തിരുവനന്തപുരം: നിയമസഭയിലേക്ക് മുൻപ് മത്സരിച്ച വിജയ സാദ്ധ്യതയില്ലാത്ത സീറ്റുകൾക്കുപകരം പാർട്ടിക്ക് സ്വാധീനമുള്ള സീറ്റുകൾ യു.ഡി.എഫിനോട് ആവശ്യപ്പെടാൻ ആർ.എസ്.പിയിൽ ആലോചന.
ഏറെക്കാലം ആർ.എസ്.പി കുത്തകയാക്കിവച്ചിരുന്ന കൊല്ലത്ത് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസാണ് മത്സരിച്ചത്. ചവറ, കുന്നത്തൂർ, ഇരവിപുരം, ആറ്റിങ്ങൽ, മട്ടന്നൂർ മണ്ഡലങ്ങളിലും ആർ.എസ്.പി മത്സരിച്ചെങ്കിലും ഒരിടത്തും ജയിക്കാനായില്ല. മട്ടന്നൂർ തങ്ങൾക്ക് രാഷ്ട്രീയ സ്വാധീനമില്ലാത്ത മണ്ഡലമാണെന്ന് യു.ഡി.എഫ് നേതൃത്വത്തെ പാർട്ടി ബോദ്ധ്യപ്പെടുത്തിയതാണ്. ആറ്റിങ്ങലിലും അത്ര സുഗമമല്ല കാര്യങ്ങൾ. യു.ഡി.എഫിന് അനുകൂലമായ രാഷ്ട്രീയ അന്തരീക്ഷമായതിനാൽ കൊല്ലം തിരിച്ചുകിട്ടിയാൽ ജയിക്കാമെന്നാണ് ആർ.എസ്.പിയുടെ കണക്കുകൂട്ടൽ.
1970 മുതൽ 87 വരെയുള്ള തിരഞ്ഞെടുപ്പുകളിൽ ആർ.എസ്.പിയാണ് കൊല്ലത്ത് തുടർച്ചയായി ജയിച്ചത്. 1991-ൽ ആർ.എസ്.പി വിട്ട് കോൺഗ്രസിലേക്ക് ചേക്കേറിയ കടവൂർ ശിവദാസൻ വിജയിച്ചു. 96 ലും 2001 ലും പാർട്ടിക്ക് വിജയം ആവർത്തിക്കാനായി. പാർട്ടിയിലെ ഭിന്നതകൾക്കിടെ, 2006-ൽ പാർട്ടിയുടെ ഒരു ഭാഗം ഇടതുപക്ഷത്തായിരുന്നപ്പോൾ സി.പി.എമ്മിലെ പി.കെ.ഗുരുദാസനാണ് വിജയിച്ചത്. ആർ.എസ്.പി (എം) രൂപീകരിച്ച ബാബു ദിവാകരനായിരുന്നു എതിരാളി. 2011-ൽ ആർ.എസ്.പി (ബി) യു.ഡി.എഫിനൊപ്പം ചേർന്നു. പക്ഷെ കൊല്ലം സീറ്റിൽ തുടർന്ന് മത്സരിച്ചത് കോൺഗ്രസായിരുന്നു. അവസാന രണ്ട് തിരഞ്ഞെടുപ്പിലും പാർട്ടിയുടെ കോട്ടയായ ചവറയിലും ജയിക്കാനായില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |