ഭോപ്പാൽ: അഹിന്ദുക്കളുടെ വീട് സന്ദർശിക്കാൻ പെൺമക്കളെ മാതാപിതാക്കൾ അനുവദിക്കരുതെന്ന് ബിജെപി മുൻ എംപി പ്രഗ്യാ സിംഗ് താക്കൂർ. അനുസരിക്കാതിരുന്നാൽ അവരുടെ കാൽ തല്ലിയൊടിക്കണമെന്നും മുൻ ഭോപ്പാൽ എംപി പറഞ്ഞു. പ്രഗ്യയുടെ വാക്കുകൾ വിവാദമായതിന് പിന്നാലെ വർഗീയത പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് ബിജെപിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. ഭോപ്പാലിലെ ഒരു മതപരമായ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.
'നമ്മുടെ മകൾ നമ്മളെ അനുസരിക്കുന്നില്ലെങ്കിൽ, അവൾ ഒരു അഹിന്ദുവിന്റെ വീട്ടിൽ പോയാൽ, അവളുടെ കാലുകൾ തല്ലിയൊടിക്കാൻ ധൈര്യപ്പെടുംവിധം നിങ്ങളുടെ മനസിനെ ശക്തിപ്പെടുത്തുക. മൂല്യങ്ങൾ അനുസരിക്കാത്തവരും മാതാപിതാക്കളുടെ വാക്കുകൾ കേൾക്കാത്തവരും ശിക്ഷിക്കപ്പെടണം. നിങ്ങളുടെ കുട്ടികളുടെ ക്ഷേമത്തിനായി അവരെ തല്ലേണ്ടിവന്നാൽ, പിന്നോട്ട് പോകരുത്. മാതാപിതാക്കൾ അത്തരം പ്രവൃത്തികൾ ചെയ്യുന്നത് കുട്ടികളുടെ നല്ല ഭാവിക്ക് വേണ്ടി തന്നെയാണ്.
മൂല്യങ്ങൾ പാലിക്കാത്ത, മാതാപിതാക്കളെ അനുസരിക്കാത്ത, മുതിർന്നവരെ ബഹുമാനിക്കാത്ത, വീട്ടിൽ നിന്ന് ഓടിപ്പോകാൻ തയ്യാറാകുന്ന പെൺകുട്ടികൾ... അവരോട് കൂടുതൽ ജാഗ്രത പാലിക്കുക. അവരെ വീടുകളിൽ നിന്ന് പുറത്തുപോകാൻ അനുവദിക്കരുത്. തല്ലുകയോ വിശദീകരിച്ചു കൊടുക്കുകയോ സമാധാനിപ്പിക്കുകയോ സ്നേഹിക്കുകയോ അല്ലെങ്കിൽ ശകാരിക്കുകയോ ചെയ്ത് അവരെ തടയുക'- എന്നായിരുന്നു മുൻ ബിജെപി എംപി പറഞ്ഞത്.
പ്രഗ്യാ സിംഗിന്റെ വാക്കുകൾക്കെതിരെ കോൺഗ്രസ് വക്താവ് ഭൂപേന്ദ്ര ഗുപ്ത രംഗത്തെത്തി. മദ്ധ്യപ്രദേശിൽ മതപരിവർത്തനം നടത്തിയതായി ആരോപിക്കപ്പെടുന്ന ഏഴ് കേസുകളിൽ മാത്രം നിലനിൽക്കെ എന്തിനാണ് ഇത്രയധികം വിദ്വേഷം പ്രചരിപ്പിക്കുന്നതെന്ന് ഭൂപേന്ദ്ര ഗുപ്ത ചോദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |