തിരുവനന്തപുരം : സർക്കാർ മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ഒ.പി ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. കേരള ഗവ. മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ (കെ.ജി.എം.സി.ടി.എ) നേതൃത്വത്തിൽ നടന്ന സമരത്തിൽ ഡോക്ടർമാർ ഒന്നടങ്കം പങ്കെടുത്തു. ഒ.പികളിൽ പി.ജി ഡോക്ടർമാരും രോഗികളെ പരിശോധിച്ചതിനാൽ ജനത്തെ സമരം സാരമായി ബാധിച്ചില്ല.
സൂപ്പർ സ്‌പെഷ്യാലിറ്റി ഉൾപ്പെടെയുള്ള മുഴുവൻ ഒ.പികളും ബഹിഷ്‌കരിച്ച ഡോക്ടർമാർ വിദ്യാർത്ഥികളുടെ ക്ലാസുകളിലും എത്തിയില്ല. അതേ സമയം, അത്യാഹിത വിഭാഗങ്ങൾ, ഐ.സി.യു, ഓപ്പറേഷൻ തിയേറ്റർ എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ചില്ല.
സ്ഥലം മാറ്റത്തിലെയും ശമ്പള പരിഷ്കരണത്തിലെയും അപാകതകൾക്കെതിരെ മൂന്നുമാസത്തിലേറെയായി സമരം നടത്തിയിട്ടും സർക്കാർ നിഷേധാത്മക നിലപാട് തുടരുന്നു. പാവപ്പെട്ട രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരത്തിലേക്ക് തങ്ങളെ തള്ളി വിട്ടതിന്റെ ഉത്തരവാദിത്വം സർക്കാരിനാണെന്ന് സംസ്ഥാന പ്രസിഡന്റ് ഡോ. റോസ്‌നാരാ ബീഗം.ടിയും ജനറൽ സെക്രട്ടറി ഡോ. അരവിന്ദ്.സി.എസും പറഞ്ഞു. ഭാവി പ്രതിഷേധ പരിപാടികൾ ഈമാസം 25ന് കോഴക്കോട് മെഡിക്കൽ കോളേജിൽ ചേരുന്ന വാർഷിക സമ്മേളനത്തോടനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനത്തിൽ തീരുമാനിക്കും.
ഒരാഴ്ചയായി തിയറി ക്ലാസുകൾ ബഹിഷ്കരണത്തിലാണ് ഡോക്ടർമാർ. പുതിയ മെഡിക്കൽ കോളേജുകളിലേക്ക് താത്കാലിക സ്ഥലം മാറ്റം നടത്തി നാഷണൽ മെഡിക്കൽ കൗൺസിലിനെ കബളിപ്പിക്കാതെ പുതിയ തസ്തികകൾ സൃഷ്ടിച്ച് പി.എസ്.സി നിയമനവും പ്രൊമോഷനും നടത്തുക,പ്രവേശന തസ്തികയിലെ ശമ്പള പരിഷ്‌കരണ അപാകതകൾ പരിഹരിക്കുക, 2016 മുതലുള്ള ശമ്പള പരിഷ്‌കരണ കുടിശിക നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള സമരം ഒത്തുതീർപ്പായില്ലെങ്കിൽ ഒ.പി ബഹിഷ്കരണം തുടരും. ഈമാസം 28, അടുത്ത മാസം 5,13,21, 29 തീയതികളിലാണ് ഒ.പി ബഹിഷ്‌കരണം പ്രഖ്യാപിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |