തിരുവനന്തപുരം: സ്ഥാനക്കയറ്റത്തിന് 45 വയസ് കഴിഞ്ഞ ജീവനക്കാർ ടെസ്റ്റ് പാസാകണമെന്ന വ്യവസ്ഥ കെ.എസ്.ഇ.ബി റദ്ദാക്കി. ജീവനക്കാരുടെ സംഘടനകളുടെ സമ്മർദ്ദത്തിന് വഴങ്ങിയാണിത്. സർക്കാർ സർവീസിൽ വകുപ്പുതല പ്രൊമോഷന് 50 വയസ് പിന്നിട്ടവർക്ക് ടെസ്റ്റ് പാസാകേണ്ടതില്ല. അത് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.ഇ.ബിയിലും റദ്ദാക്കിയത്. ഡി.എ കുടിശികയടക്കം ആവശ്യപ്പെട്ട് വിവിധ സംഘടനകൾ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഒത്തുതീർപ്പെന്ന നിലയിൽ പ്രൊമോഷൻ ടെസ്റ്റിലെ വിട്ടുവീഴ്ച.
കോടതി ഉത്തരവും ഉന്നത തസ്തികകളിലേക്ക് നിശ്ചിത യോഗ്യതയും അനുഭവപരിചയവും അനിവാര്യമാണെന്ന പി.എസ്.സി നിർദ്ദേശവും കേന്ദ്ര വൈദ്യുതി നിയമത്തിലെ വ്യവസ്ഥകളും കണക്കിലെടുത്താണ് ഉയർന്ന തസ്തികകളിലേക്കുള്ള നിയമനത്തിനും പ്രൊമോഷനും ടെസ്റ്റ് പാസാകണമെന്ന വ്യവസ്ഥ നിർബന്ധമാക്കിയത്.
ഇത് റദ്ദാക്കിയതോടെ അസിസ്റ്റന്റ് എൻജിനിയർ മുതൽ മുകളിലേക്കുള്ള തസ്തികകളിൽ ഐ.ടി.ഐ പാസായവർക്കും പത്താംക്ളാസുകാർക്കും സ്ഥാനക്കയറ്റം ലഭിക്കും. ബി.ടെക് ആണ് എ.ഇ ആകാനുള്ള യോഗ്യത. അല്ലെങ്കിൽ കർശനമായ ടെസ്റ്റ് പാസാകണം. അനുഭവപരിചയവും വേണം. വ്യവസ്ഥ റദ്ദാക്കിയത് കെ.എസ്.ഇ.ബിയുടെ സേവനങ്ങളേയും ഗുണനിലവാരത്തേയും പ്രതികൂലമായി ബാധിക്കുമെന്ന് ആക്ഷേപമുണ്ട്. കേന്ദ്ര സഹായത്തിനും പ്രതിസന്ധിയുണ്ടാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |