ന്യൂഡൽഹി: പടക്കം പൊട്ടിച്ചും ചെരാതുകൾ തെളിച്ചും ഉത്തരേന്ത്യ ഇന്നലെ ദീപാവലി ആഘോഷിച്ചു. രാവണനെ നിഗ്രഹിച്ച് ശ്രീരാമൻ സീതാദേവിയുമായി അയോദ്ധ്യയിൽ മടങ്ങിയെത്തിയതിന്റെ ആഘോഷം എല്ലായിടത്തും നടന്നു. അയോദ്ധ്യയിൽ 26 ലക്ഷത്തിൽപ്പരം ദീപങ്ങൾ തെളിഞ്ഞത് ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ ഇടംപിടിച്ചു. ഇത്രയധികം മൺചെരാതുകൾ ഒന്നിച്ചു തെളിച്ചതിന്റെയും, ഏറ്റവുമധികം ഭക്തർ ആരതി നടത്തിയതിന്റെയും റെക്കോർഡുകളാണ് അയോദ്ധ്യയിലെ സരയൂ നദിക്കരയിൽ പിറന്നത്. ഗിന്നസ് വേൾഡ് റെക്കോർഡ്സ് ഉദ്യോഗസ്ഥരിൽ നിന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി. രാഷ്ട്രപതി ദ്രൗപദി മുർമു,ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്‌ണൻ,പ്രധാനമന്ത്രി നരേന്ദ്രമോദി,ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ ദീപാവലി ആശംസകൾ നേർന്നു.
ഡൽഹിയെ ശ്വാസം
മുട്ടിച്ച് പുകമഞ്ഞ്
ഡൽഹിയിൽ 19നും ഇന്നലെയും രാവിലെ 6 മുതൽ 7 വരെയും രാത്രി 8 മുതൽ 10 വരെയും ഹരിത പടക്കം പൊട്ടിക്കാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. എന്നാൽ,സമയ നിയന്ത്രണത്തിന്റെ നിർദ്ദേശം ഫലം കണ്ടില്ല. അയൽസംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്‌ടങ്ങൾ കത്തിക്കുന്നതും,വാഹനങ്ങളുടെ പുകയും അടക്കം പ്രശ്‌നം രൂക്ഷമാക്കി. ഇതോടെ,രാജ്യതലസ്ഥാനത്തെ ചുറ്റി പുകമഞ്ഞ് മൂടി. വായു നിലവാര സൂചിക (എയർ ക്വാളിറ്റി ഇൻഡക്‌സ്) പലയിടത്തും 400 കടന്നു. വായു മലിനീകരണം നേരിടാൻ കൂടുതൽ നടപടികളിലേക്ക് കടന്നിരിക്കുകയാണ് കമ്മിഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്മെന്റ്. പൊടിപടലങ്ങൾ നിയന്ത്രിക്കുക,പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് നിലവിൽ നടപ്പാക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |