ആലപ്പുഴ: മോഹം മനസിലുറപ്പിച്ച് കഠിനാദ്ധ്വാനം ചെയ്താൽ എത്തിപ്പിടിക്കാൻ കഴിയാത്ത ലക്ഷ്യമില്ലെന്നതിന്റെ ഉദാഹരണമാണ് എസ്.മാലിനി എന്ന 32കാരി. കേരളത്തിന്റെ സ്വന്തം സിവിൽ സർവീസ് എന്നറിയപ്പെടുന്ന കെ.എ.എസ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ശേഷം ഇന്ത്യൻ ഫോറിൻ സർവീസ് എന്ന സ്വപ്ന യാത്ര മാലിനിയെ കൊണ്ടെത്തിച്ചത് ഈജിപ്തിൽ അംബാസിഡറുടെ തേർഡ് സെക്രട്ടറി പദവിയിൽ. ഡൽഹി സുഷമ സ്വരാജ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോറിൻ അഫയേഴ്സിലെ ട്രെയിനിംഗ് കഴിഞ്ഞാണ് മാലിനി ഈജിപ്തിലേക്ക് പറന്നത്.
2020ൽ സിവിൽ സർവീസ് പരീക്ഷയിൽ 135-ാം റാങ്കും 2021ൽ നടന്ന ആദ്യ കെ.എ.എസ് പരീക്ഷയിൽ ഒന്നാം റാങ്കും നേടിയെങ്കിലും ഐ.എഫ്.എസ് എന്ന സ്വപ്‌നത്തിലേക്കെത്താൻ വീണ്ടും ഒരുപാട് പരിശ്രമിക്കേണ്ടിവന്നു. 2023ൽ നാലാം ശ്രമത്തിൽ 81-ാംറാങ്കോടെയാണ് ആ ലക്ഷ്യത്തിൽ മാലിനിയെത്തിയത്. ഇൻകം ടാക്സ് അസിസ്റ്റന്റ് കമ്മിഷണറായി നാഗ്പൂരിൽ പരിശീലനം തുടരുന്നതിനിടെ അവധിയെടുത്തായിരുന്നു ഐ.എഫ്.എസ് പഠനം. ചെട്ടികുളങ്ങര കൈതവടക്ക് പ്രതിഭയിൽ അഡ്വ. പി.കൃഷ്ണകുമാറിന്റെയും റിട്ട. അദ്ധ്യാപിക ശ്രീലതയുടെയും മകളാണ്. പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥി നന്ദിനിയാണ് സഹോദരി.
സ്വപ്‌നത്തിനിടെ
ജോലിക്കെന്ത് കാര്യം!
മാവേലിക്കര വിദ്യാധിരാജ വിദ്യാപീഠം സെൻട്രൽ സ്കൂൾ, കായംകുളം എസ്.എൻ സെൻട്രൽ സ്കൂൾ എന്നിവിടങ്ങളിലായിരുന്നു മാലിനിയുടെ പ്രാഥമിക വിദ്യാഭ്യാസം. ഹൈദരാബാദിലെ ഇംഗ്ളീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ്സ് (ഇഫ്ളു) യൂണിവേഴ്സിറ്റിയിൽ നിന്ന് ബി.എ ഇംഗ്ളീഷ് ലിറ്ററേച്ചറും എം.എ ലിംഗ്വിസ്റ്റിക്കും പാസായി. ഇതിനിടെ കേംബ്രിഡ്ജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ ഇംഗ്ളീഷ് ലാംഗ്വേജ് ടീച്ചിംഗ് ഫോർ അഡൽട്ട് (സെൽട്ട) കോഴ്സ് ചെയ്തു. തുടർന്ന് ഡൽഹിയിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ജോലി ചെയ്യുന്നതിനിടെയാണ് ഇന്ത്യൻ ഫോറിൻ സർവീസ് എന്ന ആഗ്രഹം തലയ്ക്കുപിടിച്ചത്. പിന്നീട് ഒന്നും ആലോചിച്ചില്ല, ജോലി രാജിവച്ച് തിരുവനന്തപുരത്ത് സിവിൽ സർവീസ് പരിശീലനത്തിന് ചേർന്നു.
മാലിനിയുടെ സിവിൽ
സർവീസ് 'സ്ട്രാറ്റജി"
ഓരോ ദിവസവും എത്രത്തോളം പഠിക്കണം, എത്ര വിഷയങ്ങൾ പഠിക്കണം എന്ന കൃത്യമായ ടൈംടേബിൾ ഒരുക്കിയായിരുന്നു മാലിനിയുടെ പഠനം. ഒരുദിവസം 10- 15 മണിക്കൂർ പഠിക്കും. ഒരു വിഷയത്തിന് ഒരു പുസ്തകം മാത്രമേ നോക്കിയുള്ളൂ. അല്ലെങ്കിൽ വായിച്ചു തീരില്ല. നേടണമെന്ന് അതിയായ ആഗ്രഹമുള്ളതിനാലാണ് ആദ്യ പരിശ്രമങ്ങൾക്കുശേഷവും മുന്നോട്ടുപോയത്. സാഹിത്യകാരനായ മുത്തച്ഛൻ എരുമേലി പരമേശ്വരൻ പിള്ളയുടെ വലിയ ലൈബ്രറിയിൽ നിന്നാണ് പുസ്തക വായന ആരംഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |