന്നം പൊലീസ് സ്റ്റേഷനിലെത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നൽകി.പൊലീസ് ഉടൻ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.പിറ്റേദിവസം സ്റ്റേഷനിൽ ഹാജരാകാൻ നിർദ്ദേശിച്ചെങ്കിലും എത്തിയില്ല.വീണ്ടും ബന്ധപ്പെട്ടെങ്കിലും പണി സ്ഥലത്തെന്നായിരുന്നു മറുപടി.ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ എറണാകുളത്തെന്നാണ് കാണിച്ചതിനെ തുടർന്ന് സംശയം തോന്നി ഇവർ റെയിൽവേ പൊലീസുമായി ബന്ധപ്പെട്ടു.എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.ഒൻപതും അഞ്ചും വയസുള്ള മക്കളെയും കൂട്ടി നാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു ലക്ഷ്യം.കുട്ടികളെ ചൈൽഡ് ലൈൻ സെന്ററിലേക്ക് മാറ്റി.തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകം ചുരുളഴിഞ്ഞത്.
സോണി കഴിഞ്ഞ മൂന്ന് വർഷമായി അമയന്നൂർ തൈക്കൂടത്താണ് കുടുംബസമേതം വാടകയ്ക്ക് താമസിക്കുന്നത്.ആ പ്രദേശത്ത് താമസിക്കുന്ന പശ്ചിമബംഗാൾ സ്വദേശി പ്രകാശ് മണ്ഡലുമായി യുവതിക്ക് അടുപ്പമുണ്ടായിരുന്നു. ഇയാളുമായി നിരന്തരം ഭാര്യ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇത് വിലക്കിയിട്ടും തുടർന്നതാണ് ക്രൂരകൊലപാതകത്തിന് കാരണം.മൃതദേഹം ഇന്നലെ വൈകിട്ട് കണ്ടെടുത്തു.പ്രകാശ് മണ്ഡലാണ് മൃതദേഹം തിരിച്ചറിഞ്ഞത്.ഇൻക്വസ്റ്റിന് ശേഷം മൃതദേഹം കോട്ടയം മെഡിക്കൽ ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമോർട്ടം ഇന്ന് നടക്കും.ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിൽ ഡിവൈ.എസ്.പി കെ.എസ്. അരുൺകുമാർ,അയർക്കുന്നം എസ്.എച്ച്.ഒ അനൂപ് ജോസ്,എസ്.ഐ സജു ടി.ലൂക്കോസ് എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി.പ്രതിയെ കോടതിയിൽ ഹാജരാക്കും.
സി.സി.ടി.വി ദൃശ്യങ്ങൾ വഴിത്തിരിവായി
14 ന് രാവിലെ ഏഴോടെ സോണി ഭാര്യയെയും കൂട്ടി ഓട്ടോറിക്ഷയിൽ പണി സ്ഥലത്തിയത്.കൊലക്ക് ശേഷം 7.45 ഓടെ സോണി ഇവിടെ നിന്ന് മടങ്ങി. പൊലീസ് അന്വേഷണത്തിൽ 14 ന് രാവിലെ സോണി ഇളപ്പാനി ജംഗ്ഷന് സമീപം ഓട്ടോറിക്ഷയിൽ വന്നിറങ്ങി ഭാര്യയ്‌ക്കൊപ്പം പോകുന്നതിന്റെയും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. തിരികെ സോണി മാത്രം പോകുന്ന ദൃശ്യവും ലഭിച്ചു. ഇതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |