പാരീസ്: ഫ്രാൻസിലെ വിശ്വപ്രസിദ്ധമായ ലുവാർ മ്യൂസിയത്തിൽ നിന്ന് കോടികൾ വിലമതിക്കുന്ന അപൂർവ ആഭരണങ്ങൾ കവർന്ന നാല് മോഷ്ടാക്കളെ പിടികൂടാനാകാതെ പാരീസ് പൊലീസ്. രാജ്യത്തെ മ്യൂസിയങ്ങളിലെ സുരക്ഷാ വീഴ്ചകൾ ചൂണ്ടിക്കാട്ടി വ്യാപക പ്രതിഷേധവും ഉയരുന്നു. രാജ്യത്തിന്റെ പൈതൃകം സംരക്ഷിക്കാൻ കഴിയാത്തത് അങ്ങേയറ്റം അപമാനകരമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
ഇതിനിടെ,മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിലെ ചില്ല് കൂട് തകർത്ത് ആഭരണങ്ങൾ കവരുന്ന മോഷ്ടാവിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മുഖംമൂടി ധരിച്ച് നിർമ്മാണ തൊഴിലാളിയുടെ വേഷത്തിലാണ് മോഷ്ടാക്കൾ എത്തിയത്. 19-ാം നൂറ്റാണ്ടിൽ ഫ്രാൻസ് ഭരിച്ച നെപ്പോളിയൻ ബോണപാർട്ടിന്റെയും ഭാര്യ ജോസഫൈനിന്റെയും ആഭരണങ്ങൾ ഉൾക്കൊള്ളുന്നത് അടക്കം രണ്ട് ഡിസ്‌പ്ലേ കേസുകളിലെ ആഭരണങ്ങളാണ് കവർന്നത്.
നെപ്പോളിയന്റെയും ജോസഫൈനിന്റെയും ആഭരണങ്ങൾ നഷ്ടമായില്ലെന്ന് സാംസ്കാരിക മന്ത്രാലയം ഇന്നലെ സ്ഥിരീകരിച്ചു. എന്നാൽ നെപ്പോളിയന്റെ രണ്ടാം ഭാര്യയുടെ ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടു. 9 ആഭരണങ്ങളാണ് ആകെ മോഷ്ടിക്കപ്പെട്ടത്. ഇതിൽ യൂജിനി രാജ്ഞിയുടെ (നെപ്പോളിയൻ മൂന്നാമന്റെ ഭാര്യ) കിരീടം മ്യൂസിയത്തിന്റെ അടുത്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു. മ്യൂസിയം ഇന്നലെയും പൊതുജനങ്ങൾക്കായി തുറന്നില്ല.
# മോഷ്ടിക്കപ്പെട്ടവ
മരതക നെക്‌ലസ്, കമ്മൽ സെറ്റ് - രണ്ടാം ഭാര്യയായ മേരി ലൂയി ചക്രവർത്തിനിക്ക് നെപ്പോളിയൻ സമ്മാനിച്ചത്
ഇന്ദ്രനീല ടിയാര, നെക്‌ലസ്, കമ്മൽ - മരിയ അമേലിയ (ലൂയീ ഫിലിപ്പ് ഒന്നാമന്റെ ഭാര്യ), ഹോർട്ടെൻസ് രാജ്ഞി ( നെപ്പോളിയന്റെ സഹോദര ഭാര്യ) എന്നിവർ ഉപയോഗിച്ചത്
ഹെഡ് ബാൻഡ്, ബ്രൂച്ച്, അലങ്കാര ബോ - യൂജിനി രാജ്ഞിയുടേത്
# റീജന്റ് വജ്രം സുരക്ഷിതം
അപ്പോളോ ഗാലറിയിലെ പ്രശസ്തമായ 'റീജന്റ് വജ്രം" സുരക്ഷിതമാണ്. 6 കോടി ഡോളർ വിലമതിക്കുന്ന റീജന്റ് വജ്രം, ഇന്ത്യയിൽ നിന്ന് ലഭിച്ചതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |