തിരുവനന്തപുരം: നവംബർ 10 ന് അവസാനിക്കുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭരണസമിതിയുടെ കാലാവധി നീട്ടിയേക്കും . ഇതിനുള്ള ഓർഡിനൻസിൽ ഗവർണർ ഒപ്പു വയ്ക്കുമെന്നാണ് സർക്കാർ പ്രതീക്ഷ. നവംബർ 16 നാണ് ശബരിമല മണ്ഡല കാലം തുടങ്ങുന്നത്. അതിന് തൊട്ടുമുമ്പ് ഭരണ സമിതി മാറ്റുന്നത് ഒരുക്കങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നതിനാലാണ് കാലാവധി നീട്ടാൻ ആലോചന.
ഓർഡിനൻസ് കൊണ്ടുവരാൻ മതിയായ കാരണമുണ്ടാവണം. മണ്ഡല കാലത്തെ ഒരുക്കങ്ങൾ സുഗമമാക്കാൻ നിലവിലെ ഭരണസമിതി തുടരുന്നതാണ് ഉചിതമെന്ന കാരണം മുന്നോട്ടു വയ്ക്കാം. ബോർഡ് അംഗങ്ങളുടെ ഓണറേറിയവും മറ്രും നൽകേണ്ടതിനാൽ ധനകാര്യ മെമ്മോറാണ്ടവും ആവശ്യമാണ്. ഗവർണർ രണ്ടും അംഗീകരിച്ചാൽ സർക്കാർ ഉദ്ദേശിക്കും പോലെ കാര്യങ്ങൾ നടക്കും. ദേവസ്വം ബോർഡിന്റെ കാലാവധി ജൂൺ മുതൽ ജൂൺ വരെയാക്കണമെന്ന ശുപാർശ സർക്കാരിന്റെ പരിഗണനയിലുണ്ട്. മണ്ഡലകാലവും തദ്ദേശ തിരഞ്ഞെടുപ്പും കഴിഞ്ഞാൽ പുതിയ ഭരണസമിതിയെ നിയോഗിക്കാനുമാവും.
ദേവസ്വം ബോർഡ് അംഗങ്ങളുടെ കാലാവധി നാല് വർഷത്തിൽ നിന്ന് രണ്ടാക്കി കുറച്ചത് വി.എസ് സർക്കാരിന്റെ കാലത്ത് ജി.സുധാകരൻ ദേവസ്വം മന്ത്രിയായിരുന്നപ്പോഴാണ്.2011-ൽ അധികാരത്തിലെത്തിയ ഉമ്മൻചാണ്ടി സർക്കാർ ഇത് മൂന്ന് വർഷമാക്കി ഉയർത്തി. 2016ലെ ഒന്നാം പിണറായി സർക്കാർ ,ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കോൺഗ്രസ് നേതാവ് പ്രയാർ ഗോപാലകൃഷ്ണനെ ഒഴിവാക്കാൻ 2017 നവംബറിൽ ഓർഡിനൻസ് വഴി വീണ്ടും രണ്ട് വർഷമാക്കി കുറച്ചു. കടകംപള്ളി സുരേന്ദ്രനായിരുന്നു ദേവസ്വം മന്ത്രി.
പ്രതിമാസം 25,000 രൂപയാണ് ബോർഡ് അംഗങ്ങളുടെ ഓണറേറിയം. ബോർഡിന്റെ വാഹനം നൽകും. പുറമെ ടി.എയും 5000 രൂപ എച്ച്.ആർ.എയും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |