സിഗരറ്റ്, മദ്യം, മയക്കുമരുന്ന് തുടങ്ങിയ ലഹരി വസ്‌തുക്കളോട് അമിത താൽപ്പര്യമുള്ളവരെ പലരും ഉപദേശിക്കാറുണ്ട്. മദ്യം മരണത്തിലേക്ക് നയിക്കുമെന്നും അതിനാൽ ഇവ നിരോധിക്കണമെന്നുമുള്ള ആവശ്യങ്ങൾ അടിക്കടി ഉയരുന്നുണ്ട്. എന്നാൽ, ഈ ഉപദേശിക്കുന്നവർ പോലും അടിമപ്പെട്ടിരിക്കുന്ന ഒരു വസ്‌തുവുണ്ട്. അതാണ് ഭക്ഷണം. ചിപ്‌സ്, ബിസ്‌കറ്റ്, ബർഗർ തുടങ്ങിയ പലഹാരങ്ങൾ സ്ഥിരമായി കഴിക്കുന്നവർ ഇന്ന് ധാരാളമാണ്. ഇവ ഭക്ഷണമാണെങ്കിലും സ്ഥിരമാക്കിയാലോ അളവിൽ കൂടുതലായി കഴിച്ചാലോ പല തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നു.
ഒരു മനോരോഗ വിദഗ്ദ്ധൻ നടത്തിയ ഗവേഷണത്തിലാണ് ലഘുഭക്ഷണത്തോടുള്ള ആസക്തി ഉണ്ടാക്കുന്ന ഗുരുതര പ്രശ്‌നങ്ങളെക്കുറിച്ച് കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി ഈ മേഖലയിൽ അദ്ദേഹം ഗവേഷണം നടത്തുകയാണ്. ഭക്ഷണത്തോടുള്ള ആസക്തി, പൊണ്ണത്തടി, അമിതഭക്ഷണം എന്നിവയെക്കുറിച്ചായിരുന്നു പഠനം. ഭക്ഷണത്തോടുള്ള തീവ്രമായ ആഗ്രഹവും അഭിനിവേശത്തെയും കുറിച്ച് അതിൽ പറയുന്നുണ്ട്.
നിക്കോട്ടിൻ അടങ്ങിയ സിഗരറ്റ് പോലുള്ള വസ്‌തുക്കൾ ഉപയോഗിക്കുന്നവർക്ക് ഉണ്ടാകുന്ന അതേ ശാരീരിക ബുദ്ധിമുട്ടുകൾ, പഞ്ചസാര അമിത അളവിൽ അടങ്ങിയിട്ടുള്ളതും എണ്ണയിൽ വറുത്തതുമായ ഭക്ഷണങ്ങൾ കഴിക്കുന്നവരിലും ഉണ്ടാകുമെന്ന് പഠനത്തിൽ കണ്ടെത്തി. ഇത്തരത്തിൽ അമിത ഭക്ഷണം കഴിക്കുന്നത് തലച്ചോറിനെയും പെരുമാറ്റത്തെയും വരെ ബാധിക്കുമെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പഠനം പുറത്തുവന്നതോടെ പലരിലും ധാരാളം സംശയങ്ങൾ ഉയർന്നിട്ടുണ്ട്. എന്തെല്ലാം ഭക്ഷണമാണ് ഒഴിവാക്കേണ്ടത്, ലഹരിവസ്‌തുക്കളുമായി ഇവയെ എങ്ങനെ താരതമ്യപ്പെടുത്താം എന്നതെല്ലാം വിശദമായി പരിശോധിക്കാം.
എന്താണ് അടിമയാക്കുന്നത്?
എല്ലാ ഭക്ഷണ വസ്‌തുക്കൾക്കും ഇത്തരത്തിലുള്ള പ്രശ്‌നമില്ല. എന്നാൽ, അമിതമായി പ്രൊസസ് ചെയ്‌ത ഭക്ഷണങ്ങൾ പ്രത്യേകിച്ച് ജങ്ക് ഫുഡുകളാണ് പ്രശ്‌നമാകുന്നത്. പ്രകൃതിദത്തമല്ലാതെ ഭക്ഷണത്തിന് നിറവും രുചിയും കൂടാനായി ചേർക്കുന്ന ചില കെമിക്കലുകളാണ് ആളുകളെ ഭക്ഷണത്തിനടിമയാക്കുന്നത്. പിന്നീട് സ്ഥിരമായി ഇത്തരം ഭക്ഷണം കഴിക്കുന്നവർക്ക് ഇതില്ലാതെ ജീവിക്കാൻ പോലും പറ്റാതാവുകയും ചെയ്യുന്നു.
ഇങ്ങനെ സ്ഥിരമായി കെമിക്കലുകൾ നിറഞ്ഞ ഭക്ഷണം ശരീരത്തിലെത്തുന്നതോടെ തലച്ചോറിനെ അത് ബാധിക്കുന്നു. ശരീരത്തിലും മനസിലും ഇതിന് വേണ്ടിയുള്ള ആഗ്രഹം ഉണ്ടാകുന്നു. ക്രമേണ, ഈ ഭക്ഷണത്തിന്റെ അളവ് കൂട്ടി കഴിക്കേണ്ടിവരും. പിന്നീട് ഒരു ദിവസമെങ്കിലും ഈ ഭക്ഷണം കഴിക്കാൻ കഴിയാതെ വന്നാൽ ദേഷ്യം, ഓക്കാനം, വിഷമം പോലുള്ള ലക്ഷണങ്ങൾ മുതൽ അപസ്‌മാരം പോലുള്ള ഗുരുതര പ്രശ്‌നത്തിലേക്ക് വരെ കടന്നേക്കാം. ഇതോടെ പ്രിയ ഭക്ഷണം ശരീരത്തിന് ആപത്താണെന്ന് മനസിലാകുമെങ്കിലും ഇവ കഴിക്കാതിരിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് ശരീരം നിങ്ങളെ എത്തിച്ചിരിക്കും.
എങ്ങനെ ഉപേക്ഷിക്കാം?
കഴിഞ്ഞ 25 വർഷമായി നടത്തിയ പല പഠനങ്ങളിലും പഞ്ചസാരയും മറ്റ് പലഹാരങ്ങളും ലഹരിവസ്‌തുക്കളെ പോലെ ശരീരത്തെ ദേഷകരമായി ബാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. ഇവ ഒറ്റയടിക്ക് ഉപേക്ഷിക്കാൻ സാധിക്കില്ല. ചില പഠനങ്ങളിൽ പറയുന്നത് ഇത്തരം ഭക്ഷണങ്ങളുടെ അളവ് ക്രമേണ കുറച്ചുകൊണ്ടുവരാനാണ്. ഭക്ഷണം കുറയ്‌ക്കുന്നതിന് പകരം നിങ്ങൾക്ക് ദോഷകരമായ ചേരുവകൾ അടങ്ങിയ ഭക്ഷണമാണ് ഒഴിവാക്കേണ്ടത്. പകരം പഴങ്ങൾ, പച്ചക്കറികൾ, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവ ഉൾപ്പെടുത്തുക. ധാരാളം വെള്ളം കുടിക്കുന്നതും അമിതമായ വിശപ്പ് ഒഴിവാക്കാൻ സഹായിക്കും.
ചികിത്സ
അമിതമായി ഭക്ഷണത്തിന് അടിമയായിപ്പോയവരെ ചികിത്സിക്കേണ്ടതും അനിവാര്യമാണ്. ഇവർക്ക് മനോരോഗ വിദഗ്ദ്ധനിൽ നിന്നും ചികിത്സ തേടേണ്ടതാണ്. ശേഷം അവരുടെ നിർദേശാനുസരണം ഒരു പോഷകാഹാര വിദഗ്ദ്ധനെ സമീപിക്കുക. അവർ നിർദേശിക്കുന്ന രീതിയിൽ കലോറി നിയന്ത്രിച്ച് ഭക്ഷണം കഴിക്കുക. ഈ രീതികളെല്ലാം പിന്തുടർന്നാൽ പൂർണമായും ആരോഗ്യപ്രദമായ ജീവിതരീതിയിലേക്ക് തിരിച്ചെത്താവുന്നതാണ്. എന്നാൽ, ഇതിനെല്ലാം വേണ്ടത് മനഃശക്തിയാണ്. സ്വയം വിചാരിച്ചാൽ മാത്രമേ ഈ പ്രശ്‌നത്തിൽ നിന്ന് കരകയറാനാകൂ എന്ന് ഡോക്‌ടർമാർ ഉൾപ്പെടെ അഭിപ്രായപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |